ബ്രസില്ല: സൂപ്പര്‍താരം റൊണാണ്ഡീഞ്ഞോ വീണ്ടും ബ്രസീലിന്റെ മഞ്ഞക്കുപ്പായമണിയുന്നു. ഈ മാസം 28ന് ബോസ്നിയക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമിലാണ് റൊണാള്‍ഡീഞ്ഞോയെ വീണ്ടും ഉള്‍പ്പെടുത്തിയത്.
സാന്റോസിന്റെ യുവ സൂപ്പര്‍താരം നെയ്മറും 23 അംഗ ടീമിലിടം നേടിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ കക്കയെയും റോബീഞ്ഞോയെയും കോച്ച് മാനോ മെനെസെസ് ഒഴിവാക്കി . കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഘാനയ്ക്കെതിരായ മത്സരത്തിലാണ് 31കാരനായ റൊണാള്‍ഡീഞ്ഞോ അവസാനമായി ബ്രസീല്‍ ജഴ്സി അണിഞ്ഞത്.
ഇപ്പോള്‍ ബ്രസീല്‍ ക്ലബ്ബായ ഫ്ളെമംഗോയ്ക്കായി കളിക്കുന്ന റൊണാള്‍ഡീഞ്ഞോ മോശം പ്രകടനത്തിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. കളിക്കാരന് ഫോമിലാണെങ്കിലും അല്ലെങ്കിലും ടീമില്‍ അടിയ്ക്കടി മാറ്റം വരുത്താന്‍ തയാറല്ലെന്ന് റൊണാള്‍ഡീഞ്ഞോയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോച്ച് മാനോ മെനെസെസ് പറഞ്ഞു.
ബ്രസീല്‍ ലീഗില്‍ കളിക്കുന്ന ഏഴു താരങ്ങളെ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായി. മുന്നേറ്റ നിരയില്‍ ഹള്‍ക്ക്, ജൊനാസ്, ലിയാനാര്‍ഡോ ഡാമിയാവോ എന്നിവരായിരിക്കും നെയ്മര്‍ക്ക് കൂട്ട്.