അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ലൂസിഫര്‍ 2 എന്നതിനേക്കാള്‍ എമ്പുരാന് എന്നാണ് രണ്ടാം ഭാഗത്തെ വിളിക്കേണ്ടത്. ഇന്ന് കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മോഹന്‍ലാല്‍ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്തു. ലൂസിഫറിന്റെ വലിയ വിജയം രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് പൃഥ്വിയും ലാലും പറഞ്ഞത്.
ലൂസിഫര്‍ സിനിമയുടെ നേര് തുടര്‍ച്ചയാവില്ല രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന്റെ ടെയില്‍ എന്‍ഡില്‍ മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രം ഒരു സീനില്‍ മാത്രമായി രംഗത്ത് എത്തുന്നുണ്ട്. അബ്രാം ഖുറേഷിയുടെ കഥയാണ് എമ്പുരാന് പറയുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ കഥാതുടര്ച്ചയും എമ്പുരാനില്‍ ഉണ്ടാവും.
ലൂസിഫറിനേക്കാള്‍ വലിയ ബജറ്റിലാണ് എമ്പുരാന് ഒരുക്കുക എന്ന് ലാലും ആന്റണി പെരുമ്പാവൂരും പറഞ്ഞു. എമ്പുരാന് കൂടുതല്‍ വലിയ ക്യാന്‍വാസിലാണ് ഒരുക്കുക. ചിത്രത്തിന്റെ കഥ മാത്രമാണ് തയാറായിട്ടുള്ളതെന്നും അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൃഥ്വി പറഞ്ഞു. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും പൃഥ്വി അറിയിച്ചു.