-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍: 46: ജയന്‍ വര്‍ഗീസ്)

Published

on

ഇന്‍റര്‍വ്യൂവിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ മദിരാശിയിലെത്തി. അവിടെ മെഡിക്കല്‍ സംബന്ധമായ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. താമസം പൊന്നമ്മ ചേച്ചിയുടെ വീട്ടില്‍ തന്നെ. ഞങ്ങളുടെ പുരയിടത്തിലെ തേങ്ങാ കൊപ്രയാക്കി ആട്ടിച്ചെടുത്ത ശുദ്ധമായ കുറച്ചു വെളിച്ചെണ്ണ പൊന്നമ്മ ചേച്ചിയുടെ വീട്ടിലേക്ക് കരുതിയിരുന്നു. എല്ലാക്കാര്യങ്ങളും ഭംഗിയായി നടന്നെങ്കിലും എനിക്ക് പറ്റിയ ഒരു മണ്ടത്തരം കൂടി ഇവിടെ പറഞ്ഞു കൊള്ളട്ടെ. മദിരാശി കോണ്‍സുലേറ്റില്‍ ഇഗ്‌ളീഷ് അറിയാത്തവര്‍ക്ക് മലയാളി പരിഭാഷകനെ അനുവദിക്കുന്ന പതിവുണ്ട്. മര്യാദക്ക് അത് ചോദിച്ചു വാങ്ങേണ്ട കാര്യമേയുള്ളു. നമുക്ക് കിട്ടുന്ന ഒരു ഫോറത്തില്‍ ആവശ്യപ്പെട്ടാല്‍ മതി. വര്‍ഷങ്ങളായി സോവിയറ്റ് ലാന്‍ഡ് വായിക്കുന്നത് കൊണ്ട് ചോദ്യങ്ങള്‍ക്ക് ഇഗ്‌ളീഷില്‍ മറുപടി പറയാന്‍ പറ്റും എന്നായിരുന്നു എന്റെ ഓവര്‍ കോണ്‍ഫിഡന്‍സ്. എന്തിനാണ് അമേരിക്കയില്‍ പോകുന്നത് എന്ന ചോദ്യം ഉണ്ടാവും എന്ന് നേരത്തെ അറിയാമായിരുന്നത് കൊണ്ട് അതിനുള്ള ഇഗ്‌ളീഷ് മറുപടിയൊക്കെ നേരത്തെ പഠിച്ചു വച്ചിട്ടുണ്ടായിരുന്നു. സായിപ്പിന് തൃപ്തികരമായ വിധത്തില്‍ അതൊക്കെ പറയുകയും ചെയ്തു.

എന്നാല്‍ നമ്മള്‍ പ്രതിജ്ഞ എടുക്കുന്ന ഒരു സമയം ഉണ്ട്. സായിപ്പ് പ്രതിജ്ഞ ചൊല്ലിത്തരികയാണ്. ഒരു വാക്ക് നമ്മള്‍ കേട്ടിട്ടുമില്ലാ, തിരിയുന്നുമില്ലാ. ഗോഹെഡ്, ഗോഹെഡ് എന്ന് പറഞ്ഞു സായിപ്പ് നിര്‍ബന്ധിക്കുകയാണ്. ' ശാ ഷൂ സാ ഷൂ ' എന്ന് മാത്രമേ നമ്മള്‍ കേള്‍ക്കുന്നുള്ളു, തിരിയുന്നുള്ളു. പിന്നെ ഒന്നും നോക്കിയില്ല നമ്മള്‍ കേട്ടപോലെ ' ശാ ഷൂ സാ ഷൂ ' എന്ന് തന്നെ തിരിച്ചും പറഞ്ഞു. സായിപ്പ് അതൊന്നും ശ്രദ്ധിക്കുന്നേയില്ല. ' തന്റെ രാജ്യത്തേക്ക് കുടിയേറാന്‍ പോകുന്ന ഈ ഇന്ത്യന്‍ കഴുത തങ്ങള്‍ക്കു വേണ്ടി വലിയ ചുമടുകള്‍ ചുമന്നു കൊള്ളും ' എന്ന ധാരണയിലാവാം, സന്തോഷത്തോടെ വിസ അടിച്ചു തന്നു.

അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറുന്നതിന്റെ വലിയ സന്തോഷത്തോടൊപ്പം ഇന്ത്യന്‍ മണ്ണില്‍ ആഴത്തില്‍ ആഴ്ന്നു പോയ വേരുകള്‍ പറിച്ചെടുക്കുന്നതിലും വലിയ വേദന അനുഭവപ്പെട്ടിരുന്നു. ഞങ്ങളുടെ ജീവിത സന്പാദ്യങ്ങള്‍ കുലച്ചും, വിളഞ്ഞും നില്‍ക്കുന്ന മണ്ണും, പണം മാത്രമല്ലാ, വിയര്‍പ്പും ഒഴുക്കി നിര്‍മ്മിച്ചെടുത്ത കൊച്ചു വീടും, സ്ഥാനം കാണലും, തച്ചു ശാസ്ത്രവും ഒക്കെ ഒഴിവാക്കി കുന്നും പുറത്തു തോന്നിയ സ്ഥലത്തു കുഴിച്ചു സമൃദ്ധമായി വെള്ളം കണ്ടെത്തിയ കിണറും, തോട്ടിറന്പിലെ കിണറില്‍ സ്ഥാപിച്ച ഇലക്ട്രിക് പന്പില്‍ നിന്ന് മുറ്റത്തു വന്നു വീഴുന്ന ജല സമൃദ്ധിയും, ആ വെള്ളം ഒഴുകിയൊഴുകി പുരയിടം മുഴുവന്‍ നനയുന്ന ജല സേചനവും, വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് വന്നു മുറ്റത്തു നട്ടു വളര്‍ത്തിയ വൈവിധ്യമാര്‍ന്ന കൊഴിവാലന്‍ പൂച്ചെടിത്തോട്ടവും. അതിന്റെ ഒരരികില്‍ തഴച്ചു വളര്‍ന്നു  നില്‍ക്കുന്ന സപ്പേട്ടത്തണലില്‍ ഞാന്‍ ഇരിക്കാറുള്ള കാട്ടു കല്ലിന്റെ ഇരിപ്പിടവും എല്ലാം ഒരു നീറുന്ന  നൊന്പരമായി മനസ്സില്‍ നിന്നു.

ഇതിലെല്ലാമുപരി തെളിനീരൊഴുകുന്ന തോട് ഞങ്ങളുടെ ഒരാത്മ സുഹൃത്തായിരുന്നു. ആ തോട്ടിലെ അലക്കും, മുങ്ങിക്കുളിയും, നീന്തലും കൂടാതെ വര്‍ഷത്തില്‍ പത്തു മാസത്തോളം കുത്തുവല ഉപയോഗിച്ച് ഞങ്ങള്‍ പിടിച്ചു ശുദ്ധ വെളിച്ചെണ്ണയില്‍ വറുത്തു തിന്നിരുന്ന മീനും വലിയ ആകര്‍ഷണങ്ങള്‍ ആയിരുന്നു. വരാലും, മുഴിയും, ആരോനും, കുറവയും, കണിയാന്‍ പരലും ഉള്‍ക്കൊണ്ട ആ നാടന്‍ മല്‍സ്യ വൈവിധ്യം ഇനിയൊരിക്കലും ആസ്വദിക്കാനാവില്ല എന്നും ഞങ്ങള്‍ക്കെറിയാമായിരുന്നു.

എന്നെപ്പോലെ തുല്യ നിലയില്‍ വേദനിച്ച മറ്റൊരാള്‍ എന്റെ മകന്‍ ആയിരുന്നു. അന്ന് പൈങ്ങോട്ടൂരിലെ കോണ്‍വെന്റ് സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയസ്സായിരുന്നു അവന്‍. അവന്റെ ക്ലാസ് ടീച്ചറായ ആഗ്‌നസ് എന്ന കന്യാസ്ത്രി ശരിക്കും അവന്റെ മറ്റൊരമ്മയായിരുന്നു. നാളെ പഠിപ്പിക്കാന്‍ പോകുന്ന പാഠങ്ങളുടെ ഉത്തരങ്ങള്‍ ഇന്നേ എഴുതിക്കൊണ്ടു പോകുന്ന ശീലക്കാരനായിരുന്നു അവന്‍. പഠനത്തിലുള്ള ഈ മികവ് മൂലമാകാം, കന്യാസ്ത്രീകളുടെ കണ്ണിലുണ്ണി ആയിരുന്നു അവന്‍. സ്റ്റാന്പ് ശേഖരണത്തില്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്ന അവന്‍ സ്റ്റാന്പുകളോടൊപ്പം തീപ്പെട്ടികളില്‍ ഒട്ടിച്ചു വരുന്ന പടങ്ങളുടെയും ഒരു വലിയ ശേഖരം നിധി പോലെ സൂക്ഷിച്ചിരുന്നു. നാടകത്തിന് ഒഴികെ ഞാന്‍ നടത്തുന്ന എല്ലാ യാത്രകളിലും ഞാന്‍ അവനെ കൂട്ടുകയും, എറണാകുളം, മൂവാറ്റുപുഴ, കോതമംഗലം മുതലായ പട്ടണങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് ഒരുമിച്ച് ഊണ് കഴിക്കുകയും ചെയ്യുക പതിവായിരുന്നു.

എന്റെ  വല്യാമ്മയും, അമ്മയും, ഭാര്യയും എനിക്ക് വേണ്ടിയും, കുട്ടികള്‍ക്ക് വേണ്ടിയും ഒക്കെ ആയിട്ട് കുറെ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടായിരുന്നു. നിവര്‍ത്തി കേടു കൊണ്ട് കഴിക്കാതെ കിടന്ന അതെല്ലാം പോകുന്നതിനു മുന്‍പ് കഴിക്കണം എന്ന ഒരു തോന്നല്‍ എനിക്കുണ്ടായി. കുന്നം കുളത്തിനടുത്തുള്ള അഞ്ഞൂര്‍ പള്ളിയില്‍ എന്റെ അത്ര നീളത്തിലുള്ള ഒരു പൊന്‍നൂല് നേര്‍ച്ചയായി കൊടുക്കാമെന്ന് എനിക്ക് വേണ്ടി വല്യാമ്മ നേര്‍ന്നിരുന്നു. വല്യാമ്മ മരിക്കുന്നതിന് മുന്‍പ് അത് നടത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞാന്‍ അവിടെ പോയി അതിനു വേണ്ടി വരാവുന്ന ഏകദേശ വിലക്കുള്ള രൂപാ അവിടെ കൊടുത്തു. ഓരോ ഞായറാഴ്ചകളിലും ആരാധനക്ക് ശേഷം ആളുകള്‍ക്ക് സമൃദ്ധമായി ആഹാരം വിളന്പുന്ന ഒരു പള്ളിയാണ് അത്. അവിടെ കാലം ചെയ്ത കാട്ടുമങ്ങാട്ട് മൂത്ത ബാവ * ഏര്‍പ്പെടുത്തിയതാണ് ഈ രീതി. കഞ്ഞിയും, പയറും, പപ്പടവും, അച്ചാറും അടങ്ങുന്ന ഈ ഭക്ഷണം എത്രയോ വര്‍ഷങ്ങളായി ജാതി മത ഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ക്ക് വേണ്ടി അവര്‍ വിളന്പിക്കൊണ്ടേയിരിക്കുന്നു. ലോകത്തുള്ള മുഴുവന്‍ ക്രിസ്തീയ ദേവാലയങ്ങളും ഈ രീതി പിന്തുടരണം എന്നാണ്  എന്റെ സുചിന്തിതമായ അഭിപ്രായം.

