Image

മനുഷ്യക്കടത്ത്: മാറേണ്ടത് മനുഷ്യ മനസ്സ് – കര്‍ദിനാള്‍ ടര്‍ക്ക്സണ്‍

Published on 11 May, 2012
മനുഷ്യക്കടത്ത്: മാറേണ്ടത് മനുഷ്യ മനസ്സ് – കര്‍ദിനാള്‍ ടര്‍ക്ക്സണ്‍
വത്തിക്കാന്‍ : മനുഷ്യക്കടത്തു തടയാന്‍ മനുഷ്യഹൃദയത്തില്‍ പരിവര്‍ത്തനം സംഭവിക്കണമെന്ന് നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍. മനുഷ്യക്കടത്തിനെക്കുറിച്ച് 8ാം തിയതി ചൊവ്വാഴ്ച റോമില്‍ നടന്ന അന്താരാഷ്ട്ര പഠനശിബിരത്തിലാണ് കര്‍ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത്. വില്‍പ്പനച്ചരക്കുകളെ പോല കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീ പുരുഷന്‍മാരും കുട്ടികളും അടിമകള്‍ക്കു തുല്യമായ ജീവിതമാണ് നയിക്കുന്നത്. അവരുടെ മനുഷ്യാന്തസ്സ് മുറിപ്പെട്ടിരിക്കുന്നു. എന്നാല്‍ മനസാക്ഷിയില്ലാത്ത കുറ്റവാളികള്‍ മനുഷ്യക്കടത്തിലൂടെ പണം കൊയ്യുന്നു. മാനവ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മനുഷ്യക്കടത്ത് എന്ന വിപത്തിനെ നേരിടാന്‍ അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും നിയമനടപടികള്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല, മറിച്ച് മനുഷ്യാവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിന് മാനവ ഹൃദയങ്ങളില്‍ പരിവര്‍ത്തനം സംഭവിക്കണമെന്നും കര്‍ദിനാള്‍ ടര്‍ക്സണ്‍ വ്യക്തമാക്കി.

നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതി, ഇംഗ്ലണ്ടിലേയും വെയില്‍സിലേയും കത്തോലിക്കാമെത്രാന്‍മാരുടെ സംഘത്തിന്‍റെ കുടിയേറ്റകാര്യാലയത്തിന്‍റെ സഹകരണത്തോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള ഏകദിന പഠനശിബിരം റോമില്‍ സംഘടിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക