Image

ഉത്സവ വിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം

Published on 01 May, 2012
ഉത്സവ വിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം
തൃശൂര്‍: നാദ,താള,വര്‍ണ ലയങ്ങളുടെ പൂര ലഹരിയില്‍ ഉത്സവ വിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം. രാവിലെ ചെറുതായി മഴ ചാറിയിരുന്നെങ്കിലും പിന്നീട് അന്തരീക്ഷവും പൂരത്തിന്റെ വര്‍ണത്തില്‍ തെളിഞ്ഞപ്പോള്‍ ആയിരങ്ങളാണ് പൂരത്തിന്റെ ലഹരി അനുഭവിക്കാന്‍ തൃശൂരിലേക്ക് ഒഴുകിയെത്തിയത്. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുരത്തിലൂടെ വെയിലും മഞ്ഞുമേല്‍ക്കാതെ രാവിലെ 7.30 ന് കണിമംഗലം ശാസ്താവ് എഴുന്നെള്ളിയതോടെയാണ് വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്തേക്കുള്ള ഘടകപൂരങ്ങളുടെ വരവ് തുടങ്ങിയത്.

തുടര്‍ന്ന് ഏഴരയ്ക്ക് തിരുവമ്പാടി ഭഗവതിയുടെ പുറത്തേക്ക് എഴുന്നെള്ളിപ്പ് നടന്നു. പിന്നീട് പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത്. ഓരോരുത്തരും എത്തി വടക്കുംനാഥനെ വണങ്ങി മടങ്ങി. ചൂരക്കോട്ടുകാവ് ഭഗവതി 14 ആനകളുമായിട്ടാണ് എഴുന്നെള്ളിയത്. ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ളത് ചൂരക്കോട്ടുകാവിലാണ്. 11.30 ന് പ്രശസ്തമായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തില്‍ വരവ് ആരംഭിച്ചു. അന്നമനട പരമേശ്വരമാരാരാണ് പഞ്ചവാദ്യത്തിന് പ്രമാണിയായത്. തിരുവമ്പാടി ശിവസുന്ദറാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.

ചെറുകുടമാറ്റത്തോടെ പാറമേക്കാവിന്റെ എഴുന്നള്ളത്ത് വടക്കുന്നാഥന്റെ സന്നിധിയിലെത്തിയശേഷം ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാരും സംഘവും രണ്ട് മണിയോടെ പാണ്ടിമേളത്തിന്റെ രൗദ്രതയൊരുക്കി. ഇലഞ്ഞിച്ചുവട്ടില്‍ കലാശമായപ്പോഴേക്കും സൂര്യന്‍ ഇറങ്ങിത്തുടങ്ങിയിരുന്നു. പിന്നെ തെക്കേഗോപുരനടയിലെ ലോകം കാണുന്ന പൂരം. നാലരയോടെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഇരുഭഗവതിമാരും മുഖാമുഖം. 

മുപ്പതാനപ്പുറത്ത് 90 സെറ്റോളം കുടകള്‍ ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്ന ആര്‍പ്പു വിളികളുടെ അകമ്പടിയോടെ കയറിയിറങ്ങിയതോടെ പൂരാവേശം പാരമ്യത്തിലെത്തി. പതിവുപോലെ ചുവപ്പിലുള്ള കുടകളോടെയാണ് ഇരുവിഭാഗവും മത്സരം തുടങ്ങിയത്. നിശ്ചയിച്ചതിലും ഏറെ നേരം കുടമാറ്റം നീണ്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്ന വെടിക്കെട്ട് പുലര്‍ച്ചെ ആറുവരെ നീളും. ാവിലെ വടക്കുന്നാഥ സന്നിധിയിലേക്ക് വീണ്ടും എഴുന്നള്ളുന്ന ദേവിമാര്‍ 12ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക