കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് അധികാരമേറ്റു. അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിനു മുന്നില്‍ സത്യ പ്രതിജ്ഞ ചെയ്തതാണ് അദ്ദേഹം അധികാരമേറ്റത്.
1953 ല്‍ കുവൈത്തില്‍ ജനിച്ച ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് കുവൈത്ത് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്നു നയതന്ത്ര അറ്റാച്ചിയായി വിദേശകാര്യ മന്ത്രാലയത്തില്‍ ചേര്‍ന്ന അദ്ദേഹം പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറബ് അഫയേഴ്സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലേക്ക് കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു . കുവൈത്തിന്റെ സൗദി അറേബ്യയിലെ അംബാസഡറായും ഓര്ഗനൈസേഷന് ഓഫ് ഇസ് ലാമിക് കോണ്‍ഫറന്‍സിന്റെ (ഒഐസി) പ്രതിനിധിയായും സബാഹ് അല്‍ ഖാലിദ് സേവനമനുഷ്ഠിച്ചു.
സാമൂഹ്യകാര്യ, തൊഴില്‍ മന്ത്രിയായും വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. . നിലവിലെ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു .
ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ അമീര്‍ ഇടപെട്ട് നീക്കിയ പശ്ചാത്തലത്തിലാണ് ഭാരിച്ച ഉത്തരവാദിത്തം സബാഹ് ഖാലിദ് അസബാഹിനു മേല്‍ വന്നുചേരുന്നത്. സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹ് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ സബാഹ് അല്‍ ഖാലിദ് അസബാഹിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മന്ത്രിസഭ അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന. നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇടംപിടിക്കുമെന്നും അതോടൊപ്പം പുതിയ മുഖങ്ങള്‍ ഉണ്ടാവുമെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