Image

മെമ്മോയര്‍ ഓഫ് എ മര്‍ഡര്‍

Published on 07 October, 2019
മെമ്മോയര്‍ ഓഫ് എ മര്‍ഡര്‍
മെമ്മോയര്‍ ഓഫ് എ മര്‍ഡര്‍ (Memoir of a Murderer) (2017)
ഡ്രാമ / ആക്ഷന്‍
സംവിധായകന്‍: വോന്‍ ഷിന്‍-യുന്‍
അഭിനേതാക്കള്‍: സോള്‍ കിയാങ്-ഗു, കിം നാം-ജില്‍, കിം സിയോള്‍-ഹൂന്‍, ഓ ഡാല്‍-സൂ.
രാജ്യം: സൗത്ത് കൊറിയ
സമയം: 118 മിനിറ്റ്
ഭാഷ: കൊറിയന്‍

സീരിയല്‍ കില്ലര്‍മാരെ തട്ടിയിട്ട് നടക്കാന്‍ മേലാത്ത അവസ്ഥയാണ് കൊറിയന്‍ സിനിമകളില്‍! പല രൂപത്തില്‍! പല ഭാവത്തില്‍! സീരിയല്‍ കില്ലര്‍മാരില്ലെങ്കില്‍ പിന്നെ കൊറിയന്‍ സിനിമ ഇല്ലെന്നു തന്നെ പറയാം! എന്നാല്‍ ഈ സിനിമയിലെ നമ്മുടെ നായകന്‍ ബിയോങ്-സൂ ( Byeong-soo) അല്പം വ്യത്യസ്തനാണ്! അനുദിനം ഓര്‍മ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു പഴയ മോഡല്‍ സീരിയല്‍ കില്ലര്‍! ഇതാണ് ഈ സിനിമയിലെ നായക്നറെ അവസ്ഥ! 

കേട്ടിട്ട് തന്നെ കോമഡി തോന്നുന്നില്ലേ? എന്നാല്‍ കാര്യങ്ങള്‍ ഒട്ടും തന്നെ കോമഡിയല്ല! ബിയോങ്-സൂ ഫീല്‍ഡ് വിട്ടിട്ടു പത്തു പതിനേഴു വര്‍ഷമായി! ഇപ്പോള്‍ തന്റെ മകളെയും കൂട്ടി സ്വസ്ഥം ഗൃഹഭരണം. ഇപ്പോള്‍ ആ രംഗത്തു പുതിയ പിള്ളേര്‍ വന്നിരിക്കുന്നു! 

അതെന്തുമായിക്കോട്ടെ, ബിയോങ്-സൂവിനെ ബാധിക്കുന്ന പ്രശ്‌നം അതൊന്നുമല്ല! ഏതോ ഒരു സീരിയല്‍ കില്ലര്‍ നാട്ടിലെ പെണ്‍കുട്ടികളെ കൊന്നുതള്ളുന്നു! ഇത് കണ്ടിട്ട് നമ്മുടെ നായകന്‍ ബിയോങ്-സൂവിന്
ആ സീരിയല്‍ കില്ലര്‍ തന്റെ മകളെയും ഉപദ്രവിക്കുമോ എന്ന് പേടി തോന്നുന്നു. കൊടുത്ത പണി തിരിച്ചു കിട്ടും എന്നൊക്കെ പറയാറില്ലേ ആ പേടിയിലാണ് ബിയോങ്-സൂ. പഴയ സീരിയല്‍ കില്ലറാണെന്നും പിള്ളേര് വിചാരിക്കില്ല. അതെ, ഒടുവില്‍ അതുതന്നെ സംഭവിച്ചു. ബിയോങ്-സൂവിന്റെ മകളെ ആ സീരിയല്‍ കില്ലര്‍ നോട്ടമിട്ടിരിക്കുന്നു. അടുത്ത ഇര അവളാണെന്ന് ബിയോങ്-സൂ മനസ്സിലാക്കുന്നു. എന്നാല്‍ സ്വന്തം മകളെപ്പോലും ചിലപ്പോള്‍ മറന്നു പോകുന്ന ആ അച്ഛന്‍ എങ്ങനെ അവളെ അയാളില്‍ നിന്നും സംരക്ഷിക്കും? ഇതാണ് ബിയോങ്-സൂവിന്റെ ഇപ്പോഴത്തെ ആശങ്ക. 

 സ്വന്തമായി നട്ടു വളര്‍ത്തിയ ഒരു മുളന്തോട്ടം അയാള്‍ക്കുണ്ട്. തന്റെ മകളറിയാത്ത ഒരു ഭൂതകാലം കൂടി അദ്ദേഹം ആ മുളംകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ട്. മറവിയെ മറികടക്കാനായി മകള്‍ വാങ്ങിക്കൊടുത്ത ടേപ്പ് റെക്കോര്‍ഡറില്‍ അയാള്‍ തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി രേഖപ്പെടുത്താന്‍ തുടങ്ങി. മകളെ ആ സീരിയല്‍ കില്ലറില്‍ നിന്ന് ബിയോങ്-സൂവിന് രക്ഷപ്പെടുത്താന്‍ സാധിക്കുമോ? ബിയോങ്-സൂവും സീരിയല്‍ കില്ലറും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുമോ?
ദക്ഷിണ കൊറിയയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കിം യോങ്-ഹാ (Kim Young-ha) എഴുതിയ പുസ്തകത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തില്‍ നായകനായി അഭിനയിച്ചിരിക്കുന്ന സോള്‍ കിയാങ്-ഗു (Sol Kyung-gu) ഈ ചിത്രത്തിലും ജീവിക്കുകയാണ്. 

ഒയാസീസ്, പെപ്പര്‍മിന്റ് ക്യാന്റി, നോ മെഴ്‌സി എന്നീ ചിത്രങ്ങളില്‍ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം അത്ര സ്വാഭാവികതയോടും തന്‍മയത്വത്തോടും ഈ അച്ഛന്‍ വേഷം മനോഹരമാക്കിയിരിക്കുന്നു. ഈ സിനിമയിലെ അഭിനയത്തിന് 2017ലെ മികച്ച നടനുള്ള കൊറിയന്‍ ദേശീയ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. കൊറിയന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമയാണിത്.
മെമ്മോയര്‍ ഓഫ് എ മര്‍ഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക