മുക്കം: ഓമശ്ശേരി ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി നഈംഅലി. ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചയ്ക്കിടെ ഇയാള്‍ ജ്വല്ലറി ജീവനക്കാരുടെ പിടിയിലായത്. പിടിയിലായതോടെ ബോധരഹിതനായ ഇയാളെ പൊലീസ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ബോധം തെളിഞ്ഞ ശേഷം കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തതില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഓമശേരിക്കടുത്ത പൂളപൊയിലിലും ചാത്തമംഗലം പഞ്ചായത്തിലെ കളന്തോടിലും താമസിച്ചിരുന്ന പ്രതികള്‍ ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് കവര്‍ച്ച നടത്തിയത്.
രാത്രിയില്‍ പൊതുവെ ആളുകള്‍ കുറവായ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ശാദി ജ്വല്ലറി കവര്‍ച്ചയ്ക്ക് തളരഞ്ഞെടുത്തത് അങ്ങനെയാണ്.
ജ്വല്ലറി ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി നിര്‍ത്തി ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും എടുത്ത് കടന്ന് കളയാനായിരുന്നു പ്ലാന്‍. ബംഗാളിലോ ജാര്‍ഖണ്ഡിലോ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുകയും നാട്ടിലേയ്ക്ക് തിരിച്ചു പോകുകയുമായിരുന്നു ലക്ഷ്യം.
ജ്വല്ലറി ജീവനക്കാരുടെ അവസരോചിത ഇടപെടലില്‍ ഈ പ്ലാനെല്ലാം തകര്‍ന്നു. നഈം അലിയെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികള കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ ഉടന്‍ പിടിയിലാവും. നാടന്‍ പിസ്റ്റളാണ് നഈമില്‍ നിന്ന് പിടിച്ചെടുത്തത്. ഇത് ബംഗ്ലാദേശില്‍ നിന്നു വാങ്ങിയതാണ്. കവര്‍ച്ചക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇവരുടെ പ്ലാനെന്നറിയുന്നു. സ്ഥലത്ത് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും പരിശോധന നടത്തി.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൂന്നംഗ സംഘം ജീവനക്കാരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നത് . മുഖം മൂടിയും കയ്യുറയും ധരിച്ചാണ് ഇവര്‍ എത്തിയത്. 12.5 പവന് തൂക്കത്തിലുള്ള 15 വളകളാണ് നഷ്ടപ്പെട്ടത്.