Image

പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published on 16 March, 2012
പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്പൂതിരി (ആര്യന്‍ നമ്പൂതിരി34) ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസമാണ് കാലാവധി. വെള്ളിയാഴ്ച നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

ഇരുപത്തിരണ്ടുവര്‍ഷമായി ഗുരുവായൂരപ്പനെ പൂജിക്കുന്ന സുമേഷ് ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

രണ്ടുപ്രാവശ്യം മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ്. രണ്ടുതവണ മേല്‍ശാന്തിയായ പഴയത്ത് കൃഷ്ണന്‍ നമ്പൂതിരി ചെറിയച്ഛനാണ്. 

സുമേഷ് നമ്പൂതിരി, വടക്കേ മലബാറില്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ താന്ത്രികകര്‍മങ്ങള്‍ നടത്തുന്നുണ്ട്. അമ്മ: ശ്രീദേവി അന്തര്‍ജനം. ഭാര്യ: കുന്നംകുളം ചിറ്റഞ്ഞൂര്‍ മംഗലത്ത് മനയിലെ സുധ. ഗൗതം കൃഷ്ണ, ഗൗരികൃഷ്ണ എന്നിവര്‍ മക്കള്‍.

മേല്‍ശാന്തി സ്ഥാനത്തേക്ക് 46 അപേക്ഷകരുണ്ടായിരുന്നു. 45 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 36 പേര്‍ പങ്കെടുത്തു. തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 34 പേര്‍ യോഗ്യത നേടി. ഉച്ചപ്പൂജയ്ക്കുശേഷം നമസ്‌കാരമണ്ഡപത്തില്‍ വെള്ളികുംഭത്തില്‍ നിക്ഷേപിച്ച 34 നറുക്കുകളില്‍നിന്ന് മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി നറുക്കെടുത്തു. തന്ത്രിമാരായ ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക