-->

EMALAYALEE SPECIAL

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 42: ജയന്‍ വര്‍ഗീസ്)

Published

on

നേരെ മൂവാറ്റുപുഴയിലേക്ക്. മേല്‍വിലാസം തപ്പിപ്പിടിച്ചു ചെന്നപ്പോള്‍ ഒരു വാടകപ്പാടിയാണ്. ( ഒരു നീളന്‍ കെട്ടിടം ഭാഗങ്ങളായി തിരിച്ച് പലര്‍ക്കായി വാടകക്ക് കൊടുത്തിട്ടുള്ള സ്ഥലം. ) അതില്‍ ഒരു പാടിയുടെ വാതിക്കല്‍ ' മണ്ണ്മാന്തി യന്ത്രങ്ങള്‍ വാടകക്ക് കൊടുക്കപ്പെടും ' എന്ന ബോര്‍ഡ്. ഞങ്ങള്‍ ബോര്‍ഡ് വായിച്ചു നില്‍ക്കുന്‌പോള്‍ ഉറക്കച്ചടവോടെ വാതില്‍ക്കലേക്ക് വന്ന ഒരു സ്ത്രീ ഞങ്ങളെക്കണ്ട് നാണിച്ച് അകത്തേക്ക് പിന്‍വലിഞ്ഞു കളഞ്ഞു. ഞങ്ങള്‍ കാളിംഗ് ബെല്‍ അമര്‍ത്തിയിട്ട് ഒരനക്കവുമില്ല. ഒന്ന് രണ്ടു തവണ കൂടി  അമര്‍ത്തിയെങ്കിലും, ഒരു പത്തു മിനിറ്റോളം കഴിഞ്ഞാണ് അതേ സ്ത്രീ തന്നെ കുണുങ്ങി വന്നു വാതില്‍ തുറന്നത്. ആളാകെ മാറിയിരിക്കുന്നു. തലമുടി സ്‌റ്റൈലായി മുത്തുകള്‍ വച്ച് കെട്ടിയിരിക്കുന്നു. മുഖത്ത് റോസ് പൗഡര്‍ വാരിത്തേച്ചതിന്റെ ബാക്കികള്‍ കഴുത്തിലും, തലമുടിയിലും ഒക്കെ പിടിച്ചിരിപ്പുണ്ട്. കടും ചുവപ്പായ ലിപ്സ്റ്റിക് ചുണ്ടില്‍ നിന്ന് ചാടി കുറച്ചു താടിയിലും പറ്റിയിട്ടുണ്ട്.

" അച്ചായന്‍ ഇവിടില്ല, ഇപ്പ വരും. നിങ്ങളിരിക്കണം, കുടിക്കാന്‍  ചായയോ, കാപ്പിയോ? " എന്ന് ചോദിച്ച ശ്രീമതിയോട് " ഒന്നും വേണ്ട " എന്ന് പറഞ്ഞൊഴിവായി. ഞങ്ങളോട് വിവരങ്ങള്‍ തിരക്കിയറിഞ്ഞ ശ്രീമതി " അച്ചായന്‍ വന്നാല്‍ എല്ലാം ശരിയാക്കിത്തരും " എന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും, തന്റെ ചരിത്രം ഞങ്ങള്‍ ചോദിക്കാതെ തന്നെ പറയുകയും ചെയ്തു. കോട്ടയത്താണ് വീട്. കുട്ടികള്‍ രണ്ട്. സ്കൂളില്‍ പോയിരിക്കുന്നു. നാട്ടില്‍ വലിയ വീടും കൂടുമൊക്കെയുണ്ട്. ബിസ്സിനസ്സിനായി ഇവിടെ വാടകക്ക് താമസിക്കുകയാണ്. ഇത്യാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്‌പോള്‍ അച്ചായന്‍ വന്നു.

അച്ചായനും ആള് കേമന്‍. കറുത്ത പാന്റ്‌സും, വെളുത്ത ഷര്‍ട്ടും, കണ്ണടയും. മുകള്‍ പകുതിയില്‍ ബട്ടന്‍സ് ഇടാത്ത ഷര്‍ട്ടിന്റെ വിടവിലൂടെ നെഞ്ചിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുട വയര്‍ കാണാം. പിത്തം പിടിച്ച പോലെ ചീര്‍ത്ത ശരീരം. കണ്ണടക്കടിയില്‍ കത്തി നില്‍ക്കുന്ന വട്ടക്കണ്ണുകള്‍. ബുള്‍ഡോസറിന് അയ്യായിരം രൂപാ ദിവസക്കൂലി. െ്രെഡവര്‍ക്ക് നൂറു രൂപാ ബാറ്റാക്കാശ്. വ്യവസ്ഥകള്‍ സമ്മതിച്ച് അഡ്വാന്‍സ് കൊടുത്ത് കരാറില്‍ ഒപ്പിട്ടു കൊടുത്തു. ക്യാഷ് അച്ചായന്റെ കൈയില്‍ മാത്രമേ കൊടുക്കാവൂ. ഒരാഴ്ച കഴിയുന്‌പോള്‍ വണ്ടി വരും.

കളിസ്ഥലം നിരത്താന്‍ ബുള്‍ഡോസറാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ മിക്കവാറും പേര്‍ സന്തോഷിച്ചു. നാട്ടില്‍ ആരും തന്നെ അത്തരം ഒരു യന്ത്രം മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. ' ഇതൊക്കെ എവിടെപ്പോയി കണ്ടുപിടിച്ചു ' എന്ന് ചിലര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയും ചെയ്തു. ജ്വാലയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളും,  സി. ഐ. ടി. യു. സി. കാരനും, ടാപ്പിംഗ് തൊഴിലാളിയുമായ സഖാവ് അയ്‌യപ്പന്‍ ഇടഞ്ഞു. തൂന്പാപ്പണി ആയിരുന്നെങ്കില്‍ എത്രയോ പേര്‍ക്ക് തൊഴില്‍ കിട്ടിയേനെ എന്നും, ബുള്‍ഡോസര്‍ കൊണ്ട് വരുന്നതിലൂടെ നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതെയാക്കിയ ദ്രോഹികള്‍ ആണ് പി. ടി. എ. ക്കാര്‍ എന്നും, ബുള്‍ഡോസര്‍ വന്നാല്‍ തടയുമെന്നും, ആളുകളുടെ മേളിലൂടെയേ ബുള്‍ഡോസര്‍ ഓടിക്കാന്‍ കഴിയുകയുള്ളു എന്നും നല്ല കിറുങ്ങിയ അവസ്ഥയില്‍ സഖാവ്  വെല്ലുവിളി ഉയര്‍ത്തുന്‌പോള്‍ അദ്ധ്യാപകരും, ഞങ്ങളുടെ എതിര്‍ ഗ്രൂപ്പും ' അത് ശരിയാ ' എന്ന് ഉരുവിട്ടു കൊണ്ടേയിരുന്നു.

ബുള്‍ഡോസര്‍ വന്ന് പണി തുടങ്ങി. ആരും തടയാന്‍ വന്നില്ല. ചുറ്റു പാടുമുള്ള പറന്പുകളില്‍ വലിയൊരാള്‍ക്കൂട്ടം യന്ത്രം മണ്ണ് മാറ്റുന്നത് കാണാന്‍ തടിച്ചു കൂടിയിരുന്നു. മൂന്നു ദിവസം നീണ്ടു നിന്നു ബുള്‍ഡോസര്‍ വര്‍ക്ക്. കുന്നില്‍ നിന്ന് മണ്ണ് തള്ളിക്കൊണ്ട് വന്ന് ഗ്രൗണ്ടിലെ മറ്റു ഭാഗങ്ങളില്‍ നിരത്തിയിട്ടിട്ടു ബുള്‍ഡോസര്‍ മടങ്ങി. ഒറ്റ നോട്ടത്തില്‍ ഗ്രൗണ്ട് നല്ല നിരപ്പില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ടായിത്തീര്‍ന്നു.

എത്രയും വേഗം വാട്ടര്‍ ടാങ്കിന്റെ പണി കൂടി  തീര്‍ത്ത് ബില്ല് മാറിയെടുക്കണം എന്നാണു ഞങ്ങളുടെ സ്വപ്നം. കിട്ടാനുള്ളവര്‍ പണം ചോദിച്ചു തുടങ്ങി. ടാങ്ക് പണിയുന്ന മേസ്തിരിയുടെ കൂടെ ഞങ്ങളും സൗജന്യമായി പണിയുകയാണ്. ഇരുപതടിയോളം  ഉയരമുള്ള നാല് പില്ലറുകളിലാണ് ആറായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് വാര്‍ക്കേണ്ടത്. ടാങ്ക് വാര്‍ക്കയുടെ ദിവസം ഞങ്ങളെല്ലാവരും പ്രത്യേകിച്ച് മാത്യു ജോണ്‍ എന്ന ഞങ്ങളുടെ മെംബര്‍ മുഴുവന്‍ സമയവും മേസ്തിരിയോടൊത്ത് ഉണ്ടായിരുന്നു. വാര്‍ക്കയുടെ സമയത്ത് ബ്ലോക്കിലെ ജൂനിയര്‍ എന്‍ജിനീയര്‍ സ്ഥലത്തു വരികയും, അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം ഓരോ ചട്ടി കോണ്‍ക്രീറ്റും കന്പി കൊണ്ട് കുത്തിയുറപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വമാണ് കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയത്.

ഏതാനും ദിവസങ്ങള്‍ക്കകം ടാങ്കിന്റെ പ്ലാസ്റ്ററിങ് ഉള്‍പ്പടെയുള്ള മറ്റു പണികളും പൂര്‍ത്തിയായി. ഞങ്ങളുടെ സുഹൃത്തായ മോട്ടോര്‍ ജോയി എന്ന് അറിയപ്പെടുന്ന ഇലക്ട്രീഷ്യന്‍ ഈശ്വരന്‍കുടി അച്ഛന്‍ തന്ന  മോട്ടോര്‍ പിടിപ്പിച്ച് ടാങ്കിലേക്കുള്ള പ്ലംബിങ്ങും, കുട്ടികള്‍ക്ക് വെള്ളമെടുക്കുന്നതിനായി നിര്‍മ്മിച്ച  ഒരു പ്ലാറ്റ്‌ഫോമില്‍ ആറ് ടാപ്പുകളും പിടിപ്പിച്ചു. ( കൊണ്ടുവന്ന സിമന്റ് ഏതാനും ബാഗുകള്‍ ബാക്കിയുണ്ടായിരുന്നതു കൊണ്ട് മാധവന് കൊടുത്ത സിമന്റിനു പകരം അയാളെക്കൊണ്ടാണ് ടാപ്പുകള്‍ വാങ്ങിപ്പിച്ചത്. ടാപ്പുകളുടെയും, സിമന്റിന്റെയും വിലകള്‍  തമ്മിലുള്ള വ്യത്യാസം കണക്കു പറഞ്ഞു തീര്‍ക്കുകയും ചെയ്തു. )

എല്ലാം ഭദ്രം. ഇനി അസിസ്റ്റന്റ് എക്‌സിക്കൂട്ടീവ് എന്‍ജിനീയര്‍ വരണം, കംപ്ലീഷന്‍ റിപ്പോര്‍ട്ട് തരണം, ബില്ല് മാറി കടങ്ങളെല്ലാം വീട്ടണം, നാല്‍പ്പതു വര്‍ഷങ്ങളായി ആര്‍ക്കും ചെയ്യാന്‍ കഴിയാത്ത ഒന്ന് ചെയ്തു എന്ന സംതൃപ്തിയോടെ ഒന്ന് സ്വസ്ഥമായിട്ടിരിക്കണം. ഞങ്ങള്‍ സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടേയിരിക്കുകയാണ്.

