വിശാഖപട്ടണം: 48റണ്‍സും അഞ്ചു വിക്കറ്റുമായി ബാറ്റിങ്ങിലും ബോളിങ്ങിലും രവീന്ദ്ര ജഡേജ മിന്നിത്തിളങ്ങിയപ്പോള്‍ ചെന്നൈസൂപ്പര്കിങ്സ് ഡെക്കാന്‍ ചാര്‍ജേഴ്സിനെ 74 റണ്‍സിനു തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ , ഡ്വെയ്ന്‍ ബ്രാവോയും കരുത്തു പകര്‍ന്നതോടെ ആറു വിക്കറ്റിന് 193 റണ്‍സ് നേടി. ഡെക്കാന്‍ 17.1 ഓവറില്‍ 119 റണ്‍സിനു പുറത്തായി. ജഡേജ 29 പന്തുകളില്‍ 48 റണ്‍സ് നേടിയപ്പോള്‍ ബ്രാവോ 18 പന്തുകളില്‍ 43 റണ്‍സു നേടി.
ജഡേജ നേടിയതിനു ശേഷമുള്ള വിക്കറ്റുകള്‍ ജകതിയും ബോളിഞ്ചറും (രണ്ടുവീതം) റെയ്നയും (ഒന്ന്)പങ്കിട്ടു.23 റണ്‍സ് നേടിയ വൈറ്റ് ആണ് ഡെക്കാന്റെ ടോപ്പ് സ്കോറര്‍. ചെന്നൈക്കു വേണ്ടി അവസാന രണ്ടോവറില്‍ നിന്നു മാത്രം ബ്രാവോ വാരിക്കൂട്ടിയത് 40 റണ്‍സ്. അഞ്ചു സിക്സര്‍ നിറം പകര്‍ന്ന ഇന്നിങ്സില്‍ മൂന്നു സിക്സറും പറന്നത് ഗോണി എറിഞ്ഞ അവസാന ഓവറിലായിരുന്നു . 19-ാം ഓവറില്‍ 17 റണ്‍സും 20-ാം ഓവറില്‍ 23 റണ്‍സുമാണ് ചെന്നൈ സ്വന്തമാക്കിയത്.
ഓപ്പണര്‍ ഡു പ്ലെസിസിന്റെ മിന്നല്‍ പ്രകടനമാണു ചെന്നൈ ഇന്നിങ്സിനെ നയിച്ചത്. 25 പന്തുകളില്‍ നാലു സിക്സറും ഒരു ബൗണ്ടറിയുമായി 36 റണ്‍സെടുത്തു. നാലാംവിക്കറ്റില്‍ ബദരിനാഥും ജഡേജയും ചേര്‍ന്ന് 31 റണ്‍സെടുത്തു. ധോണി പുറത്തായത് ചെന്നൈയ്ക്കു തിരിച്ചടിയായെങ്കിലും ജഡേജ ആക്രമണം തുടര്‍ന്നു. ജഡേജ ഹിറ്റ്വിക്കറ്റ് ആയതിനെ തുടര്‍ന്നായിരുന്നു ബ്രാവോയുടെ കടന്നാക്രമണം.