മിര്‍പൂര്‍: സച്ചിന് തെന്‍ഡൂല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബംഗ്ലാദേശ് അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 290 റണ്‍സ് ബംഗ്ലാദേശ് നാല് പന്ത് ബാക്കി നില്‍ക്കേ മറികടന്നു. തമീം ഇക്ബാല്‍ (70), നാസിര്‍ ഹുസൈന് (54), ജഹറുള്‍ ഇസ്ലാം (53), സാക്കിബ് അല്‍ ഹസന് (49), മുഷ്ഫിക്കര്‍ റഹീം (പുറത്താകാതെ 46) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്‍ കുമാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ സച്ചിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 289 റണ്‍സ് നേടിയിരുന്നു. നൂറാം സെഞ്ചുറി (114) നേടിയ സച്ചിനു പുറമെ അര്‍ധസെഞ്ചുറികള്‍ പിന്നിട്ട വിരാട് കോഹ്ലി (66), സുരേഷ് റെയ്ന (51) എന്നിവരും തിളങ്ങി. 38 പന്ത് മാത്രം നേരിട്ട് 51 റണ്‍സ് നേടിയ റെയ്ന ഇന്ത്യന്‍ മധ്യനിരയ്ക്ക് കരുത്ത് പകര്‍ന്നു. അഞ്ച് ഫോറും രണ്ടു സിക്സും റെയ്ന നേടി. ബംഗ്ലാദേശിന് വേണ്ടി മഷ്റഫീ മോര്‍ത്താസ രണ്ടു വിക്കറ്റും സഫിയുള്‍ ഇസ്ലാം അബ്ദുര്‍ റസാഖ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.