തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം അതീവ സുരക്ഷാ മേഖലയിലേക്കും കടന്നുകയറുന്നത് മനസിലാക്കാന്‍ ഇന്റലിജന്‍സ് വകുപ്പിന് കഴിയാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സെക്രട്ടറിയേറ്റിന്റെ മതില് ചാടിക്കടന്നതിന് പിന്നാലെ ക്ലിഫ് ഹൗസിന് മുന്നില്‍ വരെ സമരക്കാര്‍ എത്തിയതില്‍ ഇന്റലിജന്‍സ് വകുപ്പ് ഉന്നതരെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. പ്രതിഷേധങ്ങള്‍ കണ്ടെത്തുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വരുന്ന വീഴ്ചയെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. വിദ്യാര്‍ത്ഥി സമരം ചാനലുകളില്‍ ലൈവായി കാണിക്കുമ്ബോള്‍ പോലും പൊലീസുകാര്‍ സ്ഥലത്തില്ലാത്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേല്‍ക്കുകയും തുടര്‍ന്ന് സര്‍വകലാശാല ഉത്തരക്കടലാസ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തതോടെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന കെ.എസ്.യു നഗരത്തിലെമ്ബാടും ഓടിനടന്ന് കരിങ്കൊടി കാണിച്ചും മതിലുചാടിയും പ്രതിഷേധിക്കുന്നത് പൊലീസിനും നാണക്കേടാണ്. പലപ്പോഴും പ്രവര്‍ത്തകരെത്തി പ്രതിഷേധം അവസാനിച്ച് മടങ്ങുമ്ബോഴാണ് ഇക്കാര്യം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്താറുള്ളത്. കഴിഞ്ഞ ദിവസം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി തിരികെ പോകുന്നതിനിടെയാണ് കേരള സര്‍വകലാശാല വി.സിക്ക് നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു സംഘം രാജ്ഭവന് സമീപം കാറില്‍ കാത്തിരിക്കുകയായിരുന്നു. സ്ഥലത്താകട്ടെ രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ മറ്റ് പൊലീസുകാരുമുണ്ടായിരുന്നില്ല. വി.സിയുടെ കാര്‍ തിരികെ രാജ്ഭവന്റെ കവാടം പിന്നിട്ടതോടെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ചാടിവീണു. വി.സിയും കൂടെയുണ്ടായിരുന്ന പൊലീസും അമ്ബരന്ന് നില്‍ക്കെ കെ.എസ്.യുക്കാര്‍ മുദ്രാവാക്യം വിളിച്ച് തകര്‍ത്തു. കരിങ്കൊടി ഉയര്‍ത്തി വി.സിയുടെ കാറില്‍ ഇടിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ കണ്ട് പൊലീസ് അല്പസമയത്തേക്ക് പകച്ച് നിന്നു. ശേഷം പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും കാറിന് മുന്നില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചതോടെ സംഗതി വഷളായി. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നടക്കം കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി ഒരുവിധം വി.സിയുടെ കാര്‍ കടത്തിവിടുകയായിരുന്നു.
മന്ത്രിസഭായോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഒാഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലും കെ.എസ്.യുക്കാര്‍ മതില്ചാടിക്കടന്നുചെന്ന് പ്രതിഷേധിച്ചു. എം.എല്‍.എ ബല്‍റാമിനെ സെക്രട്ടേറിയറ്റില്‍ കയറ്റിയില്ലെന്ന് പറഞ്ഞ് സൗത്ത് ഗേറ്റിലും പ്രതിഷേധം നടത്തി. കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് അനക്സിന്റെ മതില്‍ചാടിക്കടന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഒാഫീസിന് മുന്നിലും കെ.എസ്.യുക്കാര്‍ പ്രതിഷേധം നടത്തി പൊലീസിനെ വെട്ടിലാക്കി. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലുമെത്തി പ്രതിഷേധിക്കാന്‍ ചില കെ.എസ്.യു പ്രവര്‍ത്തകര്‍ മുതിര്‍ന്നു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കാനെത്തുമ്ബോള് ഇവിടങ്ങളില്‍ മതിയായ വനിതാ പൊലീസിനെ സുരക്ഷയ്ക്കായി നിറുത്താറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് സുരക്ഷാ മേഖലകളിലെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതിലുള്ള വീഴ്ചയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ സമരങ്ങളുടെ സാധ്യതകളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഒന്നോ രണ്ടോ പേര് ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഒരിക്കലും സാധിക്കില്ലെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിശദീകരണം.