Image

മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം നാളെ തുടങ്ങും

Published on 25 March, 2012
മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം നാളെ തുടങ്ങും
ഹവാന: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു കത്തോലിക്കാ സഭാ മേധാവിയുടെ സന്ദര്‍ശനത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാനുള്ള ശ്രമത്തിലാണ് കമ്യുണിസ്റ്റ് ക്യൂബ. കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് ഏറെ കീര്‍ത്തിയുള്ള ക്യൂബയിലെ മൂന്നുദിന സന്ദര്‍ശനം പോപ്പ് ബെനെഡിക്ട് പതിനാറാമന്‍ നാളെ തുടങ്ങും. 

ദിവസങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കോയില്‍ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം കാലഹരണപ്പെട്ടെതന്ന് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ ക്യൂബയിലെത്തുന്ന പോപ്പിന്റെ സന്ദര്‍ശനം സാകൂതമാണ് ലോകം വീക്ഷിക്കുന്നത്. 

സഭയ്ക്കും വിശ്വാസികള്‍ക്കുമെതിരേ മുന്പുണ്ടായുരിന്നത് പോലെയുള്ള എതിര്‍പ്പ് ഇന്ന് ക്യൂബയിലില്ല. അതുകൊണ്ട് തന്നെ വിശ്വാസികള്‍ പാതകളും വീടുകളും അലങ്കരിച്ച് മാര്‍പാപ്പയെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ്. പോപ്പിന്റെ സന്ദര്‍ശനം ക്യൂബയിലെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്. 

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്യൂബന്‍ സമൂഹം കാണുന്നത്. 1998 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ ക്യൂബ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബെനഡിക്ട് പതിനാറാമനും അതേ വഴി സ്വീകരിച്ചിരിക്കുന്നത്. ജോണ്‍പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്യൂബന്‍ സമൂഹത്തില്‍ വിശ്വാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. ജനസംഖ്യയില്‍ പത്ത് ശതമാനം ഇപ്പോള്‍ കത്തോലിക്ക വിശ്വാസികളാണ്. 

പോപ്പിന്റെ പ്രയോജനകരമായ ആശയങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്രിഗ്വിസ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോപ്പിന്റെ കമ്യൂണിസ്റ്റ് വിരോധം കാര്യമായി എടുത്തിട്ടില്ലെന്ന സൂചനയാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ സാമൂഹിക സംവിധാനമാണ് ഇപ്പോള്‍ ക്യൂബയുടേതെന്നും റോഡ്രിഗ്വിസ് പറഞ്ഞു. പ്രസിഡന്റ്് റൗള്‍ കാസ്‌ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക