Image

വേലി ചാടുന്ന പശുക്കള്‍ (തോമസ് ക­ളത്തൂര്‍)

Published on 13 May, 2016
വേലി ചാടുന്ന പശുക്കള്‍ (തോമസ് ക­ളത്തൂര്‍)
കണ്ണാടി ജനാലയില്‍ ആഞ്ഞുകൊട്ടി വിളിക്കുംപോലെ, ചിറകുകളടിച്ച് ഇളകി ഒതുങ്ങുന്ന പക്ഷിക്കൂട്ടത്തിന്റെ കുറുകലും മൂളലും, എയര്‍കണ്ടീഷന്‍ ചെയ്ത മുറിയ്ക്കുള്ളിലുമെത്തി, മയക്കത്തിന്റെ സുഖത്തില്‍ നിന്നും എന്നെ തൊട്ടുണര്‍ത്തി. പെരുനാള്‍ വെടിക്കെട്ടു കഴിഞ്ഞ്, ആളുകള്‍ പിരിഞ്ഞ പള്ളിപറമ്പുപോലെ മുറിയാകെ ശാന്തമാണ്. ഗോസും, സിറിഞ്ചു കവറുകളും, ഈ.സി.ജി ഇലക്‌ടോഡ്‌സും. ചിന്നിചിതറി കിടക്കുന്നു, എന്നെ പുനര്‍ജീവിപ്പിക്കാനുള്ള കഠിനാദ്ധ്വാനത്തിനുശേഷം, വിജയശ്രീലാളിതനായി, ക്ഷീണിച്ചു കടന്നു പോയവര്‍ പിന്നിലവശേഷിപ്പിച്ചവ. ഉപയോഗശൂന്യനായ എന്നോടൊപ്പം ഉപേക്ഷിച്ച ഉപയോഗശൂന്യമായ വസ്തുക്കള്‍. ചിറകുകള്‍ ഇളക്കി കുടഞ്ഞ്, കുറുകലും നിര്‍ത്തി, പക്ഷികള്‍ ക്രമേണ നിശ്ശബ്ദരായി. അടുത്തെവിടെ നിന്നോ ""ലൂറോള്‍സിന്റെ - യൂ നെവര്‍ ഫൈന്‍ഡ് ദി ലവ് ലൈക്ക് മൈന്‍'' - എന്ന ഗാനം റേഡിയോയിലൂടെ മുദുവായ് ഒഴുകിവരുന്നു. അതിന്റെ തരംഗങങള്‍ രക്തമുണങ്ങി കറപിടിച്ച മസ്തിഷ്കത്തിലും അതിലൂടെ കടന്നുപോകുന്ന ചെറിയ കുഴലിലൂടെയും സഞ്ചരിച്ചു. തടിച്ച ചുണ്ടുകളും ആഴമേറിയ കനത്ത ശബ്ദവുമുള്ള ആ നല്ല പാട്ടുകാരനോട് ബഹുമാനം തോന്നി. ഞാനിന്ന് ആസ്വാദനശേഷി നഷ്ടപ്പെട്ട ഒരു വസ്തുവാണ്. സംഗീതം പ്രാണവായുവായിരുന്നു. ജീവിതത്തില്‍ വന്ന വിജയങ്ങളും പരാജയങ്ങളും ഒരു ഗാനത്തിന്റെ ആരോഹണ അവരോഹണം പോലെ കണക്കാക്കി. താളപ്പെടുത്തിയ ശബ്ദക്രമത്തില്‍ ചലിക്കുന്ന പ്രപഞ്ചത്തോടൊപ്പം ജിവിതവും ഒഴുകിനീങ്ങി. കുടുംബത്തിലെ അപസ്വരങ്ങള്‍ താല്ക്കാലികമാണെന്നോര്‍ത്ത്. അവസ്തുതികള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവന്നു. ജീവിതം തുടരാനൊരു കാരണം കണ്ടുപിടിച്ചത്, ""ഇനി കുട്ടികള്‍ക്ക് വേണ്ടി ജീവിയ്ക്കാ''മെന്നായിരുന്നു. എന്നാല്‍ പ്രായമാകുന്തോറും ഒന്നിനും കൊള്ളാത്തവനായി മുദ്രചാര്‍ത്തപ്പെട്ട പിതാവില്‍, മക്കളും കുറ്റങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ശ്രമിച്ചു; സുഖമായതൊന്നും ഓര്‍ക്കാനുമില്ലാത്തവന് മദ്യം കൂട്ടിനെത്തി, മറക്കാനൊരു സഹായിയായി. എല്ലാം നഷ്ടപ്പെട്ടവന്‍ എന്ന ചിന്തയ്ക്ക് ലഹരി കരിമരുന്നിട്ടു. കാറോ "വാലറ്റോ' കൂടാതെ ഒരു സന്ധ്യയില്‍ വീടുവിട്ടിറങ്ങി. അധികദൂരം നടന്നു തളരേണ്ടിവന്നില്ല. എവിടെ നിന്നോ പാഞ്ഞെത്തിയ ഒരു കാര്‍ തട്ടിത്തെറിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ എവിടെയോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നുന്നു. അങ്ങനെ ഇവിടെയെത്തി, ""അണ്‍ ഹോണ്‍ 26 ആയി.'' ചതഞ്ഞ തലച്ചോറിനുള്ളില്‍ നിന്നും ഒഴുകി ഒലിച്ച രക്തം പുറത്തേയ്ക്ക് കളയാനും രക്തസ്രാവം തടയാനുമായി, ക്ഷൗരം ചെയ്ത്, കീറിമുറിച്ച്, തലയോടു പൊട്ടിച്ചു നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം, തുന്നിചേര്‍ത്തു വെച്ചിരിയ്ക്കുകയാണ്, എന്റെ ജീവിതംപോലെതന്നെ.

ആരോ കതകു തുറക്കുന്നു. പാദചലനം കേട്ടിട്ട് നേഴ്‌സാണെന്ന് തോന്നുന്നു. ഞാനുമായി ബന്ധിച്ചിരുന്ന മിഷ്യനുകള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു കടന്നുപോയി. ഈ മുറിയില്‍ രോഗിയെന്ന ""ലേബലില്‍'' ഞാന്‍ ഉണ്ടെന്നുള്ള ധാരണപോലും ആ സ്ത്രീയ്ക്കില്ലെന്നു തോന്നുന്നു. അവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ രോഗിയുടെ സ്ഥാനത്തു നിന്നും എത്രയോ താഴെയാണ്. ഒരു ശവത്തിന്റെ സ്ഥാനമേ എനിയ്ക്കുള്ളൂ. ശാസ്ത്രത്തിന്റെ നേട്ടങ്ങളായ ചില യന്ത്രങ്ങളുടെ ഔദാര്യത്തില്‍ ജീവന്‍ നിലനിര്‍ത്തുന്നു എന്നു മാത്രം. ചിന്തകള്‍ ക്രമേണ യന്ത്രങ്ങളിലേയ്ക്ക് തിരിഞ്ഞു. ഞാനുമൊരു യന്ത്രമായിരുന്നില്ലേ, ഓരോ കാലഘട്ടത്തിലും. കുട്ടിയന്ത്രം മുതല്‍....മാതാപിതാക്കളുടെയും സമൂഹത്തിന്റെയും അനുശാസനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ച്, പ്രവര്‍ത്തനശേഷിയുണ്ടെന്ന് പുറത്തു തട്ടി അഭിനന്ദനം സ്വീകരിച്ച യന്ത്രം. എന്നാല്‍ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ചപ്പോഴൊക്കെ, അതു തകരാറായി വ്യാഖ്യാനിച്ച്, ശിക്ഷകളാകുന്ന അറ്റകുറ്റപണികള്‍ അടിച്ചേല്പിച്ച്, വീണ്ടും കര്‍മ്മനിരതനാക്കി പ്രതികരണശേഷിയെ നശിപ്പിച്ചും കുട്ടി എന്ന യന്ത്രം, ഭര്‍ത്താവെന്നയന്ത്രം, പിതാവെന്ന യന്ത്രം, അങ്ങോട്ടുമിങ്ങോട്ടും തട്ടാന്‍ തുടങ്ങിയ കേടുവന്ന രോഗിയെന്ന യന്ത്രം. എന്നാല്‍ പൂര്‍ണ്ണമായും ഒരു യന്ത്രത്തെപ്പോലെ, ചിന്താശക്തിയില്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചു. ചിന്തിയ്ക്കാനുള്ള കഴിവു നശിയ്ക്കുക, ഈ അവസരത്തില്‍ ഒരു അനുഗ്രഹമായേനെ. ചിന്തിയ്ക്കാന്‍ സുഖമുള്ളത് എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടായിരുന്നോ? മനസ്സിലാകെ ഒന്ന് പരതിനടന്ന്. കല്ലിലും മുള്ളിലും കാല്‍തട്ടി മുറിവേറ്റു. ഇരുട്ടിലും ചെളിയിലും തെന്നിവീണു. അല്പം ചില സുഖങ്ങളെ ദുഃഖത്തിന്റെ കൂമ്പാരങ്ങള്‍ മൂടികിടക്കുകയാണ്. ചിക്കിചീകഞ്ഞെടുക്കുക ആയാസകരമാണ്.

അല്പം തുറന്നു കിടന്ന വാതില്‍പാളികള്‍ക്കിടയിലൂടെ, ശബ്ദമുണ്ടാക്കാതെ ഒരു സ്ത്രീരൂപം മുറിയില്‍ പ്രവേശിച്ചു. മുറിയെ രണ്ടായി പകുത്തിരുന്ന കര്‍ട്ടനിടയിലേക്ക് വേഗത്തില്‍ അമര്‍ന്ന് മറഞ്ഞ്, ശ്വാസമടക്കി നിന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടു വലിയ കൈപ്പത്തികള്‍ കതക് തളളിതുറന്ന് തല ഉള്ളിലേക്ക് കടത്തി ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട്, കതകടച്ച് അപ്രത്യക്ഷനായി. യൂണിഫോമില്‍ നിന്നും അത് സെക്യൂരിറ്റിയാണെന്ന് മനസ്സിലാക്കാം. വീണ്ടും ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം ഉയര്‍ന്നു താഴുന്ന ശ്വാസോച്ഛ്വാസം കേള്‍ക്കാന്‍ തുടങ്ങി. ക്രമേണ സാധാരണ ഗതിയിലായി. ഇവള്‍ ആരാണ്? എന്തിനിവിടെയെത്തി? ഒരെത്തും പിടിയും കിട്ടുന്നില്ല. അല്പം കഴിഞ്ഞ് ഒരു ഡോക്ടര്‍ പരിശോധനയ്‌ക്കെത്തി. പാഠപുസ്തകത്തിന്റെ താളുകള്‍ മറിച്ച് പഠിയ്ക്കുംപോലെ കണ്‍പോളകളിലും വിരലുകളിലും പരീക്ഷണങ്ങള്‍ നടത്തി കര്‍ട്ടനു പിറകില്‍ നിന്നും സ്ത്രീരൂപം ഡോക്ടറുടെ പിമ്പിലെത്തി. അവള്‍ പൊട്ടികരഞ്ഞു. ഒരു നിമിഷം ഡോക്ടറേയും രോഗിയേയും അന്ധാളിപ്പിച്ചു. ഇവള്‍ ആരാണ്? കരച്ചിലിനിടയില്‍ അവള്‍ ഡോക്ടറെ അറിയിച്ചു, എന്നെ ചൂണ്ടികൊണ്ട് ""കാണണമെന്ന് വിളിച്ചു പറഞ്ഞപ്പോഴും ഇങ്ങനെ ഒന്നും ആകുമെന്ന് ഓര്‍ത്തില്ല. എന്റെ അടുത്ത സുഹൃത്താണ്. ഞാനെന്തിന് മറയ്ക്കുന്നു? എന്റെ ബോയ്ഫ്രണ്ടാണ്. എന്തുപറ്റിയോ? ആരെങ്കിലും ഒന്ന് പറഞ്ഞുതരൂ. ഞാനങ്ങനെ സഹിയ്ക്കും.'' ഇവള്‍ എന്തൊക്കെ അസംബന്ധങ്ങളാണ് പറയുന്നത്? ഇതിനു മുമ്പ് നെഞ്ചില്‍ തലയമര്‍ത്തിയുള്ള കരച്ചിലും. അവള്‍ തുടര്‍ന്നു. സാന്ത്വനിപ്പിക്കാന്‍ ആകാതെ നിശ്ശബ്ദനായി ഡോക്ടര്‍ മുറിവിട്ടു മരിച്ചുകൊണ്ടിരുന്ന മസ്തിഷ്കം മരവിച്ചതുപോലെ. അവളുടെ ഉദ്ദേശ്യം എന്താണെങ്കിലും, സത്യത്തിനു നിരക്കാത്ത പ്രസ്താവനകളാണെങ്കിലും. എല്ലാം നഷ്ടപ്പെട്ടയാള്‍ക്ക് ആദ്യം അലോസരം തോന്നിയെങ്കിലും ക്രമേണ ഒരു നിര്‍വ്വികാരത അനുഭവപ്പെടാന്‍ തുടങ്ങി. ഭാഗഭാക്കാകാനോ നിരുത്സാഹപ്പെടുത്താനോ ആവില്ല. ഇല്ലാതിരുന്ന ഒന്ന് അഭിനയത്തിലൂടെയെങ്കിലും ലഭിക്കുക, അല്പം സ്‌നേഹം, സൗഹൃദം - മരണത്തേയും കാത്തുകിടക്കുന്നവന് അതൊരാശ്വാസമാണ്. ശുശ്രൂഷിക്കണമെന്നോ, കൂടെ മരിക്കണമെന്നോ ആഗ്രഹിക്കുന്നില്ല. ഒരു മനുഷ്യജീവിയുടെ സാമീപ്യവും സാന്ത്വനവും. അത്രമാത്രം.

മനസ്സു വീണ്ടും ഉറങ്ങുകയാണ്. ചിന്തകള്‍ ചുറ്റിത്തിരിച്ചില്‍ ആരംഭിച്ച് ഭൂതകാലത്തിലേക്ക്. മേധാവിത്വ മനോഭാവമില്ലാത്ത ഒരു മാതൃകാ ഭര്‍ത്താവാകാന്‍, ഭാര്യയുടെ അഭിപ്രായങ്ങളെ മാനിക്കുവാനും, തീരുമാനങ്ങളില്‍ തുല്യപങ്കാളിത്തം കുടുംബത്തില്‍ ഉണ്ടാകുവാനും ശ്രമിച്ചു. ഭയത്തിനു പകരം സ്‌നേഹവും കരുതലും കുട്ടികള്‍ക്കു നല്‍കി അവരെ വളര്‍ത്തി. കുടുംബത്തെപ്പറ്റിയുള്ള പഴഞ്ചന്‍ പ്രമാണങ്ങളെ മാറ്റിയിട്ട് പുരോഗമനപരമായ ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചു. പക്ഷേ കുടുംബാംഗങ്ങള്‍ ചവുട്ടി പിന്‍തള്ളിക്കൊണ്ട് കണക്കില്ലാ ദൂരത്തോളം വളര്‍ന്നെത്തി. പിന്‍തള്ളപ്പെട്ടവരെ തിരിഞ്ഞു നോക്കിയില്ല.

മനസ്സു തിരികെ വര്‍ത്തമാനകാലത്തില്‍ എത്തിയപ്പോള്‍ അവള്‍ പോയിരുന്നു. ഒരു ഏകാന്തത. ശൂന്യതാബോധം തോന്നി. എങ്കിലും അവളെപ്പറ്റിയുള്ള അടക്കിപ്പിടിച്ച സംസാരം അടുത്ത മുറിയില്‍ നിന്നും കേള്‍ക്കാമായിരുന്നു. പേരുകേട്ട ഒരു വേശ്യയാണത്രെ. ആശുപത്രിയും പരിസരങ്ങളും ആണ് അവളുടെ പ്രധാന കേളീരംഗം. സ്വകാര്യതയ്ക്ക് വേണ്ടി ഓരോരുത്തരെ മാറി മാറി അവള്‍ ""പാര്‍ക്കിംഗ് ഗരേജിന്റെ'' മുകളില്‍ കൊണ്ടുപോകാറുണ്ടത്രേ. ഏതോ ഒരു ഡോക്ടറുടെ കാറുപൊട്ടിക്കലും മെയിന്‍ നേഴ്‌സിന്റെ ലോക്കറില്‍ നിന്നുള്ള മോഷണവും ഇവള്‍ ചെയ്തിട്ടുണ്ടത്രേ. എല്ലാ നിലയിലുള്ളവരേയും പാട്ടിലാക്കാന്‍ അവള്‍ സമര്‍ത്ഥയാണ്. അവളെപ്പറ്റി അറിയാവുന്നവര്‍പോലും അവളുടെ വലയില്‍ വീണുപോകും. ഞാനെന്തിനു അവളെപ്പറ്റി ചിന്തിയ്ക്കുന്നു? അവളാരായാല്‍ എനിക്കെന്ത്? ""വേലി ചാടുന്ന പശുവിന് കോലുകൊണ്ടാ മരണം.'' ആരും ഇത്രയ്ക്കധപതിക്കാന്‍ പാടില്ല. ഏതായാലും അവള്‍ പോയിട്ട് രണ്ടു ദിവസമായി കാണും. ബോധം വന്നുംപോയും ഇരിക്കുംപോലെ. രാവും പകലും വന്നുംപോയും ഇരിക്കുന്നു. പാഴ്ജന്മം.

ഉറക്കത്തില്‍ നിന്നോ അബോധാവസ്ഥയില്‍ നിന്നോ ഉണര്‍ന്നപ്പോള്‍ മുറിയാകെ ശാന്തമായിരുന്നു. കണ്ണുകളില്‍ അവശേഷിച്ചിരുന്ന വെളിച്ചംകൊണ്ട് മുറിയാകെ പരതി നടന്നു. എന്തിനെയോ തേടി. ആരെയോ തേടി. അവള്‍ വന്നോ? വരുമോ? മനസ്സു പറഞ്ഞു. ഛേ! ഒരു വേശ്യയെപ്പറ്റി ചിന്തിയ്ക്കുകയോ? ഇനി ലഭിക്കാനുള്ളത് ഒന്നേ ഉള്ളൂ. മരണം! നിനക്കാരുമില്ല. ഒന്നുമില്ല. സ്വന്തംപേരുപോലുമില്ലാത്ത, ""അണ്‍ നോണ്‍ 26'' എന്ന വസ്തു. ചിരിക്കണമെന്ന് തോന്നി. എങ്കിലും ഇല്ലാത്ത ഒന്ന് നഷ്ടപ്പെട്ടതുപോലെ. ആ നഷ്ടദുഃഖത്തിനും വേദന അനുഭവപ്പെട്ടു. പതുക്കെ പതുക്കെ അബോധത്തിലേക്കോ ഉറക്കത്തിലേക്കോ തെന്നി വീണുകൊണ്ടിരുന്നു.

മരണത്തേയും കാത്ത് നോമ്പു നോറ്റിരിക്കുകയാണ്. ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിക്കുക, വളരെ നാളായി ആഗ്രഹിച്ച്, കാത്തുകെട്ടികിടക്കുന്ന സുദിനം ആഗതമാവുമ്പോള്‍ പിന്നെന്തു ചെയ്യും, സന്തോഷിയ്ക്കുകയല്ലാതെ, ചിരിക്കുകയല്ലാതെ അതിനാലാവും മരണവും മടികാണിയ്ക്കുന്നത്. മരണത്തിനും, അതിന്റെ വരവേല്പില്‍ ചില പ്രതീക്ഷകളൊക്കെ കാണും. ദുഃഖവും വിതുമ്പലും കണ്ണീരും ഒക്കെ അകമ്പടിയ്ക്കുണ്ടേങ്കിലേ, തന്റെ മഹത്വം അഥവാ രൗദ്രഭാവം പ്രകടിപ്പിക്കാനാവൂ എന്നാകാം. എല്ലാ ജീവിതങ്ങളേയും തളളി മുന്നോട്ടു നീക്കുന്നതും പ്രതീക്ഷകളാണ്. എന്തെല്ലാം പ്രതീക്ഷകളായിരുന്നു എനിയ്ക്കും. ചെറുപ്പം മുതല്‍ പ്രതീക്ഷകള്‍ക്ക് നിറംചാര്‍ത്തി വളര്‍ന്നുവന്നു. പലതും ആകാശനീലിമയിലെ നക്ഷത്ര ദീപങ്ങളെപ്പോലെ, സ്വപ്നങ്ങളായ് അങ്ങകലെ നിന്ന് കണ്ണുചിമ്മുന്നു. സഫലീകൃതമായ പ്രതീക്ഷകള്‍ പലതും കെട്ടുപോയ കല്‍വിളക്കുകളെപ്പോലെ, ജീവിതത്തില്‍ വഴിമുട്ടിച്ചു നില്ക്കുന്നു, കറുത്തവെറും കല്‍ത്തൂണുകളായി.

ചിന്തകളില്‍ നിന്നും ഉണര്‍ത്തികൊണ്ട്, അവള്‍ വീണ്ടും മുറിയ്ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ടു. കസേര വലിച്ച് ബഡ്ഡിനടുത്തേക്കിട്ട് ചേര്‍ന്നിരുന്ന്, ചുറ്റുപാടും കണ്ണോടിച്ചു. ചിലരൊക്കെ കണ്ണാടി വാതിലിലൂടെ ഏറു കണ്ണയച്ച് കടന്നുപോയി. അല്പനേരം മുഖത്തേയ്ക്ക് നോക്കിയിരുന്നിട്ട്, മറുപടി കിട്ടില്ലെന്നറിഞ്ഞുകൊണ്ട് തന്നെ അവള്‍ സംസാരം ആരംഭിച്ചു. ""ഹായ്! മിസ്റ്റര്‍ അണ്‍നോണ്‍ 26'' ശബ്ദം താഴ്ത്തി. ""ഞാന്‍ അഭിനയിച്ച് നിങ്ങളെ എന്റെ സ്വന്തമാക്കിയപ്പോള്‍, എന്റെ വരവ് അനധികൃതമല്ലാതായി.'' അവള്‍ ചിരിച്ചിട്ട് വീണ്ടും തുടര്‍ന്നു. ""ഇവിടെ ഒരു ഡോക്ടറോട് ചില ബാദ്ധ്യതകളും ഇടപാടുകളും ഒക്കെ ഉണ്ട്. അയാളെയും ഇവിടെ വെച്ചു പരിചയപ്പെട്ടതാണ്. പലദിവസങ്ങളിലും പാര്‍ക്കിംഗ് ഗാരേജിന്റെ ആളൊഴിഞ്ഞ മൂലകളില്‍ ബെന്‍സു കാറിന്റെ മൃദുല ഇരിപ്പിടങ്ങള്‍ ഞങ്ങള്‍ക്കും പൂമെത്തകളായി. ഈയിടെ ഒരു ദിവസം ""എമേര്‍ജന്‍സി'' കോള്‍ വന്നതിനിടയില്‍ ധൃതിയില്‍ തിരികെ പോകേണ്ടിവന്ന ഡോക്ടര്‍ കാറു പൂട്ടുന്ന ചുമതല എന്നെ ഏല്പിച്ചു. ""ഗ്ലൗ കംപാര്‍ട്ടുമെന്റില്‍'' വെറുതെ ഒന്ന് തിരഞ്ഞ എനിയ്ക്ക് അല്പം പണവും അതിലുപരി അനധികൃത മയക്കുമരുന്ന് കച്ചവടത്തിന്റെ കണക്കുകളും, കത്തിടപാടുകളും ലഭിച്ചു. കുറച്ചുനാളത്തേയ്ക്ക് ജീവിതം ആഘോഷിയ്ക്കാന്‍ ഈ വിവരങ്ങള്‍ എന്നെ സഹായിക്കും. ഹാ! ഞാനെന്തിന് ഇതൊക്കെ നിങ്ങളോടു പറയുന്നു? നിങ്ങളെപ്പറ്റി ഒന്നും എന്നോടു പറയാന്‍ നിങ്ങള്‍ക്ക് കഴിയില്ലല്ലോ....സാരമില്ല'' അവള്‍ ഒന്നുനിര്‍ത്തി. നിശ്ശബ്ദതയ്ക്കുശേഷം തുടര്‍ന്നു. ""എനിയ്ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. എല്ലാ ആണുങ്ങളോടും എനിക്കിഷ്ടമാണ്. കറുപ്പെന്നോ വെളുപ്പെന്നോ മഞ്ഞയെന്നോ നിറഭേദം കൂടാതെ. എപ്പോഴും രണ്ടു മൂന്നാണുങ്ങള്‍ക്കിടയില്‍ തൊട്ടുരുമ്മി കൂടുന്നതും ഒരു രസമാണ്.'' അവള്‍ തന്റെ വേശ്യാവൃത്തിയുടെ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അറപ്പും, വെറുപ്പും, ശ്രദ്ധയേയും മനസ്സിനേയും ഉറക്കിക്കളഞ്ഞു. അവള്‍ എപ്പോള്‍ പോയി എന്നറിയില്ല. അശരീരിപോലെ മനസ്സില്‍ മുഴങ്ങി നിന്നു ""വേലി ചാടുന്ന പശുവിന് കോലുകൊണ്ടാണ് മരണം.'' കുറ്റപ്പെടുത്തലും സ്വയം പരിശോധനയും മനസ്സിന്റെ അകത്തളങ്ങളില്‍ നടന്നു. കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിയ്ക്കുന്ന ഒരു ഭീരുവിന്റെ രൂപം എന്നില്‍ കണ്ടു.

ഡോക്ടറന്മാരും നേഴ്‌സുമാരും മിഷ്യനുകളെ ശ്രദ്ധിക്കാനും പരിചരിക്കാനും മരുന്നുകള്‍ നിറയ്ക്കാനും വന്നുംപോയുമിരുന്നു. ഇടയ്ക്കിടെ മൈക്കിലൂടെ പല പേരുകളും ""കോഡുകളും'' ആവര്‍ത്തിച്ചു കേട്ടു. ഇടയ്ക്കിടെ ചില ""കോഡബ്‌ളൂകളും.''

ഒരു അപരിചിതന്‍ മുറിയിലേക്ക് കടന്നുവന്നു. കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖത്ത് മരിച്ചവരുടേതുപോലുള്ള രണ്ടു കണ്ണുകള്‍, ആരെയോ അന്വേഷിക്കുംപോലെ, കാതില്‍ തിളക്കം നഷ്ടപ്പെട്ട വളയം ചെളിപിടിച്ചു കിടക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം പരിചിതനായ ഒരു ഡോക്ടറും എത്തി. ന്യൂറോ വാര്‍ഡിന്റെ ഒരു കോണില്‍ മരണം കാത്തുകിടക്കുന്നവര്‍ക്കുള്ള ഈ മുറി കൂടുതല്‍ സൈ്വരത നല്കി ഒഴിഞ്ഞുനിന്നു. അടഞ്ഞുകിടന്ന മുറിയ്ക്കുള്ളില്‍ അവരുടെ പതിഞ്ഞ സംസാരം കേള്‍ക്കാമായിരുന്നു. ""അവളെ ഞാന്‍ പാര്‍ക്കിംഗ് ഗാരേജിന്റെ 6-ാം നിലയിലെ വടക്കേ കോണില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന എന്റെ ബെന്‍സ് കാറിനരികിലേക്ക് പറഞ്ഞുവിട്ടിട്ടുണ്ട് എനിക്കുവേണ്ടി കാത്തിരിക്കാന്‍. നിന്നെപ്പോലുള്ള എന്റെ ഇടപാടുകാരുടെ പലരുടേയും പേരുകളും വിവരങ്ങളും പറഞ്ഞ്, അവള്‍ എന്നെ ഊറ്റുകയാണ്. നമുക്കെല്ലാം അവളൊരു ഭീഷണിയാണ്.

മുന്‍കരുതലുകള്‍ വിസ്തരിച്ചിട്ട് ഏതാനും ചെറിയ സിറിഞ്ചുകള്‍ അപരിചിതന്റെ നിറം മങ്ങിയ ജീന്‍സ് പോക്കറ്റിലേക്ക് തള്ളി ഇറക്കി. ""ഇപ്പോള്‍ ഒന്ന് ഉപയോഗിച്ചിട്ട് ബാക്കി പിന്നത്തേയ്ക്ക് സൂക്ഷിച്ചുകൊള്ളൂ.'' ഡോക്ടര്‍ ഇറങ്ങിനടന്നു. അല്പസമയം കൂടി തങ്ങിനിന്നിട്ട് അപരിചിതിനും പോയി. എന്റെ മനസ്സു വെമ്പല്‍കൊള്ളുകയാണ്. ആ സ്ത്രീയെ എങ്ങനെയെങ്കിലും രക്ഷിയ്ക്കാന്‍. ഒരു കൊലപാതകം നടക്കാന്‍ പോകുന്നു. ആ സ്ത്രീയെ ആരെങ്കിലും രക്ഷിക്കൂ എന്ന് വിളിച്ചുകൂവണമെന്നുണ്ട്. ശബ്ദവും വികാരവും ഉള്ളില്‍ കുരുങ്ങി കിടക്കുകയാണ്. ശരീരത്തില്‍ നിന്ന് മനസ്സ് പറിഞ്ഞുപോകുംപോലെ. ഇപ്പോള്‍ ഈ നിസ്സഹായത അസഹനീയമായി തോന്നുന്നു. നിമിഷങ്ങള്‍ വഴുതി വീഴുകയാണ്. ആരെങ്കിലും എന്തെങ്കിലും ചെയ്യൂ. ഇപ്പോള്‍ കൊലയാളി എലിവേറ്ററില്‍ എത്തിക്കാണും. അവള്‍ വേശ്യയാണെങ്കിലും ആ സ്‌നേഹാഭിനയം മനസ്സില്‍ കടന്നുവരുന്നു. ആ അഭിസാരികയുടെ ചിരിയും കഥപറച്ചിലും നൂറുനൂറു ചിലന്തിവലകള്‍ ശരീരത്തില്‍ വെള്ള വിരിയ്ക്കുന്നു. നിന്റെ മരണം ഞാനറിയാതെ എന്നെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ നീ മരിച്ചു കാണും. കണ്ണില്‍ വെളിച്ചങ്ങള്‍ കടന്നു വരുന്നു. വീണ്ടും ഇരുട്ട്....വീണ്ടും മിന്നല്‍പിണരുകള്‍ ശരീരത്തിലും ശിരസ്സിലും പായുകയായ്. വീണ്ടും ഇരുട്ട്. നിശ്ശബ്ദത. വെളിച്ചത്തിന്റെ ഗോളങ്ങള്‍ മങ്ങിയും മാഞ്ഞും ചുറ്റിലും കറങ്ങികൊണ്ടിരിക്കുന്നു. വീണ്ടും അര്‍ദ്ധബോധാവസ്ഥയിലെത്തി. കര്‍ട്ടനിടയിലൂടെ പുറത്തെ ഇരുട്ടിന്റെ കറുപ്പ് ദൃശ്യമായി. പെട്ടെന്നാണ് മിന്നി കറങ്ങുന്ന അത്യാഹിതവിഭാഗം വണ്ടികളുടെ വെളിച്ചവും സൈറണും ആരംഭിച്ചത്. പലയിടത്തു നിന്നും പാഞ്ഞെത്തിയ ശബ്ദവും വെളിച്ചവും ആശുപത്രി ""പാര്‍ക്കിംഗ് ഗരേജിന്റെ'' സമീപത്ത് നിലയുറപ്പിച്ചു. പോലീസ് കാറുകളുടെ കൂവലും ഇരമ്പലും പ്രത്യേകം തിരിച്ചറിയാന്‍ കഴിഞ്ഞു. എല്ലാം കഴിഞ്ഞു. കോണ്‍ക്രീറ്റു തറയില്‍ പൊട്ടിച്ചിതറിയ തല്‌യ്ക്കും ഒടിഞ്ഞു മടങ്ങിയ ശരീരത്തിനും ചുറ്റുമായി ചിന്നിച്ചിതറി കിടക്കുന്ന മാംസശകലങ്ങളും ചോരത്തുളളികളും, ഒഴുകി വന്നുകൊണ്ടിരിക്കുന്ന രക്തപ്രവാഹവും ഭാവനയില്‍ കണ്ടു. പുറത്തേക്ക് ധൃതിയില്‍ നടക്കുന്ന ജോലിക്കാര്‍ ഈ സംഭവത്തെപ്പറ്റിയാണ് പറയുന്നത്. ""ആ വേശ്യ ആത്മഹത്യ ചെയ്തു. അധികനേരമായില്ല. പാര്‍ക്കിംഗ് ഗാരേജിന്റെ മുകളില്‍ നിന്നും ചാടി.'' എന്റെ ശരീരവും തരികളായി ബെഡ്ഡിലേക്ക് പൊടിഞ്ഞു ചേരുംപോലെ. എല്ലാ ശബ്ദങ്ങളും വെളിച്ചങ്ങളും എന്നിലേക്കോ...എന്നില്‍ നിന്ന് പുറത്തേയ്ക്കു കടക്കുന്നതുപോലെ. ജനാലയ്ക്കല്‍ കുറുകി അമര്‍ന്നിരുന്ന് ഉറക്കം പിടിച്ച പക്ഷികള്‍ ഞെട്ടി ഉണര്‍ന്ന്, ചിറകടിച്ചുയര്‍ന്നു. ചിറകുകള്‍ കണ്ണാടിയില്‍ തട്ടി, നഖങ്ങള്‍ കോണ്‍ക്രീറ്റില്‍ ഉരഞ്ഞ്, അവ പറന്നുയര്‍ന്നു. മുറിയ്ക്കുള്ളില്‍ മിഷ്യനുകള്‍ മണിയടി ശബ്ദം മുഴക്കി. വെള്ള വസ്ത്രധാരികള്‍ പാഞ്ഞെത്തി, വീണ്ടും വിജയിയ്ക്കാനുള്ള ശ്രമം തുടങ്ങി. മൈക്കുകള്‍ തുടരെ ശബ്ദിച്ചു. ""കോഡ്ബ്‌ളൂ'' എന്‍.ഐ.സി.യൂ...""കോഡ് ബ്ല്‌ളൂ''...""കോഡ്ബ്‌ളൂ.''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക