ചില ഭക്ഷണസാധനങ്ങള്‍ അലര്‍ജി സാധ്യത കൂട്ടുന്നവയാണ്. ഗോതമ്പ്, നിലക്കടല, സോയാബീന്‍, പാലും പാലുത്പന്നങ്ങളും, കോഴിമുട്ടയുടെ വെള്ളഭാഗം, അണ്ടിപ്പരിപ്പ്, ബദാം, ആപ്രിക്കോട്ട്, ചോക്ലേറ്റുകള്‍, ചില പഴവര്‍ഗങ്ങള്‍: ഓറഞ്ച്, മുന്തിരി, ചെറുപഴം...,കേക്കുകള്‍, ചെമ്മീന്‍, കൂന്തല്‍, കടുക്ക, ഞണ്ട്, കക്കയിറച്ചി എന്നിവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, ഇതിനര്‍ഥം എല്ലാവരിലും ഈ ഭക്ഷണസാധനങ്ങള്‍ അലര്ജിയുണ്ടാക്കുമെന്നല്ല. ഒരു കുട്ടിക്ക് അണ്ടിപ്പരിപ്പ് കഴിച്ചാലാകും അലര്‍ജി വരുന്നത്. എന്നാല്‍, വേറൊരു കുട്ടിക്ക് ചെമ്മീന്‍ ആയിരിക്കും പ്രശ്നക്കാരന്‍. ഈ രണ്ടു കുട്ടികളിലും പാല് ഒരു പ്രശ്നവും ഉണ്ടാകണമെന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കുട്ടിക്ക് ഏതു ഭക്ഷണസാധനമാണ് അലര്ജിയുണ്ടാക്കുന്നതെന്നു നമ്മള് സൂക്ഷ്മമായി നിരീക്ഷിച്ചു തന്നെ കണ്ടുപിടിക്കണം. അല്ലാതെ മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കൊടുക്കാതിരുന്നിട്ടു കാര്യമില്ല. തത്ഫലമായി പല പോഷകാഹാരങ്ങളും ആ കുട്ടിക്ക് നിഷേധിക്കപ്പെടലാകും ഫലം. അത് ആ കുട്ടിയുടെ വളര്‍ച്ചയെ തന്നെ ബാധിച്ചേക്കാം. കാരണം പാലും മുട്ടയുമൊക്കെ അത്രകണ്ട് പോഷകാംശങ്ങള്‍ നിറഞ്ഞതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
ഒരു പ്രത്യേക ഭക്ഷണപദാര്‍ഥം കൊടുക്കുമ്പോഴെല്ലാം നിങ്ങളുടെ കുട്ടിക്ക് അലര്ജിയുണ്ടാകുന്നുവെങ്കില് ആ ഭക്ഷണം മാത്രം പിന്നീട് ഒഴിവാക്കുക. അത്രമാത്രം. പൊതുവായി തണുപ്പുള്ള, അതായത് ഫ്രിഡ്ജില്‍ നിന്നെല്ലാം എടുത്ത ഉടനെത്തന്നെ ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കുക. ചെറുചൂടോടെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഐസ്ക്രീം പോലെയുള്ള തണുത്ത പദാര്‍ഥങ്ങള്‍ പരമാവധി ഒഴിവാക്കുക.