സന: യെമനില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരുന്ന ഒരു ജില്ലയുടെ നിയന്ത്രണം കൂടി സൈന്യം പിടിച്ചെടുത്തു. കിഴക്കന്‍ മേഖലയിലെ സിന്‍ജിബാര്‍ ജില്ലയുടെ നിയന്ത്രണമാണ് പിടിച്ചെടുത്തത്. സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയുടെ നിയന്ത്രണം പിടിക്കാനുള്ള കടുത്ത പോരാട്ടത്തില്‍ 25 അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി മുതലാണ് സൈന്യവും അല്‍-ക്വയ്ദയുമായി കടുത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം അബിയാന്‍ പ്രവിശ്യയിലെ ലോദറില് കടുത്ത പോരാട്ടം തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ് ആരംഭിച്ച പോരാട്ടത്തില്‍ 250 ഓളം തീവ്രവാദികളും 37 യെമന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.