( * ഈ ബാവായുടെ അനുജനായ കാട്ടു മങ്ങാട്ട് ഇളയ ബാവയാണ് മുളന്തുരുത്തിക്ക് അടുത്തുള്ള  വെട്ടിക്കല്‍ ദയറായില്‍ കബറടങ്ങിയിരിക്കുന്ന കൂറീലോസ് ബാവ. എന്റെ അമ്മയുടെ അപ്പന്‍ തന്റെ ബാല്യകാലത്ത് നേരിട്ട് കണ്ടിട്ടുള്ള ഈ വിശുദ്ധന്റെ ശ്രാദ്ധമാണ് വെട്ടിക്കല്‍ ദയറായിലെ പ്രധാനപെരുന്നാള്‍. സുറിയാനി മാസം ഇടവം പതിനാറാം തീയതി നടക്കുന്ന ഈ പെരുന്നാളില്‍ സംബന്ധിക്കാന്‍ ജീവിത കാലമത്രയും ( ആദ്യ കാലങ്ങളില്‍ പൊതിച്ചോറുമായി നടന്ന്  ) പതിവായി അദ്ദേഹം എത്തിയിരുന്നു. തന്റെ കാലശേഷം ഈ രീതി തുടരണം എന്ന് അദ്ദേഹം എന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നു. തലേ ദിവസം എത്തി നാഴിയരിയില്‍ കുറയാതെ അവിടെ കൊടുക്കണം. അതും കൂടി ഇട്ടു തയ്യാറാക്കുന്ന ഭക്ഷണം കുര്‍ബാനക്ക് ശേഷം നേര്‍ച്ചയായി നമ്മള്‍ക്ക് കിട്ടും. മൂക്കാത്ത ചക്ക മുഴുവനുമായി അരിഞ്ഞിട്ട് വെട്ടിക്കല്‍ നിവാസികള്‍ തയ്യാറാക്കുന്ന ഒരു എരിശ്ശേരിയുണ്ട്. അതിന്റെ മണവും,  രുചിയും ഇതെഴുതുന്‌പോള്‍ എന്റെ മൂക്കിലും, നാക്കിലും അനുഭവപ്പെടുന്നുണ്ട്. ( വിശ്വാസം വ്യവസായമായ ഇക്കാലത്ത് അതൊക്കെ മാറി. ഇപ്പോള്‍ കേറ്ററിംഗ് കാരുടെ തട്ടുപൊളിപ്പന്‍ സദ്യയാണ് അവിടെ നടന്നു കൊണ്ടിരിക്കുന്നത്. )

നാട്ടില്‍ ഉണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ പതിവായി നിശ്ചിത ദിവസം അവിടെ പോവുകയും നേര്‍ച്ച ഉണ്ണുകയും ചെയ്തിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം അത് സാധിക്കുന്നില്ല. എങ്കിലും, ശ്രാദ്ധത്തിനു മുന്‍പ് ഒരുചാക്ക് അരി അവിടെ എത്തിക്കുന്ന ഒരു ശീലം തുടര്‍ന്ന് വരുന്നുണ്ട്. എന്റെ കാലശേഷം ഇത് തുടരാനായി എന്റെ മകള്‍ ആശ ഇപ്പഴേ ആ ചുമതല ഏറ്റെടുത്തു കഴിഞ്ഞു. ഒരിക്കല്‍ അമേരിക്കയില്‍ നിന്നെത്തിയ എനിക്ക് ഒരു പ്രത്യേക പരിഗണന എന്ന നിലയില്‍ മേശയില്‍ വിളന്പി എന്നെ ഊട്ടുവാന്‍ ഭാരവാഹികള്‍ ശ്രമിച്ചുവെങ്കിലും, സ്‌നേഹ പൂര്‍വം ആ ഓഫര്‍ നിരസിച്ചു കൊണ്ട് നിലത്തിരുന്ന് മറ്റുള്ളവരോടൊപ്പമാണ് ഞാന്‍ ഭക്ഷണം കഴിച്ചത്. അമേരിക്കയില്‍ നിന്ന് എത്തിയ ഒരു വിസിറ്റര്‍ എന്ന നിലയില്‍ എനിക്ക് ലഭിച്ചേക്കാനിടയുള്ള വി. ഐ. പി. പരിഗണന ഒഴിവാക്കാനായി മുണ്ടുടുത്ത ഒരു സാധാരണക്കാരനായി ഭാരവാഹികള്‍ക്ക് മുഖം കൊടുക്കാതെയാണ് ഇപ്പോഴും ഞാന്‍ അവിടം സന്ദര്‍ശിക്കുന്നത്. 

എന്റെ മകന്‍ രോഗിയായി വെട്ടുകാട്ടില്‍ ക്ലിനിക്കില്‍ കിടക്കുന്ന കാലത്ത് മേരിക്കുട്ടി നേര്‍ന്ന ഒരു നേര്‍ച്ചയുണ്ടായിരുന്നു. ഞങ്ങളുടെ ഇടവകപ്പള്ളിയിലെ പരുമല ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ കഴിച്ചു കൊള്ളാം എന്നായിരുന്നു ആ നേര്‍ച്ച. പോകുന്നതിന് മുന്‍പ് അത് കൂടി കഴിക്കണം എന്ന് തീര്‍ച്ചപ്പെടുത്തി. പള്ളിച്ചിലവുകള്‍ക്കു പുറമെ  സദ്യ കൂടി നടത്തേണ്ടതുണ്ട്. അതില്‍ ഇടവകക്കാരെയും, ബന്ധുക്കളെയും എല്ലാം ക്ഷണിക്കണം എന്ന പതിവുമുണ്ട്. കല്യാണ സദ്യയൊക്കെ പോലെ നോണ്‍ വെജ് ഭക്ഷണമാണ് വിളന്‌പേണ്ടത്. ഫ്രഷ് ഇറച്ചിക്കായി ഒരു പോത്തിനെ വാങ്ങാം എന്ന് കരുതി പ്രസിദ്ധമായ വടവുകോട് കാള വയലില്‍ ഞാനെത്തി. ഒരു ചെറിയ പോത്തുകുട്ടനെ ഞാന്‍  വാങ്ങി. നല്ല ഇണക്കമുള്ള ഒന്ന്. അവിടെ നിന്ന് പോത്തിനേയും നടത്തിക്കൊണ്ട് ഞാന്‍ വീട്ടിലേക്ക്  തിരിച്ചു. കടമറ്റം കഴിഞ്ഞപ്പോളേക്കും സന്ധ്യയായി. പിന്നെ രാത്രിയിലാണ് യാത്ര. പോത്ത് ഇടക്ക് സൈഡിലേക്ക് ഒക്കെ പോകും. ഒരിടത്ത് എത്തിയപ്പോള്‍ എന്നെയും വലിച്ചു കൊണ്ട് ഒരു കടയുടെ വരാന്തയില്‍ കയറി അവിടെ കിടന്നു കളഞ്ഞു കക്ഷി. വളരെ പാട് പെട്ടിട്ടാണ് അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ട് പോന്നത്.  തന്റെ താല്‍പ്പര്യങ്ങള്‍ അവഗണിച്ച് ഞാന്‍ വലിക്കുന്‌പോള്‍ എന്റെ കൂടെ പോരാനുള്ള ദയവ് പോത്ത് കാണിച്ചു.  തന്നെ വാങ്ങിക്കൊണ്ടു പോകാന്‍ ഒറ്റക്ക് ഇറങ്ങിത്തിരിച്ച മറ്റൊരു പോത്തായ എന്നെ ഉപദ്രവിക്കേണ്ടന്ന് കരുതിയിട്ടാവണം, വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ എന്നെ പിന്തുടര്‍ന്ന പോത്തും ഞാനും വെളുപ്പിന് നാലുമണിക്ക് വീട്ടില്‍ എത്തിച്ചേര്‍ന്നു.

പറന്പില്‍ ധാരാളം പുല്ല്. കൃഷിക്കാര്‍ ചിറകെട്ടിയ തോട്ടില്‍ നിറയെ വെള്ളം. തീറ്റ കഴിഞ്ഞു തോട്ടില്‍ നീന്തിത്തുടിക്കുന്ന പോത്തിന്റെ പുറത്തുകയറി നീന്തുന്നത് എന്റെ മകന്‍ പതിവാക്കി. കുറഞ്ഞൊരു കാലം കൊണ്ട് പോത്തുകുട്ടന്‍ ഞങ്ങളുടെ ഒരടുത്ത ബന്ധുവും, സുഹൃത്തുമായിത്തീര്‍ന്നു.

പെരുന്നാള്‍ ദിനം വന്നു. പോത്തിനെ വെട്ടി ഇറച്ചിയാക്കാന്‍ അമ്മയുടെ വഴിയിലുള്ള ഒരു ചാച്ചന്‍ തന്നെ വന്നു. രണ്ടു മണിക്കൂറിനകം സഹയികളോടൊത്ത് പോത്തിനെ കൊന്ന് ഇറച്ചിയാക്കി ചാച്ചന്‍ വീട്ടിലെത്തിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ കശാപ്പു നടന്ന സ്ഥലത്തേക്ക് ഞാന്‍ ചെന്നു. പച്ചപ്പുല്‍ മെത്തയില്‍ തളം കെട്ടി നില്‍ക്കുന്ന കട്ടച്ചോര. റബ്ബര്‍ മര ശിഖരങ്ങളില്‍ കെട്ടി ഞാത്തിയിയ കൈകാലുകളുടെ എല്ലുകള്‍. മിഴിച്ചു തുറിച്ച കണ്ണുകളുമായി ഒരു മരത്തില്‍ ചാരി വച്ചിരിക്കുന്ന കൊന്പും തലയും. ആ മിഴിച്ച മിഴികള്‍ എന്റെ നേരെ തുറിച്ചു നില്‍ക്കുകയാണ് : " നിന്നോടൊപ്പം വന്ന്, നിന്റെ സുഹൃത്തായി നിന്ന്, നിന്റെ മകനെ പുറത്തേറ്റി നീന്തിയ എന്നെ വെട്ടി നുറുക്കിയിട്ടു വേണമായിരുന്നോ നിന്റെ കുടുംബത്തിന് പുണ്യം നേടുവാന്‍? " എന്ന് ആ ചേതനയറ്റ കണ്ണുകള്‍ എന്നോട് ചോദിക്കുന്ന ചോദ്യത്തിന്റെ കഠാര മുന എന്റെ കരളില്‍ ആഴ്ന്നിറങ്ങുന്നത് ഞാനറിഞ്ഞു.

 ഇക്കണക്കിന് പണ്ട് യെരുശലേം ദേവാലയത്തില്‍ വെട്ടിക്കൂട്ടിയ കാളക്കുട്ടികളുടെയും, ആട്ടു കൊറ്റന്മാരുടെയും ചോരക്കറകളും, അസ്ഥിക്കൂന്പാരങ്ങളും കൊണ്ട് നശിച്ചു നാറിയ ഒരിടത്ത് നിന്ന് ചുട്ട മാംസത്തിന്റെ രൂക്ഷ ഗന്ധം ശ്വസിച്ചിട്ടാണ് മുന്നേ യഹൂദന്റെയും, ഇപ്പോള്‍ ക്രിസ്ത്യാനികളുടെയും ദൈവം പ്രസാദിച്ചിരുന്നത് എന്ന് പറയുന്‌പോള്‍ അതിനുള്ളില്‍ എന്ത് ആത്മാര്‍ത്ഥതയാണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ സംശയിച്ചു പോയി.

സ്ഥൂല പ്രപഞ്ചത്തിന്റെ ദൃശ്യ യാഥാര്‍ഥ്യത്തിനുള്ളില്‍ സൂക്ഷ്മ പ്രപഞ്ചമെന്ന അദൃശ്യ യാഥാര്‍ഥ്യമായി നില നിന്ന് കൊണ്ട് അതിനെ നിര്‍മ്മിക്കുകയും, നില നിര്‍ത്തുകയും ചെയ്‌യുന്ന പ്രപഞ്ചാത്മാവിനെപ്പോലെ, സ്ഥൂലത്തിന്റെ ചെറു മാത്രയായ മനുഷ്യ ശരീരമെന്ന ദൃശ്യ യാഥാര്‍ഥ്യത്തിനുള്ളില്‍ പ്രപഞ്ചാത്മാവെന്ന  അദൃശ്യ യാഥാര്‍ഥ്യത്തിന്റെ  ചെറു മാത്രയായി നില നിന്ന് കൊണ്ട് ഇതിനെ നിര്‍മ്മിക്കുകയും നില നിര്‍ത്തുകയും ചെയ്യുന്ന ജീവന്‍ എന്നോ മനസ് എന്നോ ഒക്കെ പേരിട്ടു വിളിക്കാവുന്ന മനുഷ്യാത്മാവിന് അതിന്റെ പിതൃ ഭാവമായി എന്നെന്നും നില നില്‍ക്കുന്ന പ്രഞ്ചാത്മാവിനോടുള്ള നിരപ്പും, സ്വാംശീകരണവുമാണ് ഏതു ബലിയിലൂടെയും സാധിച്ചെടുക്കേണ്ടത് എങ്കില്‍, സ്വന്തം ആത്മാവിന്റെ ഈ നറും പൂവിനെ ഇറുത്തെടുത്ത് മനസിന്റെ താലത്തില്‍ വച്ച് സമര്‍പ്പിക്കുന്നതല്ലേ ഏറ്റവും സത്യ സന്ധമായ ബലി ? അതിലൂടെ ഞാന്‍ എന്ന ഏകത്വം ഇല്ലാതെയായി പ്രപഞ്ചവും, ഞാനും എന്ന ബഹുത്വത്തില്‍ ഒന്ന് ചേര്‍ന്ന് ലയിക്കുന്നതല്ലേ ജീവിച്ചു കൊണ്ട് മോക്ഷം പ്രാപിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം ? ഇതല്ലേ യേശുവും, കൃഷ്ണനുമൊക്കെ പറഞ്ഞു വച്ചത് ? ബൈബിളിലും, ഗീതയിലുമൊക്കെ എഴുതി വച്ചത് ? ഭൗതിക സന്പന്നതയുടെ പുറം തോടില്‍ തലയൊളിപ്പിച്ചിരിക്കുന്ന മനുഷ്യന് ആ സുഖം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാവുകയില്ലേ യഹൂദന്റെ മാംസം ചൂടിലും, ക്രിസ്ത്യാനിയുടെ അപ്പം ചൂടിലും ഒക്കെയായി  അധഃപതിച്ച ബലി ഇന്നും നില നിന്ന് പോരുന്നതും, തുടര്‍ന്ന് കൊണ്ടേയിരിക്കുന്നതും ?

പെരുന്നാളിന് മുന്‍പുള്ള ഒരു മാസക്കാലം ഞങ്ങള്‍ കുടുംബമായി നോന്പ് നോറ്റിരുന്നു. ആ കാലയളവില്‍ സസ്യാഹാരത്തില്‍ മാത്രമായി ഞങ്ങള്‍ ഒതുങ്ങിയിരുന്നു. ഏതായാലും പെരുന്നാള്‍ ഭംഗിയായി നടന്നു. തോരാതെ പെയ്യുന്ന മഴ ആയിരുന്നിട്ടു കൂടി ധാരാളം ആളുകള്‍ സംബന്ധിച്ചിരുന്നു. പള്ളിക്കു പുറത്തു നടത്തേണ്ടിയിരുന്ന  രാത്രി പ്രദക്ഷിണത്തിന് ആവശ്യമുള്ള അത്രയും സമയം മഴ മാറി നിന്ന് ഞങ്ങളെ അനുഗ്രഹിച്ചു. കൊടുത്ത് തീര്‍ക്കാനുണ്ടായിരുന്ന കടങ്ങളും, ബാധ്യതകളുമെല്ലാം വീട്ടി. തൊടുപുഴയില്‍ ഉണ്ടായിരുന്ന ഒരു ഹോള്‍സെയില്‍ തുണിക്കടയില്‍ ഒരു ഇരുന്നൂറു രൂപാ കൊടുക്കാനുണ്ടായിരുന്നു. എന്റെ അനാസ്ഥ കൊണ്ട് തന്നെ ആ രൂപാ സമയത്ത് കൊടുത്തു തീര്‍ക്കാന്‍ സാധിച്ചില്ല.

എന്റെ കടയില്‍ നിന്നുള്ള ഒരു കസ്റ്റമര്‍ എനിക്ക് ഇരുന്നൂറു രൂപാ തരാനുണ്ടായിരുന്നു. അത് കിട്ടുന്‌പോള്‍ കൊടുക്കാം എന്ന് ചിന്തിച്ചു പോയതാണ് അക്കാര്യത്തില്‍ ഞാന്‍ കാണിച്ച അനാസ്ഥ. ( ഇന്ന് വരെയും ) അയാള്‍ അത് തന്നില്ലെങ്കിലും, പോരുന്നതിനു മുന്‍പ് രൂപയുമായി ഞാന്‍ തൊടുപുഴയില്‍ എത്തി. കട അടഞ്ഞു കിടക്കുന്നു. അന്വേഷിച്ചപ്പോള്‍ കടക്കാരന്‍ ബാങ്കില്‍ നിന്ന് എടുത്തിരുന്ന വായ്പക്ക് കട ജപ്തി ചെയ്തുവെന്നും, അയാള്‍ കച്ചവടം നിര്‍ത്തിപ്പോലെയെന്നും അറിഞ്ഞു. അയാളുടെ വീട് അന്വേഷിച്ചിട്ട് ആര്‍ക്കും അറിയില്ല. അയാള്‍ നേരിട്ട ജപ്തിക്ക് എന്റെ പങ്കു കൂടി തിരിച്ചറിഞ്ഞു കൊണ്ട് നിരാശനായി കുറ്റ ബോധത്തോടെ ഞാന്‍ തിരിച്ചു പൊന്നു. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ മൂന്ന് വെക്കേഷനുകളില്‍ അയ്യായിരം രൂപയും കയ്യില്‍ വച്ച് ഞാനയാളെ തേടിയിരുന്നു, കണ്ടെത്തിയില്ല. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ മറ്റൊരു ശാപം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More