തിരുവനന്തപുരം : കടല്‍മാര്‍ഗ്ഗം ഒരു സംഘം ഭീകരര്‍ തമിഴ്നാട്ടിലേയ്ക്ക് എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്കി.
സംസ്ഥാനത്തെ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്ബരിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമിലോ (0471 2722500) എന്ന നമ്ബരില്‍ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.