അധികാരം ഏല്ക്കുന്നതിന് മുന്‍പും ശേഷവും പിണറോയി വിജയന്
പറഞ്ഞകാര്യങ്ങള്‍ സ്വീകാര്യമാണ്. അദ്ദേഹം പറഞ്ഞത്: പുതിയ സര്‍ക്കാര്‍
എല്ലാവരുടേതുമാണ്. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവരേയും
ഒരുപോലെ പരിഗണിക്കുന്ന സര്ക്കാരായിരിക്കം തന്റേത്. കേരളത്തിന്റെ
സര്വ്വോന്മുഖ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കും. വിവാദങ്ങള്‍
സംസ്ഥനത്തിന്റെ വളര്‍ച്ചയെ തടയാന്‍ അനുവദിക്കയില്ല. അക്രമങ്ങള്‍
അടിച്ചമര്‍ത്തും. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. ഇതൊക്കെയാണല്ലോ ഏതൊരു
ഗവണ്‍മന്റില്‍നിന്നും നാം പ്രതീക്ഷിക്കുന്നത്. പറഞ്ഞകാര്യങ്ങള്‍ അതുപോലെ
നടപ്പിലാക്കിയാല്‍ ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ട ഭരണത്തുടര്‍ച്ച
എല്‍ഡിഎഫിന് അവകാശപ്പെട്ടതായിരിക്കും.
മുഖ്യമന്ത്രി പിണറോയി
വിജയനില്‍നിന്ന് വളരെയേറെ നല്ലകാര്യങ്ങള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്
അദ്ദേഹം ഒരു പുരോഗമനവാദി ആയതുകൊണ്ടാണ്. അച്ചുതാനന്ദനെപ്പോലെ ഒരു
മൂരാച്ചിയല്ല. പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടിയും കയറുംമാത്രം
കേരളത്തിന് മതിയെന്ന് വിശ്വസിച്ചിരുന്ന ആളാണ് അച്ചുതാനന്ദന്.
അഭ്യസ്ഥവിദ്യരായ യവതീയുവാക്കള് കശുവണ്ടിതല്ലിയും കയര്‍പിരിച്ചും
ജീവിച്ചാല്മതിയെന്ന് അദ്ദേഹം വിചാരിച്ചിരുന്നോ? കുറ്റംപറയാന്‍
സാധിക്കില്ല; കാരണം അങ്ങനെയൊരു ചുറ്റുപാടില്‍ ജീവിച്ച് നേതാവായിത്തീര്‍ന്ന
വ്യക്തിയാണ് അദ്ദേഹം.
ഭരണാധികാരി ഒരു അഡ്മിനിട്രേറ്റര്‍
ആയിരിക്കണം. ആ ഒരു കഴിവ് എല്ലാനേതാക്കന്മാര്ക്കും ഉണ്ടായിരിക്കില്ല.
വിജയന് നല്ലൊരു അഡ്മിനിട്രേട്ടര് ആണെന്ന് തെളിയിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍
പ്രധാനമന്ത്രിമാരില്‍ ഏറ്റവും കഴിവുള്ളവനായിരുന്നു നരസിഹറാവു.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യം പുരോഗതിയിലേക്കുള്ള പ്രയാണത്തിന്
തുടക്കംകുറിച്ചത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി അഡ്മിനിട്രേറ്റര്‍
ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന് പല പ്രതിബന്ധങ്ങളേയും തരണംചെയ്താണ് ഭരണം
നിര്‍വഹിക്കേണ്ടിവന്നത്. ഞാന്‍ നേരത്തെയൊരു ലേഖനത്തില്‍
സൂചിപ്പിച്ചതുപോലെ പാമ്പും പുലിയും സിംഹവും എല്ലാമടങ്ങിയ ഒരു
അവിശുദ്ധമുന്നണിയെ നയിച്ചുകൊണ്ടുപോകാന്‍ അസാമാന്യ മെയ്വഴക്കം വേണം. ആ
മെയ്വഴക്കമാണ് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചത്. അവസാനം
പാര്‍ട്ടിക്കുള്ളില്‍തന്നെ ഒരു പ്രതിപക്ഷനേതാവിനെ ഹൈക്കമാന്‍ഡ്
നിയമിക്കുകയും ചെയ്തു. പിണറോയി വിജയന് അങ്ങനെയുള്ള പ്രതിബന്ധങ്ങള്‍
ഇല്ലാത്തതുകൊണ്ട് സുഗമമായി ഭരണം നിര്‍വഹിക്കാന്‍
സാധിക്കും.
ഒരുപാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതിന്റെ
ഉത്തരവാദിത്തം ഏറ്റെടുത്ത് ആ പാര്‍ട്ടിയുടെ നേതാവ് രാജിസമര്പ്പിക്കുക
എന്നൊരുപതിവുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാവ്
വീണിടത്തുകിടന്ന് ഉരുളുന്ന കാഴ്ച്ചകണ്ട് സഹതപിക്കണോ ചിരിക്കണോ അതോ കരയണോ
എന്നൊക്കെ ആ പാര്‍ട്ടിയുടെ അനുഭാവികള്‍ ചിന്തിച്ചുകാണണം.
തെരഞ്ഞെടുപ്പ്പരാജയം ചര്‍ച്ചചെയ്യാന്‍ കൂടിയ യുഡിഎഫ് യോഗത്തില്‍ സുധീരന്
വിജയിയുടെ ഭാവമായിരുന്നു; എല്ലാ ഊച്ചാളികളേയും താനൊരു പാഠം
പഠിപ്പിച്ചില്ലേയെന്ന് പറയുന്നതുപോലെ. മദ്യനയംകൊണ്ട് കുറെ വോട്ടുകള്‍
നഷ്ടപ്പെട്ടതല്ലാതെ ഒറ്റവോട്ടുപോലും കൂടുതല്‍ കിട്ടിയില്ലെന്ന്
സൂചിപ്പിച്ചത് പി.പി. തങ്കച്ചന് മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഷോക്കുകൊണ്ടാണെന്ന് തോന്നുന്നു
ഇരുട്ടില്‍തപ്പുന്ന ദയനീയ കാഴ്ച്ചയാണ് കണ്ടത്. എന്താണ് പരാജയകാരണമെന്ന്
ആദ്യയോഗത്തില്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതുകൊണ്ട് മറ്റൊരു സന്ദര്‍ഭത്തില്‍
ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ച് ചായയുംകുടിച്ച് പിരിയുകയായിരുന്നു.
സ്വയംവരുത്തിവച്ച ദുരന്തമായിരുന്നെന്ന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്
പോസ്റ്റര്‍ ഒട്ടിക്കാന്പോയ സാധാരണ പ്രവര്‍ത്തകര്‍ക്കുവരെ അറിയാം.
നേതാക്കന്മാര്ക്ക് മാത്രം അറിയില്ല. ഹാ കഷ്ടം!
കോണ്‍ഗ്രസ്സേ.
അഞ്ചാംമന്ത്രിസ്ഥാനം എന്ന മുസ്ളീംലീഗിന്റെ
പിടിവാശിക്ക് വഴങ്ങിയതുമുതലാണ് കോണ്‍ഗ്രസ്സിന്റെ ശനിദശതുടങ്ങുന്നത്.
യുഡിഎഫിന് വോട്ടുചെയതവരെയെല്ലാം നരാശപ്പെടുത്തിയ തീരുമാനമായിരുന്നു
അത്. ഒരപക്ഷേ, കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രിയിരുന്നെങ്കില്
ലീഗ് അങ്ങനെയൊരു ആവശ്യം മുന്പോട്ട് വെയ്ക്കില്ലായിരുന്നു. കരുണാകരന്
അങ്ങനെയൊരു ആവശ്യത്തിന് വഴങ്ങുകയും ഇല്ലായിരുന്നു. ലീഗിന്റെ ആവശ്യത്തിന്
വഴങ്ങിയതിനുശേഷം വലിയ കുഴപ്പമൊന്നുമില്ലാതെ ഭരണം മുന്പോട്ട് നീങ്ങുന്ന
സന്ദര്‍ഭത്തിലാണ് സരിതാസംഭവം. ഉമ്മന്‍ ചാണ്ടിക്ക് കാലൊന്ന് ഇടറിയെങ്കിലും
ഒരു അഭിസാരികയുടെ ആരോപണങ്ങള്‍ ജനം വിശ്വസിച്ചില്ല.
ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിച്ചുകൊണ്ടേയിരുന്നു.
പ്രതിപക്ഷത്തിന്റെ സമര കോലാഹലങ്ങളെല്ലാം പരാജയപ്പെടുന്നതാണ്് കേരളം
കണ്ടത്.
അങ്ങനെ ഭരണം ഒരുവിധം മുന്പോട്ട് പോകുന്ന സന്ദര്‍ഭത്തിലാണ്
കേരളത്തില്‍ മറ്റൊരു പ്രതിപക്ഷനേതാവിന്റെ ആവശ്യംകൂടിയുണ്ടെന്ന്
കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് കണ്ടുപിടിച്ചത്. സുധീരന് നല്ലൊരു
പ്രതിപക്ഷനേതാവായിട്ട് പ്രവര്‍ത്തിച്ച് തന്റെകടമ നിര്‍വഹിക്കുകയും
ചെയ്തു. കോണ്‍ഗ്രസ്സിനെ കുളിപ്പിച്ച് മൂക്കില്‍ പഞ്ഞിയുംവെച്ച്
കിടത്തിയതിന്റെ ആത്മസംതൃപ്തിയാണ് അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്.
വെറുക്കപ്പെട്ട കുറെ മുഖങ്ങള്കണ്ട് ടീവി ഓഫ്ചെയ്ത ജനങ്ങള്‍ അഭനന്ദനം
അര്‍ഘിക്കുന്നു.
പിണറായി വിജയന് മന്ത്രിസഭക്ക് വിജയം
ആശംസിക്കുന്നു.
അടുത്ത തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിട്ട് കോണ്‍ഗ്രസിനെ തുണച്ചാല്‍ സവര്‍ണ വോട്ടിനു ഫലമുണ്ടാകും. കേരളത്തിലെ മതാംഗങ്ങളുടെ എണ്ണം നോക്കിയാല്‍, ബി.ജെ.പിക്ക് ഒരു പാട് സീറ്റ് ജയിക്കാനുള്ള ഒരു ശേഷിയുമില്ല.