Image

സ്കൂള്‍ ബസിലെ വേറിട്ടൊരു പോലീസ് ഓഫീസര്‍

ആശാ പണിക്കര്‍ Published on 04 June, 2016
സ്കൂള്‍ ബസിലെ വേറിട്ടൊരു പോലീസ് ഓഫീസര്‍
സിനിമയിലെ രണ്ടാം വരവ് ഇത്രയേറെ ആഘോഷിച്ച ഒരു നടന്‍ കുഞ്ചാക്കോ ബോബനെ പോലെ വേറെയുണ്ടാകില്ല. ആദ്യചിത്രമായ അനിയത്തിപ്രാവ്, നിറം, നക്ഷത്രത്താരാട്ട് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഒരു ചോക്ലേറ്റ് നായകനായി ഇടം പിടിച്ച കുഞ്ഞാക്കോ ബോബന്‍ ഇടയ്ക്ക് വച്ച് കുറച്ചു കാലം സിനിമയില്‍ നിന്നു വിട്ടു നിന്നു. പക്ഷേ വീണ്ടും തിരിച്ചെത്തിയത് തന്റെ കരിയറിലെ ഏറ്റവും വികച്ച വേഷങ്ങളുമായാണ്. ട്രാഫിക് എന്ന ചിത്രത്തിലെ ഡോ.എബി എന്ന കഥാപാത്രമാണ് അതുവരെയുണ്ടായിരുന്ന ചാക്കോച്ചന്റെ ചോക്ലേറ്റ് ഇമേജ് തകര്‍ത്തത്. പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങള്‍. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ മാത്രമേ ഒരു നടന്‍ എന്ന നിലയില്‍ മുന്നേറാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന ചാക്കോച്ചന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സ്കൂള്‍ ബസ് എന്ന ചിത്രത്തിലെ കെ.ആര്‍ ഗോപകുമാര്‍ എന്ന പോലീസ് ഓഫീസറെ പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിയുന്നതിലെ സന്തോഷം ചാക്കോച്ചന്‍ മറച്ചു വയ്ക്കുന്നില്ല. ചടുലമായ ശരീരഭാഷയും ആക്ഷനും പഞ്ച് ഡയലോഗുമൊക്കെയായി മലയാള സിനിമയില്‍ കണ്ടു പരിചയിച്ച പതിവു പോലീസ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സ്കൂള്‍ ബസിലെ എസ്.ഐ ഗോപകുമാര്‍. വളരെ ശാന്തനും സൗമ്യഭാഷിയുമാണ് അയാള്‍. ജോലിയില്‍ പ്രവേശിച്ച അന്നു തന്നെ സ്കൂളില്‍ നിന്നു കാണാതാവുന്ന കുട്ടിയയെ കുറിച്ചുള്ള അന്വേഷണം അയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. മാത്രമല്ല, പ്രസവത്തിനായി അയാളുടെ ഭാര്യയെ അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ രണ്ടു ടെന്‍ഷനുകളും അതിന്റേതായ പരിഭ്രമവും അയാളുടെ മുഖത്തുണ്ട്.

തന്റെ കരിയറില്‍ ആദ്യമായാണ് ചാക്കോച്ചന്‍ ഒരു പോലീസ് ഓഫീസറുടെ വേഷമണിയുന്നത്. അതിന്റെ ത്രില്ലുമുണ്ട് വാക്കുകളില്‍. ഇതുപോലൊരു പോലീസ് വേഷം തനിക്ക് നല്‍കിയതിന് റോഷന്‍ ആന്‍ഡ്രൂസിനോട് നന്ദി പറയുകയാണ് ചാക്കോച്ചന്‍. കാരണം ഇതിനു മുമ്പ് മഞ്ജു വാര്യറുടെ തിരിച്ചുവരവു കൊണ്ട് ഏറെ ശ്രദ്ധേയമായ ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേഷം റോഷന്‍ നല്‍കിയത് ചാക്കോച്ചനിലെ നടനെ തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. തന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഭാര്യ തന്നെ അഡ്ജസ്റ്റ് ചെയ്യണമെന്നു ശഠിക്കുന്ന ആണ്‍കോയ്മയുടെയും ഈഗോയുടേയും പ്രതീകമായ അതിലെ രാജീവ് എന്ന കഥാപാത്രം തിളങ്ങിയതും കുഞ്ചാക്കോ ബോബന്‍ എന്ന അഭിനേതാവിന്റെ മികച്ച അഭിനയം കൊണ്ടു മാത്രമാണ്.

സ്കൂള്‍ ബസിലെ കുട്ടികളുടെ കഥപറയുമ്പോള്‍ സ്വന്തം കുട്ടിക്കാലത്തെ കുറിച്ചോര്‍ക്കാനും ഈ നടന് ഇഷ്ടമാണ്. അവധിക്കാലത്ത് മാവില്‍ കയറിയും മാവിലെ പഴുത്ത മാങ്ങകള്‍ കല്ലെറിഞ്ഞു വീഴ്ത്തിയും കള്ളനും പോലീസും കളിച്ചും തോട്ടില്‍ നിന്നും തോര്‍ത്തുകൊണ്ട് ചെറിയ മീനിനെ പിടിക്കുന്നതും മഴ നനയുന്നതുമെല്ലാം ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുകയാണ് ചാക്കോച്ചന്‍. കമ്പ്യൂട്ടര്‍ ഗെയിമും മൊബൈലില്‍ വാട്ട്‌സ് ആപ്പും സിനിമയുമൊക്കെയായി ഇന്നത്തെ കുട്ടികള്‍ക്ക് ബാല്യം നഷ്ടപ്പെട്ടു പോയിരിക്കുന്നു. അഥവാ അവര്‍ ബാല്യത്തിന്റെ കുസൃതിത്തരങ്ങളും ആഹ്‌ളാദങ്ങളും അനുഭവിക്കുന്നില്ല. അണുകുടുംബത്തിന്റെ പരിമിതമായ വേലിക്കെട്ടുകള്‍ക്കുള്ളീല്‍ ടി.വിയുടേയും വീഡിയോ ഗെയിമുകളുടേയും ലോകത്ത് അവരുടെ ബാല്യം തടവിലാക്കപ്പെടുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്കൂള്‍ ബസ് കൈകാര്യം ചെയ്യുന്നത് ഇപ്പോഴത്തെ കുട്ടികളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ബന്ധവും അവയ്ക്കിടയില്‍ ഒററനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയാത്ത അകല്‍ച്ചയിലേക്കുമാണ്. പലപ്പോഴും കുട്ടികള്‍ മാതാപിതാക്കളോട് പറയാതെ പോകുന്ന കാര്യങ്ങള്‍ പിന്നീടുള്ള അവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ അറിഞ്ഞു വരുമ്പോഴേക്കും ഒരു പക്ഷേ രക്ഷപെടുത്താന്‍ കഴിയാത്ത വിധം സങ്കീര്‍ണതകളിലേക്ക് കുട്ടികള്‍ വീണുപോയിട്ടുമുണ്ടാകും. തങ്ങള്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ , അതല്ലെങ്കില്‍ കുട്ടിയോട് അല്‍പം കൂടി സ്‌നേഹം കാണിച്ചിരുന്നെങ്കില്‍ ഈ വേദന ഒഴിവാക്കാമായിരുന്നു എന്നു കണ്ണീരോടെ തിരിച്ചറിയുന്ന രക്ഷിതാക്കളുണ്ട്. ഈ തിരിച്ചറിവാണ് റോഷന്‍ ആന്‍ഡ്രൂസ് സമൂഹവുമായി പങ്കു വയ്ക്കുന്നത്. കുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നു ചാക്കോച്ചന്‍ പറയുന്നതും അതിന്റെ സാമൂഹ്യപ്രസക്തി കൊണ്ടാണ്. കുട്ടികളുടെ മനസ് മനസിലാക്കാന്‍ നമ്മെ സഹായിക്കുന്ന ചിത്രം.

സ്കൂള്‍ ബസ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ മനസ് നിറഞ്ഞ ആഹളാദത്തിലാണ് ചാക്കോച്ചന്‍. സാമൂഹ്യപ്രസക്തിയുള്ള, സമൂഹത്തിന് മാതൃകാപരമായ സന്ദേശങ്ങള്‍ നല്‍കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമായി ഈ നടന്‍ കരുതുന്നു. മികച്ച കഥാപാത്രങ്ങള്‍ തേടിയുള്ള യാത്രയിലാണ് പ്രേക്ഷക മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ ചെറുപ്പക്കാരന്‍.
സ്കൂള്‍ ബസിലെ വേറിട്ടൊരു പോലീസ് ഓഫീസര്‍
സ്കൂള്‍ ബസിലെ വേറിട്ടൊരു പോലീസ് ഓഫീസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക