താമ്പാ (ഫ്ളോറിഡ): താമ്പയോടു ചേര്‍ന്നു കിടക്കുന്ന ഉത്തര പശ്ചിമ തീരത്ത്
താമസിക്കുന്ന മലയാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള മലയാളി അസ്സോസിയേഷന് ഓഫ് ഗള്‍ഫ്
കോസ്റ്റ് ഓഫ് ഫ്ളോറിഡ (MAGC) എന്ന സംഘടനയുടെ 2012-14 വര്‍ഷങ്ങളിലെ
പ്രവര്‍ത്തനോദ്ഘാടനം താമ്പായിലെ ക്നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ച്
നടത്തപ്പെട്ടു.
ഏപ്രില്‍ 8 വൈകുന്നേരം നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ,
ഗതകാല സ്മരണകളെ ഓര്‍മ്മിപ്പിക്കുമാറ് വൈവിധ്യമാര്‍ന്ന സംഗീത-നൃത്ത-ഹാസ്യ
പ്രകടനങ്ങളോടെ, ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. തെന്നിന്ത്യന്‍ സിനിമാ നടന്
സുധീഷ്, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ലൂക്കോസ്, ഫോമ റീജിയണല്‍
വൈസ് പ്രസിഡന്റ് ജയിംസ് ഇല്ലിക്കല്‍, അസ്സോസിയേഷന് സ്ഥാപക പ്രസിഡന്റ് ഡോ.
രവീന്ദ്രനാഥന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ജാതിമതഭേദമന്യേ എല്ലാ
മലയാളികളേയും ഒന്നിച്ചണിനിരത്തി, കേരളത്തിന്റെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകം
ഇളംതലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടേയും
കര്‍ത്തവ്യമാണെന്ന് പ്രസിഡന്റ് ജോസ് മാധവപ്പള്ളില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍
ഉദ്ബോധിപ്പിച്ചു. അന്യം നിന്നു പോകുന്ന നമ്മുടെ പൈതൃക കലകളെ അമേരിക്കയില്‍
പ്രചരിപ്പിക്കുവാന്‍ അസ്സോസിയേഷന് കമ്മിറ്റി അംഗങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
അസ്സോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച
വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. നാടന്‍
പാട്ടുകളുടെ ആചാര്യനായ സി.ജെ. കുട്ടപ്പന്റെ നേതൃത്തില്‍ നടത്തിയ `വിഷുക്കൈനീട്ടം'
എന്ന മെഗാഷോ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം
കമ്മിറ്റിക്കാര് തയ്യാര്‍ ചെയ്തിരുന്നു.
പ്രസിഡന്റ് ജോസ് മാധവപ്പള്ളി,
ജയ്മോള്‍ തോമസ്, നെവിന് ജോസ്, ഉല്ലാസ് ഉലഹന്നാന്, ബാബു ദേവസ്യ, ആനി ടെക്ക്,
മാത്യു എബ്രഹാം തുടങ്ങി എല്ലാ കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി
പ്രവര്‍ത്തിച്ചു. ജോബി കളപ്പുരയ്ക്കലായിരുന്നു എം.സി.