Madhaparam

ഫാ. ടോം ഉഴുന്നാലില്‍: യാതനയുടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ (റീന വര്‍ഗീസ്)

Published

on

രാമപുരത്തെ ഉഴുന്നാലില്‍ വീട് ഇപ്പോള്‍ ശ്മശാന മൂകതയിലാണ് . ഇവിടെ വീശുന്ന കാറ്റിനു പോലുമുണ്ട് ഹൃദയാന്തരാളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന താപാധിക്യം....?. . ഇന്നു ലോകമൊട്ടാകെ ഉററു നോക്കുന്ന വന്ദ്യ വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ പിറന്നതും പിച്ച വച്ചതും ഇവിടെയാണ് .വളര്‍ന്നതും ഓടിക്കളിച്ചതും ഈ മണ്ണിലാണ് . ക്രിസ്തീയതയെ ആഴത്തിലറിഞ്ഞതും അനുഭവിച്ചതും ഈ ഇടവകപ്പള്ളിയിലെ പുണ്യവൈദികരില്‍ നിന്നും പുണ്യാത്മാക്കളായ പൂര്‍വസൂരികളില്‍ നിന്നുമാണ്. പണ്ടു തന്നെ രാമപുരത്തു കുഞ്ഞച്ചനെന്ന പുണ്യശ്ലോകനായ വൈദികനാല്‍ അനുഗൃഹീതമാണ് ഈ ഗ്രാമഭൂമി. അതു കൊണ്ടു തന്നെ ഇന്നീ നാടിന്റെ കണ്ണീരും ലോകത്തെയാകെ കണ്ണീരിലാഴ്ത്തുന്നു , ഫാ. ടോം ഉഴുന്നാലിനെ കുറിച്ചുള്ള ഓര്‍മകളിലൂടെ ....?....?

2016 മാര്‍ച്ച് നാല്. അന്നൊരു ആദ്യ വെള്ളിയാഴ്ചയായിരുന്നു . ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ രാപകലില്ലാതെ പ്രാര്‍ഥനയില്‍ മുഴുകുന്ന ദിവസം ...അന്നാണ് ...ആ ആദ്യ വെള്ളിയാഴ്ചയാണ് ,സൌത്ത് യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന വൃദ്ധമന്ദിരത്തില്‍ നിന്ന് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത് . ഇന്ത്യക്കാരിയായ ഒരു സന്യാസിനിയടക്കം പതിനാറു പേരെ കൂട്ടക്കൊല ചെയ്തതിനു ശേഷമായിരുന്നു ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത് . അങ്ങനെ വിശ്വാസത്തിനു വേണ്ടി , മനുഷ്യ സ്‌നേഹത്തിനു വേണ്ടി , കര കവിയുന്ന കാരുണ്യത്തിനു വേണ്ടി വീണ്ടുമൊരു ദുഖ വെള്ളി പുനര്‍ജനിച്ചൂ അന്നവിടെ ....

അന്നു പൊതുവേ നഗരം മൂകമായിരുന്നു . വലിയ ബഹളങ്ങളൊന്നുമുണ്ടായിരുന്നില്ല . സാധാരണ രാവിലെ ചാപ്പലിലെ കുര്‍ബാനയ്ക്കു ശേഷം ഉഴുന്നാലിലച്ചന്‍ പ്രഭാത ഭക്ഷണത്തിനെത്താറുള്ളതാണ് . അന്നു പക്ഷേ , പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അച്ചന്‍ ചാപ്പലില്‍ പ്രാര്‍ഥനാ നിരതനായിരിക്കുന്നതാണ് കണ്ടത് .

വരാനിരിക്കുന്ന ഗത്സമെന്‍ അനുഭവത്തെ കുറിച്ച് ആ സ്‌നേഹദൂതന് ദൈവം അരുളപ്പാടു നല്‍കിയതാണോ ....? എന്തായാലും അച്ചന്‍ അന്ന് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ വൃദ്ധമന്ദിരത്തില്‍ നിന്നു പതിവില്ലാതെ നിലവിളികളുയര്‍ന്നു ... വെടിയൊച്ചകള്‍ മുഴങ്ങി ... ഒന്നോ രണ്ടോ അല്ല , നിരവധി തവണ ..... കാര്യങ്ങളുടെ ഗൌരവം ഗ്രഹിച്ച അച്ചന്‍ നേരെ സക്രാരിയിലേക്കോടി .

നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുശരീരം......അതെങ്ങാനുമവരുടെ കയ്യില്‍ കിട്ടിയാല്‍....?..അച്ചനാലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല . അദ്ദേഹം കിട്ടിയതത്രയും വിഴുങ്ങി . പറ്റാതെ വന്നത് വെള്ളത്തിലലിയിച്ച് ഒഴുക്കി കളഞ്ഞു . ഇത്രയുമായപ്പോഴേയ്ക്കും സായുധരായ തീവ്രവാദികള്‍ ചാപ്പലില്‍ പ്രവേശിച്ചിരുന്നു . പിന്നെ നടന്നതെല്ലാം തികച്ചും നാടകീയം . ഇന്നിപ്പോള്‍ അച്ചനു വേണ്ടി ലോകം പ്രാര്‍ഥനയോടെ കാത്തിരിക്കുന്നതു വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍ ...

അന്നു രാവിലെ പതിവു പോലെ എട്ടു മണിയായപ്പോള്‍ പരിശുദ്ധ കുര്‍ബാന കഴിഞ്ഞ് സിസ്റ്റേഴ്‌സ് അഞ്ചു പേരും ഹോമിലേക്കു മടങ്ങി . എട്ടരയായപ്പോഴേയ്ക്കും ഐസിസ് യൂനിഫോമായ ബ്ലൂ ഡ്രസിട്ട് ഏതാനും പേര്‍ ഓള്‍ഡ് ഏജ് ഹോമിലേക്കു കടന്നു വന്നു . ആദ്യം തന്നെ അവര്‍ ഹോമിന്റെ ഡ്രൈവറെയും സെക്യൂരിറ്റി ഗാര്‍ഡിനെയും വെടിയുണ്ടകള്‍ക്കിരയാക്കി .

ഇതോടെ ക്രിസ്ത്യാനികളായ അഞ്ച് എത്യോപ്യക്കാര്‍ ഈ ദുരന്തത്തെക്കുറിച്ച് അലമുറയിട്ട് വിളിച്ചറിയിച്ചു കൊണ്ട് സിസ്റ്റേഴ്‌സിന്റെയടുത്തേക്ക് ഓടി. എന്നാല്‍ അവരെയെല്ലാവരെയും കൊല്ലാനായി ഭീകരരുടെ ശ്രമം . പ്രാണരക്ഷാര്‍ഥം അവരില്‍ ചിലര്‍ അടുത്തുള്ള മരത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചെങ്കിലും ഭീകരരുടെ വെടിയുണ്ടകള്‍ അവരുടെ ജീവനെടുത്തു . മരങ്ങളില്‍ കെട്ടിയിട്ട് ....തലയ്ക്കു വെടിയുതിര്‍ത്തായിരുന്നു ഭീകരരുടെ അഴിഞ്ഞാട്ടം ...

ഭയാക്രാന്തരായ സിസ്റ്റേഴ്‌സ് രണ്ടു വ്യത്യസ്ത ദിശകളിലേയ്ക്ക് ഈരണ്ടു പേര്‍ വീതം ഓടി രക്ഷപെടാന്‍ ശ്രമിച്ചു . വൃദ്ധ മന്ദിരത്തിലെ പുരുഷന്മാരും സ്ത്രീകളുമായ എല്ലാ അന്തേവാസികളുടെയും പ്രാണനു വേണ്ടിയുള്ള നിലവിളി ദിക്കുകള്‍ പൊട്ടുമാറുയര്‍ന്നു . ഇതിനിടെ നാലു ജീവനക്കാര്‍ അലറിക്കരഞ്ഞു പറഞ്ഞു ....ഞങ്ങളുടെ സിസ്റ്റേഴ്‌സിനെ കൊല്ലരുതേ ..... ഞങ്ങളുടെ സിസ്റ്റേഴ്‌സിനെ കൊല്ലരുതേ
.....പതിനഞ്ചു വര്‍ഷമായി അവരുടെ പാചകത്തൊഴിലാളിയായി അവിടെ പ്രവര്‍ത്തിച്ചിരുന്നസ്ത്രീയായിരുന്നു അതിലൊരാള്‍ . പക്ഷേ ....സാത്താനുണ്ടോ ദയയും കാരുണ്യവും...
സമാധാനത്തിന്റെ ആ വെള്ളരിപ്രാവുകള്‍ക്കു മീതെ വെടിയൊച്ചകള്‍ മുഴങ്ങി ...ഒന്നല്ല ...രണ്ടല്ല.....നിരവധി തവണ ..

ആദ്യം തന്നെ അവര്‍ സിസ്റ്റര്‍ ജൂഡിത്തിനെയും സിസ്റ്റര്‍ റെജിനെറ്റിനെയും പിടികൂടി . ബന്ധിതരാക്കിയ അവരുടെ ശിരസില്‍ തന്നെ നിറയൊഴിച്ചു . തൊട്ടു പുറകേ ബീഹാറിയായ സിസ്റ്റര്‍ അന്‍സലമിനെയും സിസ്റ്റര്‍ മാര്‍ഗരറ്റിനെയും പിടികൂടി ബന്ധിച്ച ശേഷം ശിരസില്‍ വെടിയുതിര്‍ത്തു വധിച്ചു . ടോമച്ചനെ വിവരമറിയിക്കാന്‍ ചാപ്പലിലേക്കോടിയതിനാല്‍ സുപ്പിരീയറായ സിസ്റ്റര്‍ സാലിക്ക് എത്ര ഭീകരര്‍ അകത്തെത്തിയെന്നോ ഏതു വിഭാഗത്തില്‍ പെട്ടവരെന്നോ അറിയാനായില്ല . തിരിച്ച് റഫ്രിജറേറ്റര്‍ റൂമിലെത്തിയ സിസ്റ്റര്‍ കണ്ടത് തന്റെ പ്രിയപ്പെട്ട സിസ്റ്റേഴ്‌സും സഹായികളുമടക്കം എല്ലാവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് . 

വാതിലുകളത്രയും തുറന്നു കിടന്നിരുന്നു . എന്നാല്‍ ഭീകരര്‍ പോയിരുന്നില്ല . അഞ്ചു സിസ്റ്റേഴ്‌സ് അവിടെയുണ്ടെന്ന് ഭീകരര്‍ക്കറിയാമായിരുന്നു . അതു കൊണ്ടു തന്നെ രക്ഷപെട്ട ഒരാള്‍ക്കായി അവര്‍ തിരച്ചില്‍ നടത്തുകയായിരുന്നു ആ ഹോമിലെമ്പാടും അപ്പോള്‍ . ആളനക്കം കേട്ട് വാതിലിനിടയില്‍ മറഞ്ഞു നിന്ന സിസ്റ്റര്‍ സാലിയെ എന്തു കൊണ്ടോ അവര്‍ കാണാതെ പോയി .
ഇതിനിടയില്‍ ഭീകരര്‍ ടോമച്ചനെ അവരുടെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയതായി അയല്‍ വാസി പറഞ്ഞ് സിസ്‌ററര്‍ അറിഞ്ഞു . അപ്പോഴേയ്ക്കും സമയം രാവിലെ പത്തേകാലായിരുന്നു

ഇതിനിടെ കൊല്ലപ്പെട്ട ഓള്‍ഡ് ഏജ് ഹോമിലെ പാചകക്കാരിയുടെ മകന്‍ അവരെ ഫോണില്‍ വിളിച്ചു . റിങ് ചെയ്തിട്ടും മറുപടിയില്ലാതായതോടെ അയാള്‍ യെമനി പോലീസില്‍ വിവരമറിയിച്ചു . പത്തരയോടെ പോലീസും പാചകക്കാരിയുടെ മകനും ഏദനിലെ ഓള്‍ഡ് ഏജ് ഹോമിലെത്തിയപ്പോഴാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല പുറം ലോകമറിഞ്ഞത് . അപ്പോള്‍ കാരുണ്യനാഥനെയോര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് തന്റെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കരികില്‍ ....ഇനിയും മരിക്കാത്ത വെടിയുണ്ടകളേറ്റു പിടയുന്ന പാവം സഹവാസികള്‍ക്കു ധൈര്യം പകര്‍ന്ന് അവരുടെ മുറിവുകള്‍ വച്ചു കെട്ടി ....അവരെ ആശ്വസിപ്പിച്ച് ...സ്വയമുരുകുകയായിരുന്നു ആ കര്‍ത്താവിന്റെ മണവാട്ടി ...രണ്ടായിരാമാണ്ടു മുമ്പ് ഗാഗുല്‍ത്തായില്‍ ലോകത്തിനായി സമര്‍പ്പിക്കപ്പെട്ട ക്രൂശിതന്റെ മണവാട്ടി .......

പോലീസ് ആവശ്യപ്പെട്ടിട്ടും അനാഥരും അവശരുമായ അവരെ വിട്ടു പോരാന്‍ സിസ്റ്റര്‍ തയാറായിരുന്നില്ല . സിസ്റ്റര്‍ പോകുമെന്നു ഭയന്ന് അവിടെയുണ്ടായിരുന്ന അന്തേവാസികള്‍ ഉറക്കെ കരഞ്ഞു .
ഞങ്ങളെ ഉപേക്ഷിക്കരുതേ സിസ്റ്റര്‍ .....ഞങ്ങളെ വിട്ടു പോകരുതേ സിസ്റ്റര്‍ .....
തന്നെ വിളിച്ചു കേഴുന്ന ഈ പാവങ്ങളെ വിട്ടു വരില്ലെന്ന് സിസ്റ്റര്‍ തീര്‍ത്തു പറഞ്ഞു . 

എന്നാല്‍ പോലീസ് ബലംപ്രയോഗിച്ച് സിസ്റ്ററെ കൊണ്ടു പോയി . കാരണം അവരഞ്ചു സിസ്റ്റേഴ്‌സാണെന്നറിഞ്ഞു തന്നെയാണ് ഭീകരര്‍ എത്തിയത് . അതിനാല്‍ തന്നെ ഇവിടെ തുടരുന്നത് സിസ്റ്ററുടെ ജീവിതത്തിനു ഭീഷണിയാണ് . ഇപ്പോള്‍ സിസ്റ്ററിനാവശ്യം അത്യാവശ്യം വിശ്രമവും ശാന്തമായ അന്തരീക്ഷവുമാണ് . പോലീസിന്റെ ഈ അഭിപ്രായമായിരുന്നു അബുദാബി ബിഷപ്പിനും . അങ്ങനെ തന്റെ പ്രിയപ്പെട്ടവരുടെ മൃതശരീരങ്ങളും മാറാന്‍ ഒരു ജോഡി ഡ്രസുമായി സിസ്റ്റര്‍ സാലി തിരികെ പോന്നു . Doctors without Boarders  എന്ന ഒരു ഇന്റര്‍ നാഷനല്‍ ഹോസ്പിറ്റലിലേക്കാണ് പോലീസ് സിസ്റ്ററെ മാറ്റിയത് .

എപ്പോഴും രക്തസാക്ഷിത്വം വരിക്കാനൊരുങ്ങിയിരിക്കണം എന്ന് ഫാ. ടോം ഇടയ്ക്കിടെ ഓര്‍മിപ്പിച്ചിരുന്നു...

സിസ്റ്റര്‍ അനുസ്മരിക്കുന്നു . തന്നെയല്ല , യമനില്‍ തനിക്കു പകരം പുതിയൊരു വൈദികനെത്തും വരെ അവിടെ നില്‍ക്കാനായിരുന്നു അച്ചന്റെ തീരുമാനം . രണ്ടാമത് യെമനിലേക്കു പോകാനൊരുങ്ങിയപ്പോള്‍ അവിടേയ്ക്കു പോകരുതെന്നു വിലക്കിയ ബന്ധപ്പെട്ടവരോട് അച്ചനു മറുത്തു പറയേണ്ടി വന്നതും അത്രമേല്‍ ശക്തമായ ദൈവവിളിയുടെ പ്രചോദനം ഉള്ളിലുണ്ടായതു കൊണ്ടു മാത്രം.

പതിനേഴു വര്‍ഷമായി അവിടെ സേവനമനുഷ്ഠിച്ചിരുന്ന ബന്ധുവായ ഫാ. മാത്യു ഉഴുന്നാലിലിനു പകരമായാണ് ടോമച്ചന്‍ യെമിലെത്തിയത് . പുതിയൊരു വൈദികനെത്തും വരെ അവിടെയുള്ള നാമമാത്രമായ ക്രൈസ്തവരുടെ ആത്മീയകാര്യങ്ങളുടെ നിര്‍വഹണത്തിന് ഒരു പുരോഹിതനുണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു . അതു കൊണ്ടു തന്നെ , തന്നെ നിരുത്സാഹിപ്പിച്ചവരോട് അച്ചന്‍ പറഞ്ഞു ...
നോക്കൂ , ഞാനൊരു മിഷനറിയാണ് . മരിക്കാനെനിക്കു ഭയമില്ല . എന്നെ എന്റെ കര്‍ത്താവു നോക്കിക്കൊള്ളും .....

അച്ചന്റെ ഈ വാക്കാണ് അക്രൈസ്തവരായ പലരും അച്ചനെ രക്ഷപെടുത്തുന്നതിനു വിഘാതം സൃഷ്ടിക്കാനുള്ള മാരകായുധമായി കരുതുന്നതും ഉപയോഗിക്കുന്നതും . പക്ഷേ , അവരറിയുന്നില്ല , ലോകമെമ്പാടുമുള്ള ക്രൈസ്തവമിഷനറിമാരുടെ ധീരസേവനം തന്നെയാണ് പല തകര്‍ന്ന ജനവിഭാഗത്തെയും അഭ്യുന്നതിയിലേക്കു നയിച്ചതെന്ന വസ്തുത . മതപരിവര്‍ത്തനമല്ല , മനസമാധാനമാണ് അവര്‍ സൃഷ്ടിക്കുന്നതെന്ന പച്ചപ്പരമാര്‍ഥമറിയാന്‍ യെമനിലെ മുസ്ലിങ്ങള്‍ ഇവര്‍ക്കു നല്‍കിയ സ്‌നേഹാദരങ്ങള്‍ മാത്രം മതി . അവശരും ആലംബഹീനരുമായ മുസ്ലിങ്ങളായിരുന്നു ആ വൃദ്ധസദനത്തിലേറെയും . ആരും മതം മാറിയല്ല അവിടെ കഴിഞ്ഞത് . താന്താങ്ങളുടെ വിശ്വാസാനുസരണം തന്നെയാണ് . ഇതൊന്നുമറിയാതെ ചില കൂപമണ്ഡൂകങ്ങള്‍ ഇവിടിരുന്നു കല്ലെറിഞ്ഞിട്ടെന്തു കാര്യം ?.......മാനസികാന്ധതയല്ല വേണ്ടത് , വിശ്വമാനവികതയെ സ്‌നേഹിക്കാനുള്ള വിശാല മനസാണ് .

ഈ ആക്രമണത്തിനു പിന്നില്‍ ഐഎസാണെന്നാണ് പരക്കെയുള്ള വിശ്വാസം . എന്നാല്‍ ഐഎസ് അതേറ്റെടുത്തിട്ടില്ല . എന്നു തന്നെയല്ല തങ്ങളല്ല അതിനു പിന്നിലെന്ന് അല്‍-ക്വയ്ദയും വ്യക്തമാക്കിയിട്ടുണ്ട് . യെമനിലെ സര്‍ക്കാര്‍ വിരുദ്ധരാണ് അച്ചനെ തട്ടിക്കൊണ്ടു പോയതെന്നാണ് മറ്റൊരഭ്യൂഹം . ഐഎസിന്റെ ശൈലി വച്ചു നോക്കുമ്പോള്‍ തങ്ങളുടെ തട്ടിക്കൊണ്ടു പോകലുകളുടെ ഉത്തരവാദിത്തം അവര്‍ സ്വമേധയാ ഏറ്റെടുക്കുന്നതാണ് പതിവ് . അതിവിടെയുണ്ടായിട്ടില്ല . ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജിഹാദി പോരാളികളാണ് അച്ചനെ തട്ടിക്കൊണ്ടു പോയതെന്ന അഭ്യൂഹത്തിനാണ് വിശ്വാസ്യത കൂടുതല്‍ .

നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം 2016 ജൂലൈയില്‍ ഫാ. ടോമിന്റേതെന്നു കരുതപ്പെടുന്ന വീഡിയോ സന്ദേശമാണ് നാം പിന്നീടു കാണുന്നത് . തികച്ചും ക്ഷീണിതനും ദുഖിതനുമായി അതില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപം ഫാ. ടോം തന്നെയെന്നു വിശ്വസിക്കാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു. ഇതു കണ്ട ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു ഞാന്‍ ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ കണ്ടു . അദ്ദേഹവും ഒരു ഇന്ത്യന്‍ പൌരനാണ് . എല്ലാ ഇന്ത്യക്കാരെയും പോലെ അദ്ദേഹത്തിന്റെ ജീവനും വിലപ്പെട്ടതാണ് . അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും .

വീണ്ടും നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അവര്‍ ഇങ്ങനെ കുറിച്ചു ഫാ. ടോം ഉഴുന്നാലില്‍ സുരക്ഷിതനാണ് . എന്നാലദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല . അദ്ദേഹത്തിന്റെ മോചനത്തിനായുള്ള അവസാന ശ്രമങ്ങള്‍ നടന്നു വരികയാണ് . സനയിലെ ഇന്ത്യന്‍ എംബസി മുഖാന്തരമാണ് അച്ചന്‍ സുരക്ഷിതനാണെന്ന് സുഷമ സ്വരാജ് സ്ഥിരീകരിച്ചത് .

ഇന്നിപ്പോള്‍ വര്‍ഷമൊന്നു കഴിഞ്ഞിട്ടും അദ്ദേഹത്തെ കുറിച്ചു യാതൊരു വിവരവുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് വേണ്ടപ്പെട്ടവര്‍ . ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ക്ഷീണിതനും ദുഖിതനുമായി അദ്ദേഹം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്, തന്റെ മോചനത്തിനായി തന്റെ ബന്ധുക്കളെങ്കിലും പരിശ്രമിക്കണമെന്ന അപേക്ഷയുമായി ... പുതിയ വീഡിയോയില്‍ഫാ. ടോം ആകെ അവശനായാണ് കാണപ്പെടുന്നത്. 'ഞാന്‍ഫാ. ടോം ഉഴുന്നാലില്‍' എന്നുപറഞ്ഞുതുടങ്ങുന്ന ഇംഗ്ലീഷ് വീഡിയോ കേന്ദ്രസര്‍ക്കാരിനോട് പലവട്ടം സഹായം തേടിയിട്ടും വളരെ തണുത്ത പ്രതികരണമാണു ലഭിക്കുന്നതെന്നും പരിഭവിക്കുന്നുണ്ട് . തീവ്രവാദികള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടപ്പോള്‍ വളരെ തണുത്ത പ്രതികരണമാണുണ്ടായതെന്നും കൂടാതെ അബുദാബിയിലെ ബിഷപ്പുമായും അവര്‍ ബന്ധപ്പെട്ടു എന്നും അവിടെയും പ്രതീക്ഷാജനകമായ പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പരിതപിക്കുന്നു .

ഫാ.ടോം ഉഴുന്നാലില്‍- തിരോധാനത്തിന്റെ നാള്‍ വഴികള്‍

മാര്‍ച്ച് 4 -2016:
യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസ് നടത്തിയിരുന്ന വൃദ്ധസദനത്തില്‍ അക്രമികള്‍ അതിക്രമിച്ചു കയറി. നാലു സന്യാസിനികളടക്കം പതിനാറു പേര്‍ക്കു ജീവഹാനി . ഫാദര്‍ ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി . ഐഎസാണ് അതിനു പിന്നിലെന്ന് ആദ്യ നിഗമനം .

മാര്‍ച്ച് 24 2016 :
ദുഖ വെള്ളി ദിനത്തില്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ക്രൂശിലേറ്റി വധിക്കപ്പെടും എന്നു വാര്‍ത്ത .

മാര്‍ച്ച് 31:
ഇന്ത്യയോട് ഐഎസ് വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ . ഫാ. ടോമുള്‍പ്പടെ രണ്ടു പേര്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതായും വാര്‍ത്തകള്‍ .

ജൂലൈ 19:
ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ കണ്ണു കെട്ടി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ പേരില്‍ തുടങ്ങിയ ഫേസ് ബുക്ക് അക്കൌണ്ടിലൂടെ പ്രചരിക്കുന്നു . ഈ ഫേസ് ബുക്ക് പ്രൊഫൈല്‍ നിലവില്‍ അച്ചന്റെ യെമനി ഫ്രണ്ടാണ് കൈകാര്യം ചെയ്യുന്നതെന്നും വാര്‍ത്തകള്‍ .

ജൂലൈ 29:
ഉഴുന്നാലിലച്ചനെ തട്ടിക്കൊണ്ടു പോയ മൂന്നു ഭീകരര്‍ പിടിയിലായതായി വാര്‍ത്തകള്‍ . അല്‍ക്വയ്ദ തീവ്രവാദികളെന്നു പരിചയപ്പെടുത്തിയ അവര്‍ ഇമാമിന്റെ അനുമതിയോടെയാണ് തട്ടിക്കൊണ്ടു പോയതെന്നു മൊഴി .

ഡിസംബര്‍ 26:
ഫാ.ടോം സംസാരിക്കുന്ന അഞ്ചു മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു .

ഡിസംബര്‍ 31
ഫാ. ടോം സുരക്ഷിതമായി ജീവിച്ചിരിക്കുന്നു എന്ന് യുഎഇയിലെ സഭാവക്താക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

മേയ് 5 2017:
കൂടുതല്‍ ക്ഷീണിതനും അവശനുമായ ഫാ. ടോമിന്റെ വീഡിയോ സന്ദേശം വീണ്ടും വൈറലാകുന്നു . താന്‍ രോഗാതുരനാണെന്നും തനിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും അച്ചന്‍ പറയുന്നതായി വീഡിയോയില്‍ .

നാളിതു വരെയായിട്ടും അച്ചനെവിടെയാണുള്ളതെന്നു പോലും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല എന്നത് മനുഷ്യത്വത്തിനു നേരെ വാളുയര്‍ത്തുന്ന ഭീകരതയുടെ അടിമകളായി നാം മാറുന്നതിനു തുല്യമല്ലേ...അതും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇത്രയധികം വികസിച്ച കാലഘട്ടത്തില്‍ . അച്ചന്റേതെന്നു കരുതപ്പെടുന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് സന്ദേശങ്ങളത്രയും എത്തിയത് . അച്ചന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ യമനി സുഹൃത്താണത്രെ ഇതു ചെയ്യുന്നത് . ഈ ഫേസ്ബുക്കിന്റെ പ്രഭവകേന്ദ്രം കണ്ടെത്താന്‍ ഊര്‍ജിതമായ ശ്രമം നടത്തിയാല്‍ മാത്രം മതിയായിരുന്നു  അച്ചനെവിടെയാണുള്ളതെന്നറിയാന്‍ . എന്നാല്‍ അന്താരാഷ്ട്ര സൈബര്‍ ക്രൈം അന്വേഷകരടക്കമുള്ളവര്‍ ഇതിനായി വേണ്ടതൊന്നും ചെയ്തില്ല എന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് .കാരണം ഇവിടെ പിച്ചിച്ചീന്തപ്പെടുന്നത് ഫാ. ടോമെന്ന ഇന്ത്യന്‍ മിഷനറിയല്ല , മിഡില്‍ ഈസ്റ്റിന്റെ മുഴുവന്‍ സമാധാനമാണ് .....അതു മറക്കരുത് അന്താരാഷ്ട്ര ലോകനേതാക്കളടക്കമുള്ളവര്‍ .....ഇന്ത്യയ്ക്കു മാത്രമോ പോപ്പിനു മാത്രമോ കത്തോലിക്കാ സഭയ്ക്കു മാത്രമോ വേണ്ടിയല്ല ....ലോകസമാധാനത്തിനായാണ് ഫാ. ടോമെന്ന വെള്ളരിപ്രാവ് ഇഞ്ചിഞ്ചായി പീഡിപ്പിക്കപ്പെടുന്നത് . അതു കണ്ടില്ലെന്നു നടിക്കരുത് വേണ്ടപ്പെട്ടവര്‍ .....അച്ചനെതിരെ കണ്ണടയ്ക്കുന്നവര്‍ ഐഎസ് പോലുള്ള നരഭോജിവര്‍ഗത്തിനു വളം വയ്ക്കുകയാണ് ......അതു മറക്കാതിരിക്കുക .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോമർസെറ്റ്‌ സെൻറ്‌ തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 2- മുതൽ 11 -വരെ

മാര്‍ പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍; ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് സഹായമെത്രാന്‍

ഡാളസ് സൗഹൃദവേദി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 28 -ന് ശനിയാഴ്ച

പി.സി.എന്‍.എ.കെ 2020 പ്രമോഷണല്‍ മീറ്റിംഗും ആരാധനാ സന്ധ്യയും

കെ എച് എന്‍ എകണ്‍വെന്‍ഷന് ന്യൂ ജേഴ്‌സിയില്‍ ഉജ്വല തുടക്കം

കുമ്പനാട് സംഗമം മയാമിയില്‍ ജൂലൈ 6ന്

സഭയില്‍ സമാധാന അന്തരീക്ഷം സംജാതമാകണം

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ശനി, ഞായര്‍ തീയതികളില്‍

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു

എംജിഒസിഎസ്എം ഒസിവൈഎം അലുമ്‌നൈ മീറ്റിങ് ന്യൂജഴ്‌സിയില്‍

സെന്റ് തോമസ് ഇടവക മൗണ്ട് ഒലിവിലേക്ക്

കാതോലിക്കാ ദിനാഘോഷവും അഭി. ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും

മാര്‍ത്തോമ്മാ സഭ സൗത്ത് വെസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച മുതല്‍.

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി

കന്യാസ്ത്രിക്ക് പൂര്‍ണ പോലീസ്‌ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം ഞായറാഴ്ച അരംഭിക്കും

ഫാമിലി കോണ്‍ഫറന്‍സ്; ഇടവക സന്ദര്‍ശനങ്ങള്‍ തുടരുന്നു

മകരവിളക്കിന്‌ മണിക്കൂറുകള്‍: സന്നിധാനം ഭക്തിസാന്ദ്രം

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ന്യുജേഴ്‌സിയില്‍ നടത്തപ്പെട്ടു

ഫില്‍ഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 8ന്

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ കിക്കോഫ്

കേരള സമൂഹത്തില്‍ വിടവ് സൃഷ്ടിക്കാന്‍ രാഷ്ട്രീയ അജണ്ട- മാര്‍ പൗലോസ്

താമ്പാ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സെമിനാരി ഫണ്ട് ഉദ്ഘാടനം നടത്തപ്പെട്ടു.

ബിഷപ്പ്‌ ഫ്രാങ്കോയ്‌ക്ക്‌ ജലന്ധറില്‍ രാജകീയ സ്വീകരണം

താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഏലക്ക മാല ലേലം നടത്തപ്പെട്ടു

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവം നവംബര്‍ മൂന്നിന് ന്യൂജേഴ്‌സിയില്‍

കൂദാശകളൊന്നും വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതമല്ല

കന്യാസ്‌ത്രീ പീഡനം: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റില്‍

View More