പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തില്‍നിന്ന് സുപ്രധാനമായ രേഖകള്‍ കണ്ടെത്തി. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് പുറത്തുവിട്ടു. രേഖാചിത്രങ്ങള്‍, മാപ്പുകള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ മാവോയിസ്റ്റുകള്‍ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും വിശദീകരിക്കുന്നതായി പോലീസ് പറഞ്ഞു.
ഏതൊക്കെ പ്രദേശങ്ങളില്‍ അംഗങ്ങളെ വിന്യസിക്കണം, എങ്ങിനെ ഒളിഞ്ഞിരിക്കണം, ആവശ്യമെങ്കില്‍ തുരങ്കങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍, തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ വളഞ്ഞ് അക്രമിക്കേണ്ട വിധം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളാണ് കണ്ടെടുത്തത്. നാലു മാവോയിസ്റ്റുകള്‍ വെടിയേറ്റുമരിച്ച സ്ഥലത്തെ താത്ക്കാലിക ക്യാമ്ബില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഹിന്ദിയിലാണ് ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നത്.
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും തെളിവുകളും പുറത്തു വിട്ടത്.