ആയിടെ സ്ക്കൂളിലെ വാര്‍ഷിക പരീക്ഷയുടെ റിസല്‍ട്ട് വന്നു. പത്താം ക്ലാസില്‍ മുപ്പതിലധികം കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നെങ്കിലും, ജയിച്ചത് ഏതാനും കുട്ടികള്‍ മാത്രം. പൊതുവേ സ്കൂളിലെ അദ്ധ്യയന നിലവാരം മോശമായിരുന്നെങ്കിലും ഇത്രക്ക് ആരും പ്രതീക്ഷിച്ചില്ല. കുറച്ചു കാലമായി സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ഇല്ല. അവര്‍കള്‍ സാറാണ് ആ ചുമതല വഹിക്കുന്നത്. ക്ലാസ് സമയങ്ങളില്‍ പോലും അദ്ധ്യാപകര്‍ ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങി തങ്ങളുടെ ആണ്‍ / പെണ്‍ സുഹൃത്തുക്കളുമായി സ്വകാര്യം പറഞ്ഞു നില്‍ക്കുകയാണെന്നും, ഇത് കുട്ടികളില്‍ തെറ്റായ സന്ദേശം പകരുമെന്നും, ആയതിനാല്‍ എത്രയും വേഗം ഒരു ഹെഡ്മാസ്റ്റര്‍ ചുമതല ഏറ്റെടുത്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കുകയുള്ളുവെന്നും, പി. ടി. എ. യുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള രക്ഷകര്‍ത്താക്കള്‍ തീരുമാനമെടുത്ത് അത് നടപ്പിലാക്കുവാനായി പി. ടി. എ. യിലെ രക്ഷകര്‍ത്താക്കളുടെ പ്രതിനിധികളായ ഞങ്ങളെ  ചുമതലപ്പെടുത്തുന്നു.

കിട്ടിയിടത്തോളം വസ്തുതകള്‍ സമാഹരിച്ച് അത് ഒരു പെറ്റീഷനാക്കി എത്രയും വേഗം ഒരു ഹെഡ്മാസ്റ്റര്‍ ചുമതലയെടുക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കാണിച്ച് പഞ്ചായത്തു പ്രസിഡണ്ടിന്റെ ശുപാര്‍ശയോടെ ആ പെറ്റിഷന്‍ എറണാകുളത്തെ ഡി. ഡി. ( ഡെപ്യൂട്ടി ഡയറക്ടര്‍ ) ക്ക് ഞങ്ങള്‍ അയച്ചു കൊടുത്തു. ഞങ്ങളുടെ നീക്കം അദ്ധ്യാപക വിഭാഗത്തില്‍ വലിയ പതിഷേധത്തിന് വഴിവച്ചുവെങ്കിലും ആരും ഒന്നും പുറമേ പ്രകടിപ്പിച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആലുവാക്കാരനായ തുളസീധരന്‍ സാര്‍ എന്ന മാന്യ ദേഹം ഞങ്ങളുടെ സ്കൂളില്‍ ഹെഡ്മാസ്റ്ററായി വീണ്ടും ചുമതലയേറ്റു. ( ഈ തുളസീധരന്‍ സാര്‍ മുന്‍പ് ഇതേ സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന കാലത്താണ് ജ്വാലായുടെ ആദ്യ സംരംഭമായി ഞങ്ങള്‍ അന്‍പതോളം യുവാക്കള്‍ ചേര്‍ന്ന് ചോര്‍ന്നൊലിച്ചു കൊണ്ടിരുന്ന പ്രധാന കെട്ടിടം കേടുപാടുകള്‍ തീര്‍ത്ത് ഓട് മേഞ്ഞു കൊടുത്തതും, സംതൃപ്തനായ അദ്ദേഹം ഞങ്ങള്‍ക്ക് നൂറു രൂപാ സമ്മാനിച്ചതും, അത് കൊണ്ട് ഞങ്ങള്‍ സമൃദ്ധമായി കാപ്പി കുടിച്ചതും. ഉപരി പഠനത്തിനായോ, മറ്റു വ്യക്തിപരമായ കാരണങ്ങളാലോ അദ്ദേഹം അവധിയില്‍ ആയിരുന്ന കാലത്താണ് അവര്‍കള്‍ സാര്‍ ഹെഡ്മാസ്റ്ററുടെ ചുമതല ഏറ്റെടുക്കുന്നതും, നിലവില്‍ ആ ചുമതലയില്‍ തുടരുന്നതും.)

ഹെഡ്മാസ്റ്റര്‍ പി. ടി. എ. യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, ഏതു സമയത്തും, എന്ത് സഹായത്തിനും തന്നെ സമീപിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ആരുടേയും മുഖം നോക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃ ക്രമീകരിക്കുകയും, അദ്ധ്യാപകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ തങ്ങളുടെ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തു കൊണ്ട് തികച്ചും ശാന്തമായ ഒരന്തരീക്ഷം സ്കൂളില്‍ സംജാതമായി.

മഴക്കാലം തുടങ്ങി. ഞങ്ങളുടെയെന്നല്ലാ, സാധാരണ മനുഷ്യരുടെ ചിന്തയില്‍ ഒരുക്കലും കടന്നു വരാനിടയില്ലാത്ത ഒരു സാഹചര്യം അപ്പോള്‍ സംജാതമായി. കുന്നിടിച്ചു തള്ളിമാറ്റിയ മണ്ണ് കോര്‍ട്ടില്‍ നിരത്തി ഇട്ടിരിക്കുകയാണല്ലോ? ഈ മണ്ണ്  മഴ പെയ്യുന്‌പോള്‍ കുതിര്‍ന്നു താഴോട്ടിരിക്കും. ഉറച്ച മണ്ണുള്ള ഇടങ്ങളും, ബുള്‍ഡോസര്‍ വീലുകള്‍ ഓടി ഉറച്ചതും ഒഴികെയുള്ള ഇടങ്ങളിലെല്ലാം മണ്ണ് താഴോട്ടിരുന്ന്, അവിടങ്ങളില്‍ വീഴുന്ന മഴവെള്ളം അവിടെത്തന്നെ കെട്ടി നിന്ന് ചളിയും, കുഴിയും നിറഞ്ഞ ഒരു ചതുപ്പ് പോലെയായി ഞങ്ങള്‍ നിരത്തിയ ഫുട്ബാള്‍ കോര്‍ട്ട്.

ഇതിനിടയില്‍ ആലുവയില്‍ നിന്ന് എറണാകുളം ജില്ലാ  എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടാങ്ക് പരിശോധിക്കാന്‍ വന്നു. തികഞ്ഞ ആത്മ വിശ്വാസത്തോടെ ഞങ്ങള്‍ പന്പ് ഓണ്‍ ചെയ്തു. കിണറ്റിലെ വെള്ളം ടാങ്കില്‍ നിറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു നനവ് ടാങ്കിന്റെ പുറത്ത് ചിലയിടങ്ങളില്‍ പടര്‍ന്നു. ഞങ്ങളെക്കാള്‍ കൂടുതല്‍ എതിരാളികള്‍ കാഴ്ച കണ്ടു നില്‍ക്കുന്നുണ്ട്. ' കോണ്‍ക്രീറ്റ് ടാങ്കുകളില്‍ ആദ്യമായി വെള്ളം നിറക്കുന്‌പോള്‍ ഈ നനവ്  സാധാരണമാണെന്നും, വേണ്ടി വന്നാല്‍ അകവശത്ത് ഒരു വാട്ടര്‍ പ്രൂഫിങ് മെറ്റീരിയല്‍ പൂശി ഇത് തടയണമെന്നും എന്‍ജിനീയര്‍ കുഞ്ഞുമാത്തുചേട്ടനോട് പറഞ്ഞിട്ട് നില്‍ക്കുന്‌പോള്‍, സ്ക്കൂളിലെ ഒരദ്ധ്യാപികയുടെ അപ്പനായ ഞങ്ങളുടെ ഒരു പഴയ അയല്‍ക്കാരന്‍ " ഇതെന്താ ഓട്ട ടാങ്കാണോ പണിതു വച്ചിരിക്കുന്നത്? അതെങ്ങനെയാ ടാങ്ക് വാര്‍ക്കാന്‍ കൊണ്ടുവന്ന സിമന്റു കൊണ്ട് പി. ടി. എ. ക്കാര്‍ വീട് പണിതത് എല്ലാവരും കണ്ടതാ, ഇതിനു കൂട്ട് നിന്നാല്‍ എന്‍ജിനീയറല്ലാ, ഏതു ഒടേ തന്പുരാനായാലും ഞങ്ങള്‍ കുടുക്കും." എന്ന് ഉറക്കെ പറഞ്ഞതും, അവിടെ കൂടി നിന്ന എതിര്‍ കക്ഷിക്കാര്‍ കുറുക്കന്‍ കൂവും പോലെ കൂവിത്തുടങ്ങിയതും ഒരുമിച്ചു കഴിഞ്ഞു. വളരെ മാന്യനായ ആ എന്‍ജിനീയര്‍ ആരോടും ഒന്നും പറയാതെ തന്റെ കാറില്‍ കയറി സ്ഥലം വിട്ടു.

പിറ്റേ ദിവസം രാവിലെ തന്നെ ഞാനും കുഞ്ഞുമാത്തൂച്ചേട്ടനും കൂടി ആലുവയിലെ അദ്ദേഹത്തിന്‍റെ ഓഫിസിലെത്തി. ആള്‍ സ്ഥലത്തില്ല. ഉച്ചകഴിഞ്ഞേ വരൂ എന്ന് പറഞ്ഞിട്ടുണ്ട്. " നമുക്ക് പോയിട്ട് പിന്നെ വരാം " എന്ന് ഞാന്‍ പറയുന്നുണ്ട്. പഞ്ചായത്തു പ്രസിഡണ്ട് സമ്മതിക്കുന്നില്ല. " എടാ, പൊതുപ്രവര്‍ത്തനമാകുന്‌പോള്‍ നമ്മുടെ മുകളിലുള്ളവന്റെ കാല് നമ്മള്‍ പിടിക്കണം. എന്നെങ്കിലും നമ്മള്‍ മുകളിലായാല്‍ അവന്‍ വന്നു നമ്മുടെ കാല് പിടിച്ചു കൊള്ളും " എന്ന് പറഞ്ഞിട്ടാണ് കുഞ്ഞു മാത്തൂച്ചേട്ടന്‍ എന്നെ പിടിച്ച് നിര്‍ത്തുന്നത്.

ഉച്ച  കഴിഞ്ഞപ്പോള്‍ എന്‍ജിനീയര്‍ എത്തി. നാട്ടുകാര്‍ക്ക് വേണ്ടി ഞങ്ങള്‍ അദ്ദേഹത്തോട് മാപ്പു ചോദിച്ചു. വളരെയേറെ വര്‍ക്ക് സൈറ്റുകളില്‍ പോയിട്ടുള്ള അനുഭവം തനിക്കുണ്ടെന്നും, വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ ചേരി തിരിഞ്ഞു നിന്ന് കൂവിയ അനുഭവം ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആദ്യം മുതലുള്ള സംഭവങ്ങള്‍ വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങളെ സഹായിക്കണമെന്ന് അദ്ദേഹത്തിനുണ്ടെന്നും, പക്ഷെ ഇവിടെ അതിനുള്ള സാഹചര്യമല്ലാ നിലവിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഗതിയിതാണ് : ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ എസ്റ്റിമേറ്റുള്ള കോണ്‍ക്രീറ്റു വര്‍ക്കുകള്‍ നടക്കുന്‌പോള്‍ എക്‌സിക്കുട്ടീവ് എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ വേണം അത് നടത്തേണ്ടത് എന്ന് നിയമമുണ്ട്. ഇവിടെ അങ്ങിനെയല്ലാ കോണ്‍ക്രീറ്റിങ് നടന്നിട്ടുള്ളത്. ഇക്കാര്യം നിങ്ങള്‍ക്കറിയില്ലായിരുന്നു എന്നത്  കോടതിയില്‍ ഒരു മറുപടിയല്ലാ. തന്റെ ജോലി തെറിക്കാവുന്ന ഒരു വീഴ്ചയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ പരാതിക്കാര്‍ ഉള്ള നിലക്ക് തനിക്കൊന്നും ചെയ്യാനില്ലെന്ന് അദ്ദേഹം കൈയൊഴിഞ്ഞു.

ഇത്രയും കേട്ടിട്ടും കുഞ്ഞുമാത്തൂച്ചേട്ടന്‍ തിരിച്ചു പോരാന്‍ തയ്യാറായില്ല. വളരെ സങ്കടത്തോടെ അദ്ദേഹം എന്‍ജിനീയറോട് പറഞ്ഞു : " സാറേ, ഞാന്‍ പറഞ്ഞിട്ടാണ് ഈ പാവം ചെറുക്കന്‍ ഇതിനകത്ത് പെട്ട് പോയത്. നാല്‍പ്പതിനായിരം രൂപാ കടം വാങ്ങിയിട്ടാണ് ഇതിനകത്ത് മുടക്കിയിട്ടുള്ളത്. ഇത് നടന്നില്ലെങ്കില്‍ ഇവന്റെ വീടും പറമ്പും വിറ്റു കടം വീട്ടിയിട്ട് കുടുംബം റോഡിലിറങ്ങേണ്ടി വരും. സാറ് സഹായിക്കണം. "

എന്‍ജിനീയര്‍ ചിന്താധീനനായി കൈത്തലങ്ങളില്‍ മുഖം താങ്ങി അല്‍പ്പനേരം ഇരുന്നു. പിന്നെ മുഖമുയര്‍ത്തി എന്നെ നോക്കി. എന്നിട്ടു കുഞ്ഞുമാത്തൂചേട്ടനോട് പറഞ്ഞു : " ഞാനൊരു സജഷന്‍ പറയാം. ടാങ്കിന്റെ അകവശത്ത് മൂന്നിഞ്ച് കനത്തില്‍ ഒരു ലയര്‍ കൂടി വാര്‍ക്കണം. ഒരിഞ്ചിന്റെ സ്ക്വയര്‍ മെഷ് അകത്തിട്ടു കൊണ്ട് കാല്‍ ഇഞ്ച് മിറ്റല്‍ ചേര്‍ത്തു തയാറാക്കുന്ന ഹാര്‍ഡ്  കോണ്‍ക്രീറ്റ് എന്റെ സാന്നിധ്യത്തില്‍ നിങ്ങളുടെ സ്വന്തം ചെലവില്‍ വാര്‍ക്കണം, സമ്മതമാണോ? ". ഞങ്ങള്‍ക്ക് നൂറുവട്ടം സമ്മതമാണെന്ന്  ഞങ്ങള്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് അദ്ദേഹം തന്നു. അന്ന് പത്തുമണിയാകുന്‌പോഴേക്കും അദ്ദേഹം വരും. എല്ലാ സാധനങ്ങളും തയാറാക്കി വച്ചുകൊള്ളാം എന്നുറപ്പു കൊടുത്ത് ഞങ്ങള്‍ മടങ്ങി.

സന്തോഷത്തോടെയാണ് ഞങ്ങള്‍ നാട്ടിലെത്തിയത്. കുറച്ചു പൈസ നഷ്ടമായാലും ഒരു കുഴഞ്ഞ പ്രശ്‌നത്തിന് പരിഹാരമാകുമല്ലോ? രണ്ടാം വാര്‍ക്ക കഴിഞ്ഞാല്‍ കംപ്ലീഷന്‍ റിപ്പോര്‍ട്ട് കിട്ടും. അതിനു മുന്‍പ് കുഴികളുമായിക്കിടക്കുന്ന കോര്‍ട്ട് ഒന്ന് ചെത്തി മിനുക്കി ശരിയാക്കണം. അരികിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഒരു കാനയും വെട്ടിയുണ്ടാക്കണം. നൂറ് ആളുകള്‍ പണിതാല്‍ പോലും തീരാത്ത പണിയാണ്. ഒറ്റ പൈസ കൈയിലില്ല. പി. ടി. എ. വിളിച്ചു കൂട്ടിയ നാട്ടുകാരുടെ ഒരു യോഗത്തില്‍ പഞ്ചായത്തു പ്രസിഡണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. നാട്ടുകാര്‍ ശ്രമദാനമായി ഈ പണി ചെയ്തുകൊള്ളാം എന്ന് സമ്മതിച്ചു. പി. ടി. എ. ക്ക് പണം കിട്ടുന്ന ഇടപാടിന് നാട്ടുകാര്‍ എന്തിനാണ് വെറുതേ പണിയുന്നത് എന്ന കാരണം പറഞ്ഞ്  സി. പി. ഐ. സഖാവായ എന്‍. ടി. കുഞ്ഞന്‍ എന്നെ പരസ്യമായി കുറെ തെറി
വിളിച്ചുവെങ്കിലും ഒരക്ഷരം മറുപടി പറയാതെ ഞാനത് സഹിച്ചു. എന്റെ വായടപ്പിച്ചു കൊണ്ട് പി. ടി. എ. പ്രസിഡണ്ടിന്റെ പ്ലാവിലത്തൊപ്പി എന്റെ തലയില്‍ ഇരിക്കുകയാണല്ലോ ?

നിശ്ചിത ദിവസം നൂറോളം ആളുകള്‍ പണിയായുധങ്ങളുമായി വന്നു പണി തുടങ്ങി.  വലിയൊരു ഉത്സവം പോലെയായിരുന്നു ആളുകള്‍ക്ക്. അദ്ധ്യാപകരുടെ ഒത്താശയോടെ ഒരു കൂട്ടമാളുകള്‍ ഞങ്ങളെ പീഡിപ്പിക്കുന്നതില്‍ മനം നൊന്ത ആളുകളായിരുന്നു അവര്‍. ഉച്ചക്ക് ഇറച്ചിയിട്ടു പാകം ചെയ്ത കപ്പപ്പുഴുക്ക് ചായയോടൊപ്പം സമൃദ്ധമായി എല്ലാവര്‍ക്കും വിളന്പി. നാലുമണിക്ക് മുന്‍പ് പണി തീര്‍ന്നു. നാലുമണിക്ക് ഓരോ കട്ടന്‍ ചായയും  കുടിച്ച് എല്ലാവരും മടങ്ങി. ആരും തന്നെ  പൈസ വാങ്ങിച്ചില്ല.  തീരെ നിവര്‍ത്തിയില്ലാത്തവര്‍ക്ക് നിര്‍ബന്ധിച്ച് ചെറിയ തുകയൊക്കെ കൊടുത്തു  കൊണ്ട്  ഞങ്ങള്‍ എല്ലാവരോടും നന്ദി പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More