അല്‍കോബാര്‍/ആലപ്പുഴ: ക്യാന്‍സര്‍ രോഗബാധിതയായ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന പ്രവാസി വനിതയ്ക്ക്, നവയുഗം സാംസ്ക്കാരികവേദി ചികിത്സധനസഹായം കൈമാറി.
ചേര്‍ത്തല അരൂകുറ്റി സ്വദേശിനി ശ്രീമതി ജയന്തിയുടെ ചികിത്സയ്ക്കാണ് നവയുഗം കോബാര്തുഗ്ബ മേഖല കമ്മിറ്റികള്‍ ചികിത്സ ധനസഹായം സമാഹരിച്ചത്. സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രെട്ടറി ടി.ജെ.അഞ്ചലോസിന്റെ നേതൃത്വത്തില്‍ ജയന്തിയുടെ വീട്ടില്‍ എത്തിയാണ് സഹായധനം കൈമാറിയത്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് എം.കെ.ഉത്തമന്, മണ്ഡലം സെക്രട്ടറി കെ.കെ.പ്രഭാകരന്, ജില്ലാകമ്മിറ്റിഅംഗം മേനക ബാലകൃഷ്ണന്, നവയുഗം, പ്രവാസിഫെഡറേഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോബാര്‍ തുഗ്ബെയില്‍ ഒരു സ്ക്കൂളില്‍ ക്ളീനിങ് സ്റ്റാഫ് ആയി ജോലി നോക്കി വരികയായിരുന്ന ജയന്തി, തുടരെ തുടരെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് നടത്തിയ വിദഗ്ധപരിശോധനയിലാണ്, ക്യാന്‍സര്‍ രോഗമാണ് ബാധിച്ചത് എന്ന് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോകുകയായിരുന്നു. നവയുഗം തുഗ്ബ ലേഡീസ് യൂണിറ്റ് അംഗമായിരുന്ന ജയന്തിയുടെ ചികിത്സയ്ക്ക് സഹായം നല്‍കാനായി യൂണിറ്റ് കമ്മിറ്റി മുന്‍കൈ എടുക്കുകയായിരുന്നു. യൂണിറ്റ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, നവയുഗം കോബാര്‍ മേഖല, തുഗ്ബ മേഖല കമ്മിറ്റികള്‍ സംയുക്തമായി നവയുഗം അംഗങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ ധനസഹായം സമാഹരിയ്ക്കുകയായിരുന്നു.