ചെന്നൈ: ദീര്‍ഘനാളത്തെ പ്രണയത്തിന് സാഫല്യമേകി യുവകോളിവുഡ് താരങ്ങള്‍ പ്രസന്നയും സ്നേഹയും വിവാഹിതരായി. ചെന്നൈ നഗരാതിര്‍ത്തിയിലെ വാനഗരം ശ്രീവാരു വെങ്കിടാചലപതി കല്യാണമണ്ഡപത്തില്‍ 11ന് രാവിലെ ഒന്‍പതിനും 10.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. ഇരുകുടുംബങ്ങളുടേയും താത്പര്യം മുന്‍നിര്‍ത്തി തെലുങ്ക് നായിഡു, തമിഴ് ബ്രാഹ്മണ പാരമ്പര്യാചാരപ്രകാരമായിരുന്നു വിവാഹകര്‍മങ്ങള്‍. തമിഴ്, തെലുങ്ക്, മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുളള പ്രമുഖര്‍ താരജോഡികള്‍ക്ക് വിവാഹാശംസ നേരാനെത്തി.
അരുണ്‍ വൈദ്യനാഥന്റെ 'അച്ചമുണ്ട് അച്ചമുണ്ടിലൂടെ ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ചതില്‍ പിന്നെയാണ് സ്നേഹ പ്രസന്ന പ്രണയം തമിഴ്തിരൈലോകത്ത് സജീവ ചര്‍ച്ചാവിഷയമായത്. ഗോസിപ്പെന്ന പതിവ് നിഷേധത്തിലൂടെ ഇതിനെ പ്രതിരോധിച്ചുവന്ന ഇരുവരും നാലുമാസം മുന്‍പാണ് വിവാഹിതരാകാന്‍ പോകുന്നുവെന്നു തുറന്നു സമ്മതിച്ചത്.
ആന്ധ്രാ സ്വദേശിയായ സുഹാസിനി രാജാറാം നായിഡു എന്ന സ്നേഹ മലയാളചിത്രമായ 'ഇങ്ങനെ ഒരു നിലാപ്പക്ഷി'യിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പ്രശാന്തിന്റെ നായികയായി തമിഴില്‍ 'വിരുമ്പുകിറേനി'ല്‍ തിളങ്ങിയതോടെ കോളിവുഡ്ഡില്‍ പ്രശസ്തയായി. ആനന്ദം, പാര്‍ത്താലെ പരവശം, പുന്നകൈ ദേശം, വസീഗര, പാര്തിപന് കനവ്, ഓട്ടോഗ്രാഫ്, ആയുധം, നാന് അവനല്ലൈ, പളളിക്കൂടം, അങ്ങാടി തെരു തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ കഴിവുതെളിയിച്ച സ്നേഹയെത്തേടി മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളുമെത്തി. സംവിധായകന് മണിരത്നം നിര്‍മിച്ച 'ഫൈവ്സ്റ്റാര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രസന്നയുടെ ചലച്ചിത്ര അരങ്ങേറ്റം. 'കാതല്‍ ഡോട്ട് കോം', 'അഴകിയ തിയേ', 'കസ്തൂരിമാന്‍', 'സാധു മിറണ്ടാല്‍', മുരന് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷകസ്വീകാര്യത നേടാന്‍ ഈ യുവതാരത്തിനായി.