കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസ് സ്ഥാനമൊഴിയുന്നു. ഈ വര്‍ഷം
അവസാനത്തോടെ പദവി ഒഴിയുമെന്ന് അദ്ദേഹം വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ പുരുഷ,വനിതാ വിവേചനം അവസാനിപ്പിക്കാന്‍
ഏറെ പൊരുതിയ ബിഷപ്പാണ് റോവാന്‍ വില്യംസ്. 2002 ഡിസംബറില്‍ കാന്റര്‍ബറി
ബിഷപ്പായി സ്ഥാനമേറ്റ റോവാന്‍ വില്യംസ് ഈ ഡിസംബറില്‍ സ്ഥാനമൊഴിയുമെന്നാണ്
പ്രഖ്യാപിച്ചിരിക്കുന്നത്. 70 വയസ്സാണ് വിരമിക്കാനുള്ള സാധാരണ പ്രായം.
റോവാന്‍ വില്യംസിന് 61 വയസ്സേ ആയിട്ടുള്ളൂ. നേരത്തേ സ്ഥാനമൊഴിയുന്നതിന്റെ
കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
വിരമിച്ചതിനുശേഷം കേംബ്രിജ് സര്‍വകലാശാലയിലെ മഗ്ദലന കോളേജില്‍
പഠിപ്പിക്കാന്‍ പോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. നേരത്തേ ഓക്സ്ഫഡിലും
കേംബ്രിജിലും ദൈവശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ വില്യം രാജകുമാരന്റെ മിന്നുകെട്ടിന് കാര്‍മികത്വം വഹിച്ചത്
ബിഷപ്പ് റോവാന്‍ വില്യംസായിരുന്നു.