കൊല്ലം: കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുന്നുവെന്നു പറയുന്ന ഇടതു നേതാക്കള്‍ നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും ഒരുപോലെയാണോ കാണുന്നതെന്നു വ്യക്തമാക്കണമെന്നു കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്കാരം സി.എസ്. ചന്ദ്രികയ്ക്കു സമ്മാനിക്കുകയായിരുന്നു ചെന്നിത്തല. മതേതര രാജ്യത്തിനു വേണ്ടി കോണ്‍ഗ്രസ് അനുഭവിച്ച ത്യാഗങ്ങള്‍ രാജ്യം മറക്കില്ല. വിഘടനവാദത്തിനെതിരായ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളു. അതിനു കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടണം.
കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരു പോലെ കാണുന്നതിലൂടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കു ദിശാബോധം നഷ്ടപ്പെട്ടുവെന്നാണു വ്യക്തമാകുന്നത്. സിപിഎം, സിപിഐ കക്ഷികള്‍ ഉള്‍പ്പെട്ട ഒന്നാം യുപിഎ സര്‍ക്കാര്‍ ചരിത്രത്തില്‍ തിളക്കമുള്ള അധ്യായമായിരിക്കും. ആ യോജിപ്പ് രാജ്യത്തെ മതേതര ബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.