ഒരാള്‍ അയാളുടെ കാമുകിയുമായി
ചുംബനത്തിലേര്‍പ്പെടുമ്പോള്‍ പ്രത്യേകിച്ചൊന്നും
സംഭവിക്കുന്നില്ലെങ്കിലും ആരും തോല്‍ക്കാത്ത രണ്ടു യുദ്ധങ്ങള്‍
തമ്മില്‍ ഒരു രഹസ്യ ഉടമ്പടിയില്‍
ഒപ്പുവെക്കപ്പെടുന്നുണ്ട്
ആരെവേണമെങ്കിലും നമുക്ക് ചുണ്ടുകള്‍കൊണ്ട്
ഉമ്മവെക്കാം മഴവരുമ്പോള്‍ കുടചൂടുന്നപോലെ ഒരു സാധാരണ കാര്യമാണത്
ദീര്‍ഘകാലത്തിന് ശേഷം കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍ ചുമലുകള്‍
ചേര്‍ത്തുവെച്ച് ഓര്‍മ്മകള്‍ കുഴിച്ചെടുത്ത് പങ്കുവെക്കും
പോലെ
പ്രവാസത്തിന്റെ കടലിലേക്കിറങ്ങും നേരം കണ്ണീരുപ്പുകൊണ്ട്
നല്ലപാതിയുടെ നെറ്റിയില്‍ വിരഹമുദ്ര പതിക്കുംപോലെ
ഇരുളിന്റെ
തെരുവോരങ്ങളില്‍ പച്ചയ്ക്ക് കത്തുന്നൊരുവളെ ലഹരിയുടെ കൂര്‍ത്ത കൊക്കിനാല്‍
കൊത്തിപ്പറിക്കും പോലെ
ഏകാന്തകാലത്തിന്റെ ഉമ്മറക്കോലായിലൊടുവില്
മറവിയുടെ തിരുവസ്ത്രമണിഞ്ഞിരിക്കുമ്പോള് മെഴുകുരുകി നിശ്ചലമായിപ്പോയ
അമ്മയുടെ കണ്ണുകളില്‍ ബാല്യത്തിന്റെ ഓര്‍മ്മകളെ കണ്ണീരുകൊണ്ടെഴുതും
പോലെ
വിജനതയുടെ പ്രേതഭവനത്തിലൂടെ തനിയെ
കയറിയിറങ്ങുംപോലെ ത്രസിപ്പിക്കുന്ന ഭയാനുഭവമാണത്
കടല്‍ത്തീരത്തോ
പാര്‍ക്കിലോ റോഡരികിലോ റെസ്റ്റോറന്റിലോ തോന്നുന്നിടത്തു വെച്ച് അവളെ
ചുംബിക്കുക സാധ്യമല്ല
അധര സ്പര്‍ശങ്ങളുടെ ഓരോ കയറ്റിറക്കങ്ങളിലും
ഒരു ഭൂമി നിറയെ ആളുകള്‍ തുറിച്ചുനോക്കുന്നല്ലോ എന്ന ജിജ്ഞാസയില്‍
പൊരിയണം പൊത്തുകളില്‍ നിന്ന് തലനീട്ടുന്ന ചെറുജീവികളെ
പേടിക്കണം
അവളെ മാത്രമേ നിങ്ങള്‍ക്ക് ഹൃദയം കൊണ്ട് ചുംബിക്കാന്‍
കഴിയുകയുള്ളു മഴ വീണ് വീണ് വഴുക്കുന്ന പാറക്കെട്ടു പോലെ കടുത്തതും
ചവിട്ടിക്കുഴച്ച കളിമണ്ണ് പോലെ പശിമയുള്ളതുമായിരിക്കും അവളുടെ
ചുണ്ടുകള്‍
എത്രയെഴുതിയാലും തീരാത്ത കവിതയുടെ വര്‍ണ്ണക്കടലാസു
പോലെയിരിക്കും അന്നേരം അവളുടെ കവിളുകള്‍
കാമുകിയെ ചുംബിക്കും
മുമ്പ് നിങ്ങളുടെ ചുണ്ടുകള്‍ നനഞ്ഞ വെടിമരുന്നുപോലെ
നിര്വ്വീര്യമായിരിക്കും അതിനാല്‍ അവളെ ഹൃദയം കൊണ്ട് ചുംബിച്ച്
കാലവര്ഷക്കടലാക്കുക ഇടിമിന്നലുകളുടെ ഉന്മാദരാത്രിയാക്കുക ഇണചേരുന്ന
നക്ഷത്രങ്ങളുടെ നീലമേഘം പുതച്ച ഉടലാക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല