Image

ബ്രിട്ടനില്‍ വീണ്‌ടും കോളജ്‌ പൂട്ടി; 70 മലയാളി വിദ്യാര്‍ഥികള്‍ പെരുഴിയില്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 04 May, 2012
ബ്രിട്ടനില്‍ വീണ്‌ടും കോളജ്‌ പൂട്ടി; 70 മലയാളി വിദ്യാര്‍ഥികള്‍ പെരുഴിയില്‍
ലണ്‌ടന്‍: ബ്രിട്ടനിലെ കെന്റില്‍ പ്രൊഫഷണല്‍ കോഴ്‌സ്‌ പഠിപ്പിക്കുന്ന കോളജ്‌ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന്‌ ഇവിടെ പഠിക്കുന്ന 70 മലയാളി വിദ്യാര്‍ഥികള്‍ വഴിയാധാരമായി. ബ്രിട്ടനിലെ ഒരു പ്രമുഖ ഇംഗ്‌ളീഷ്‌ ഓണ്‍ലൈന്‍ പത്രമാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌.

വിദ്യാര്‍ഥികളുടെ നിലനില്‍പ്പിനെയും തുടര്‍ന്ന്‌ ജോലിയെയും ബാധിക്കുമെന്നതിനാല്‍ കെന്റിലെ കോളജിന്റെ പേര്‌ സൈറ്റ്‌ പ്രസിദ്ധീകരിച്ചിട്ടില്ല. പെരുവഴിയിലായ വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനയെ മാനിച്ചാണ്‌ കോളജിന്റെ പേരും മറ്റു വിവരങ്ങളും പുറത്തുവിടാത്തത്‌.

പ്രസ്‌തുത കോളജില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ക്ലാസുകള്‍ നടക്കുന്നില്ലെന്നാണ്‌ വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോള്‍ ലഭിച്ച വിവരം. ക്‌ളാസുകളെപ്പറ്റി അന്വേഷിക്കാന്‍ വിദ്യാര്‍ഥികള്‍ കേളജ്‌ അധികൃതരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ്‌ കോളേജ്‌ പൂട്ടിയ വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്‌. കോളജ്‌ തുറക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും അവ്യക്തത മാത്രമാണ്‌ മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

സ്റ്റുഡന്റ്‌ വീസയിലെത്തിയ ഈ വിദ്യാര്‍ഥികള്‍ നിയമാനുസൃതം പാര്‍ട്ട്‌ടൈം ജോലിചെയ്യുന്നത്‌ സ്റ്റുഡന്റ്‌ വീസായുടെ ബലത്തിലാണ്‌. എന്നാല്‍ കോളജ്‌ പൂട്ടിയ സാഹചര്യത്തില്‍ നിലവില്‍ ജോലിയ്‌ക്കിടെ പിടിയ്‌ക്കപ്പെട്ടാല്‍ അനധികൃതമെന്നു മുദ്രകുത്തുക മാത്രമല്ല ബ്രിട്ടനില്‍നിന്നും പുറത്താക്കടുകയും ചെയ്യും. മുന്‍പ്‌ അനധികൃതമായി ജോലിചെയ്‌ത മലയാളികളെ ഹോം ഓഫീസ്‌ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ഇതില്‍ ഒരാളൊഴികെ എല്ലാവരെയും നാട്ടിലേക്ക്‌ കയറ്റിയയക്കുകയും ചെയ്‌ത സംഭവത്തിന്‌ പിന്നാലെയാണ്‌ പുതിയ സംഭവം കൂടി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കോളജ്‌ പൂട്ടിയ സാഹചര്യത്തില്‍ ഈ വിദ്യാര്‍ഥികള്‍ ഇനി പുതിയ കോളജും പുതിയ അഡ്‌മിഷനും കണ്‌ടെത്തേണ്‌ടി വരും. പക്ഷെ അത്‌ മൂന്നു മാസത്തിനുള്ളില്‍ നടത്തിയില്ലെങ്കില്‍ പിന്നീട്‌ ബ്രിട്ടനില്‍ ഇവര്‍ക്ക്‌ നില്‍ക്കാനും കഴിയില്ല.

ഒരു ഏജന്റ്‌ മുഖേനയാണ്‌ ഈ വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്‌ വീസായില്‍ ബ്രിട്ടനിലെത്തുന്നത്‌. ട്യൂഷന്‍ ഫീസ്‌ ഇനത്തില്‍ 3600 പൗണ്‌ടും ഏജന്റ്‌ കമ്മീഷനായി 900 പൗണ്‌ടും അടക്കം ഏതാണ്‌ട്‌ ഏഴ്‌ ലക്ഷത്തോളം രൂപ മുടക്കിയാണ്‌ ഇവര്‍ യുകെയിലെത്തിയത്‌. ഈ വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന കോളജിന്‌ സര്‍ക്കാരിന്റെ ട്രസ്റ്റഡ്‌ സര്‍ട്ടിഫിക്കറ്റോ മറ്റു സാക്ഷ്യപത്രങ്ങളോ ഉണ്‌ടായിരുന്നില്ലെന്നും പറയുന്നു. ഇതേക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്കും വ്യക്തമായ മറുപടിയില്ല. ട്രസ്റ്റഡ്‌ പദവി ഉണ്‌ടായിരുന്നെങ്കില്‍ത്തന്നെ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ അത്‌ പുതുക്കി നല്‍കിയിട്ടില്ലെന്നുവേണം ഈ സംഭവത്തില്‍ നിന്നും അനുമാനിക്കാന്‍.

വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാല്‍ ക്രൊയ്‌ഡോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന ഒരു സോളിസിറ്റര്‍ സ്ഥാപനം, ഇമിഗ്രേഷന്‍ കാര്യാലയവുമായി ബന്ധപ്പെടുമെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.
ബ്രിട്ടനില്‍ വീണ്‌ടും കോളജ്‌ പൂട്ടി; 70 മലയാളി വിദ്യാര്‍ഥികള്‍ പെരുഴിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക