Image

ദൈവത്തിന് ഒരു കത്ത്–മരണം എന്ന കല (മോഹന്‍ലാല്‍.

Published on 21 July, 2016
ദൈവത്തിന് ഒരു കത്ത്–മരണം എന്ന കല (മോഹന്‍ലാല്‍.
പ്രിയപ്പെട്ട ദൈവമേ,

ഒരുപാടു നാളായി ഒരു കത്തെഴുതിയിട്ട്, അല്ലെങ്കിലും എഴുതണം എന്നു തോന്നുമ്പോള്‍ എഴുതുക എന്നതാണ് എപ്പോഴും നല്ലത്. എഴുതണം എന്നു തോന്നുമ്പോഴല്ല, എഴുതാതിരിക്കാനാവില്ല എന്ന് തോന്നുമ്പോഴാണ് എഴുതേണ്ടത് എന്നാണ് വലിയ എഴുത്തുകാര്‍ പറയുന്നത്. ഈ കത്തും എഴുതാതിരിക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലാണ്. എനിക്കു വേണ്ടി മാത്രമല്ല, എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട് പേര്‍ക്കും വേണ്ടി കൂടിയാണ് ഞാനിതെഴുതുന്നത്.

ഞങ്ങള്‍ മനുഷ്യര്‍ക്ക് ചുറ്റും ഇപ്പോള്‍ മരണത്തിന്റെ വിളയാട്ടമാണ്. എങ്ങിനെയൊക്കെയാണ് മനുഷ്യന്‍ മരിക്കുന്നത്. കൊതുകു കടി മുതല്‍ കുഴി ബോംബും ചാവേര്‍ ബോംബും പൊട്ടിവരെ. ഞാനിപ്പോള്‍ കോഴിക്കോട് നഗരത്തിലാണ്. ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞത്, കഴിഞ്ഞമാസം ഇവിടെ ഒരു മനുഷ്യന്‍ മരിച്ചത് തുറന്നുവച്ച ഓടയില്‍ വീണാണ് എന്ന്. കൊതുകു കടിച്ചും മലിനജലം കുടിച്ചും പലവിധ പനികള്‍ വന്നും ഒരുപാട് പേര്‍ ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ മരിക്കുന്നു.

ഇതിനെല്ലാമുപരിയായി ആയിരക്കണനാളുകള്‍ കഴിഞ്ഞ മാസങ്ങളിലായി ഭീകരവാദികളാല്‍ കൊല ചെയ്യപ്പെട്ടു. ബംഗ്ലാദേശില്‍, തുര്‍ക്കിയില്‍, ബഗ്ദാദില്‍, മദീനയില്‍, ഫ്രാന്‍സിലെ മനോഹരമായ നീസില്‍, കശ്മീരില്‍... എത്രപേരാണ് മരിച്ചു വീണത്. ഈ ഭൂമിയില്‍ അങ്ങ് അവര്‍ക്ക് നല്‍കിയ ആയുസൊടുങ്ങി മരിച്ചു വീണവരല്ല അവരെന്നും എന്നു ഞാന്‍ വിശ്വസിക്കുന്നു. മറിച്ച് എന്തൊക്കയോ മനോരോഗികള്‍ മതത്തിന്റെയും അങ്ങയുടെയും പേരു പറഞ്ഞ് അവരെ കൊല്ലുകയായിരുന്നു.

കൊല്ലുന്നതും നിന്റെ മക്കള്‍, മരിക്കുന്നതും നിന്റെ മക്കള്‍. ഈ മരണക്കൊയ്ത്തിന് നടുവില്‍ ഇരുന്നപ്പോള്‍ മരണം എന്ന 'മനോഹര കല'യെ എത്രമാത്രം വികലമായാണ് ഞങ്ങള്‍ മനുഷ്യര്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ഓര്‍ത്തുപോയി ഞാന്‍.. അങ്ങ് ഞങ്ങള്‍ക്കു തന്ന ഈ മനോഹര ജീവിതത്തില്‍ മരണത്തെക്കുറിച്ച് ഞങ്ങള്‍ എത്രയോ പഠിച്ചു, അതിനപ്പുറമുള്ള ലോകത്തെക്കുറിച്ച് അന്വേഷിച്ചു! സങ്കല്‍പ്പിച്ചു... ജീവിതം എന്ന രംഗകലയുടെ അവസാന പദമായാണ് ഞങ്ങളില്‍ ബുദ്ധിയുള്ളവര്‍ മരണത്തെ സങ്കല്‍പ്പിച്ചത്. വേദിയില്‍ ആടിതകര്‍ത്തതിനു ശേഷം പതുക്കെപ്പതുക്കെ നിശ്ബദമായി ഇരുളിലേക്ക് പിന്‍വലിഞ്ഞ് അപ്രത്യക്ഷമാകുന്ന അതി 'മനോഹരമായ കല'

ജീവിതത്തില്‍ ചൊല്ലിപഠിക്കേണ്ടതാണ് 'മൃത്യൂഞ്ജയമന്ത്രം'
'ഓം തൃംബകം യജമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍മുക്ഷീയ മാമൃതാത്'
ഈ മന്ത്രത്തിലെ പ്രധാനഭാഗത്ത് മരണത്തെ ഏറ്റവും മനോഹരമായിട്ടാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഉണങ്ങിയ ഒരു കായ അതിന്റെ ഞെട്ടില്‍ നിന്ന് സൗമ്യമായി അടര്‍ന്ന് പോവുംപോലെ മരണത്തിലൂടെ അമൃതത്വത്തിലേക്ക്...

രമണ മഹര്‍ഷി അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോള്‍, മരണത്തെ 'മയീെൃറ' എന്നാണ് വിശേഷിപ്പിച്ചത്. ചിദാകാശത്തിലേക്കുള്ള വിലയിക്കല്‍... ഇങ്ങിനെ മരണത്തെ അനുഭവിക്കുകയും രുചിക്കുകയും ചെയ്യണമെങ്കില്‍ ജീവിതത്തെ സ്‌നേഹിച്ച്, ബഹുമാനിച്ച്, ആദരിച്ച് അതിന്റെ പൂര്‍ണ്ണതയില്‍ അറിയണം. എന്നാല്‍ ഇന്ന് ഞങ്ങള്‍ അകാലത്തില്‍ കൊല ചെയ്യപ്പെടുന്നവരായിരിക്കുന്നു. അകാലത്തില്‍ മരിക്കുന്നത് മനസിലാക്കാം എന്നാല്‍ അകാലത്തില്‍ കൊല ചെയ്യപ്പെടുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഭൂമിയില്‍ മനോഹരമായി ജീവിതം നയിച്ച് തിരിച്ചുവരും എന്നനുഗ്രഹിച്ച് അങ്ങ് അയക്കുമ്പോള്‍ എത്രയും വേഗം തിരിച്ചുവരുന്നത് കണ്ട് ദൈവമേ, നീയും അമ്പരക്കുന്നുണ്ടാവാം. കൊന്നുതള്ളാനുള്ള മനുഷ്യന്റെ ഈ ദാഹം നീ സൃഷ്ടിച്ചതല്ല എന്നെനിക്കറിയാം.

എന്നാല്‍ നിന്റെ പേരുപറഞ്ഞാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നതാണ് കഷ്ടം. ദൈവത്തിന് വേണ്ടിയും, മതങ്ങള്‍ക്കു വേണ്ടിയും വിശ്വാസങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കു വേണ്ടിയും കലഹിച്ച് കൊന്നുടുക്കുക എന്നതാവുമോ ഞങ്ങള്‍ മനുഷ്യവംശത്തിന്റെ അത്യന്തിക വിധി? മറ്റൊരാളോടും ഇതു ചോദിക്കാനില്ലാത്തതുകൊണ്ടാണ് ഞാന്‍ അങ്ങയ്ക്ക് എഴുതുന്നത്. ദയവു ചെയ്ത് ദൈവമേ നീ ഈ ചോദ്യങ്ങള്‍ എന്നോട് തിരിച്ചു ചോദിക്കരുത്. 'ദൈവം മരിച്ചു' എന്ന് പണ്ടൊരു തത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ നിനക്ക് വേണ്ടിയുള്ള, നിന്റെ പേര് പറഞ്ഞുള്ള ഈ കൊലകളും മരണവും അവസാനിക്കുമായിരിക്കും. ഇതു വായിച്ച് ഞാനൊരു ക്രൂരനാണ് എന്ന് അങ്ങ് കരുതരുത്. ചുറ്റിലും നടക്കുന്ന കുരുതികള്‍ കണ്ട്, മരണ ഭ്രാന്തുകള്‍ കണ്ട് മനംമടുത്ത് ഒരു നിമിഷം അങ്ങനെയും ഞാന്‍ ചിന്തിച്ചു പോയി. എനിയ്ക്കിങ്ങനെ എന്തും പറയാനുള്ള ഒരാളായി നീ അവിടെയുണ്ടാവണം. ഞാന്‍ മരിച്ചടര്‍ന്നു പോകും വരെ.

രണ്ടുദിവസം മുന്‍പ് ഗുരു പൂര്‍ണ്ണിമയായിരുന്നു. ആകാശത്ത് പൂര്‍ണ ചന്ദ്രന്‍, ഭൂമിയില്‍ പൂനിലാവ്. അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടും. ഒരു ചന്ദ്രബിംബം വളര്‍ന്ന് വളര്‍ന്ന് പൂര്‍ണ്ണ ചന്ദ്രനാവുന്നു. പിന്നീടത് ചെറുതായിച്ചെറുതായി, മങ്ങി മങ്ങി ഇരുളിലേക്ക് പിന്‍വലിയുന്നു. അതുപോലെ തന്നെയായിരിക്കണം മനുഷ്യന്റെ ജീവിതവും മരണവും. സ്വന്തം ജീവിതം കൊണ്ട് ഈ ഭൂമിയെ ഭംഗിയില്‍ കുളിപ്പിച്ചതിനു ശേഷം നിശബ്ദമായ ഒരു മറഞ്ഞുപോകല്‍... പ്രിയപ്പെട്ട ദൈവമേ.. അതു നീ ഞങ്ങള്‍ മനുഷ്യപഠിപ്പിക്കുക. അതിന് പ്രാപ്തരാക്കുക. അപ്പോള്‍ കൊലയല്ല 'കലയാണ് മരണം' എന്ന് പുതിയ കാലം മനസിലാക്കും.

സ്‌നേഹപൂര്‍വ്വം, മോഹന്‍ലാല്‍. 

Join WhatsApp News
mathew v. zacharia 2016-07-21 12:14:26
Food for thought.
Let us take Mohanlal's analogy of moon in the reverse order. start with flickering light to this dark world, growing steady to full moon at the presence of our Almighty God.
thanks to Mohanlal , Be optimistic !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക