Image

മരണത്തിലേയ്ക്ക് നയിച്ച്‌ വാഗമണ്ണില്‍ ഓഫ് റോഡ് സഫാരി; ഓഫ് റോഡ് ട്രക്കിംഗ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

Published on 08 September, 2019
മരണത്തിലേയ്ക്ക് നയിച്ച്‌ വാഗമണ്ണില്‍ ഓഫ് റോഡ് സഫാരി; ഓഫ് റോഡ് ട്രക്കിംഗ് ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

ഇടുക്കി: വാഗമണ്ണില്‍ മരണക്കെണിയൊരുക്കി ജീപ്പുകളുടെ ഓഫ് റോഡ് ട്രക്കിംഗ്. യാതൊരു സുരക്ഷയും ഇല്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അനധികൃത ജീപ്പ് സഫാരി നടക്കുന്നത്. ഇന്നലെ വാഗമണ്‍ പൈന്‍ വാലിയില്‍ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്ക് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.


മൊട്ടക്കുന്നുകളുടെയും വനത്തിന്റെയും പൈതൃകം നിലനിര്‍ത്തുന്നതിനായി വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലൂടെയാണ് സാഹസിക യാത്ര. വലിയ പാറക്കെട്ടുകളിലും ചെങ്കുത്തായ കുഴികളിലുമെല്ലാം സഞ്ചാരികളുമായി കടന്നു പോകും. ഓഫ് റോഡ ട്രക്കിംഗ് എന്ന പേരില്‍ വിനോദ സഞ്ചാരയിടങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചും ചിത്രങ്ങള്‍ കാണിച്ചുമൊക്കെയാണ് വാഗമണ്ണിലെത്തുന്ന സന്ദര്‍ശകരെ ജീപ്പ് സഫാരിക്കായി കൊണ്ടു പോകുന്നത്. ഒരു ട്രിപ്പിന് 2500 രൂപയാണ് ഈടാക്കുന്നത്. വാഹനത്തില്‍ നിറയെ ആളുകളുമായി അപകടകരമായ വിധത്തിലാണ് ഡ്രൈവിംഗ് നടത്തുന്നത്. ഇന്നലെ പൈന്‍ വാലിയ്ക്കു സമീപം തോട്ടിലേയ്ക്ക് വാഹനം മറിഞ്ഞ് ഏഴ് പേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്. പാലൊഴുകുംപാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പാലത്തില്‍ നിന്നും തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാഗമണ്ണില്‍ എത്തുന്ന സന്ദര്‍ശകരാണ് കൂടുതലായി ഓഫ് റോഡ് ട്രക്കിംഗ് നടത്തുന്നത്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും സൊസൈറ്റി കവലയില്‍ റോഡില്‍ നിന്നും സഞ്ചാരികളെ വിളിച്ചു കയറ്റിയുമാണ് ട്രക്കിംഗ് പോകുന്നത്. അപകടം ഉണ്ടാക്കും വിധം അമിത വേഗത്തിലാണ് ജീപ്പുകളുടെ യാത്ര. ദിവസങ്ങള്‍ക്കു മുമ്ബ് ട്രക്കിംഗ് നടത്തിയ സ്വകാര്യ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. നിയമ വിരുദ്ധമായി യാതൊരു സുരക്ഷയും ഇല്ലാതെ നടക്കുന്ന ഓഫ് റോഡ് ജീപ്പ് ട്രക്കിംഗിനെതിരെ ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക