മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
കൃത്യം ചെയ്ത അജാസും പൊലീസുകാരനാണ്. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ കാറില്‍ പിന്തുടര്ന്ന് വന്ന അവിവാഹിതനായ യുവാവ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് വാളെടുത്ത് വെട്ടിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതമായി തീ പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്ന് പൊലീസ് അറിയിക്കുന്നു. അക്രമിയും ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
മലപ്പുറം സ്വദേശിയാണ്അജാസ് . വിവരം അറിഞ്ഞ് ആലപ്പുഴ, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.