Image

അച്ച്യുതാനന്ദന്റെ ജീവിതം ഡോക്യുമെന്ററിയാക്കാന്‍ ബ്രിട്ടീഷ് സ്വദേശി

Published on 04 May, 2016
അച്ച്യുതാനന്ദന്റെ ജീവിതം ഡോക്യുമെന്ററിയാക്കാന്‍ ബ്രിട്ടീഷ് സ്വദേശി

ലോകരാഷ്ട്രീയത്തില്‍ തന്നെ അത്ഭുതമായി മാറിയ വിഎസ് അച്ച്യുതാനന്ദന്റെ ജീവിതം ഡോക്യുമെന്ററിയാക്കാന്‍ ബ്രിട്ടീഷ് സ്വദേശി ഇയാന്‍ മക്‌ഡൊണാള്‍ഡ്. വിഎസിനെക്കുറിച്ച് കേട്ടറിഞ്ഞ് ഡോക്യുമെന്ററി തയാറാക്കാന്‍ കടല്‍ കടന്നെത്തിയിരിക്കുകയാണ് ഇയാന്‍ മക്‌ഡൊണാള്‍ഡ്. 

ജനാരവങ്ങള്‍ക്കിടയില്‍നിന്നും വിഎസിന്റെ ഓരോ ചലനങ്ങളും ഇയാന്‍ പകര്‍ത്തുന്നുണ്ട്. പ്രഭാതങ്ങളിലെ വി എസിന്റെ യോഗയും പ്രഭാതസവാരിയുമൊക്കെ ഇയാന്‍ പകര്‍ത്തുന്നുണ്ട്. ഡോക്യുമെന്ററി പുറത്ത് വരുന്നതോടെ പടിഞ്ഞാറന്‍ ലോകത്തിന് മാത്രമല്ല ലോകരാഷ്ട്രീയ ചരിത്രത്തിലേക്ക് പുതിയ മുതല്‍ക്കൂട്ടാകും വി എസിന്റെ ചരിത്രം. 

തന്റെ ഭാര്യ തിരുവനന്തപുരം സ്വദേശി ഗീത പറഞ്ഞാണ് വി എസിനെകുറിച്ച് അറിഞ്ഞതെന്നു ഇയാന്‍ പറയുന്നു. ഇതാദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് മലയാളിയായ നേതാവിനെ തേടി ആരെങ്കിലും ഡോക്യുമെന്ററി ചെയ്യാന്‍ എത്തുന്നത്. ലോകത്തെ വിപ്ലവ നേതാക്കള്‍ക്ക് മുന്നില്‍ ആവേശവും കൗതുകവുമായി വിഎസ് മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

തൊണ്ണൂറുകളിലും യുവത്വത്തിന്റെ പ്രസരിപ്പുണ്ട് നേതാവിന്റെ ഓരോ വാക്കിലും. പ്രായത്തെ തോല്‍പ്പിച്ച് കൊണ്ട് പ്രചാരണവേദികളില്‍ ആവേശപ്രസംഗങ്ങളുമായി പുതിയ ചരിത്രം രചിക്കുകയാണ് വി എസ്. ഇത്തരം നേതാക്കള്‍ യുവതയ്ക്ക് എന്നും ആവേശവുമാണ്. ഇയാന്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ 14 ജില്ലകളിലും പര്യടനത്തിനെത്തുന്ന വിഎസിന്റെ ശരീരഭാഷയും പ്രസംഗശൈലിയും ലോകമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരിക്കുകയാണ്.

വിഎസ് അടുത്തകാലത്ത് തുടങ്ങിയ ഫേസ്ബുക്ക് പേജിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന റെക്കോര്‍ഡ് പിന്തുണയും ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 
ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്ന് എതിരാളികളെ കടന്നാക്രമിക്കുന്ന വിപ്ലവപോരാളി തൊണ്ണൂറിലെ യുവത്വംകൊണ്ട് ലോകരാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയനാകുകയാണ്. 

ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോക്ക് ഇപ്പോള്‍ 89 വയസ്സാണ്. 1923 ഒക്ടോബര്‍ 20 ന് ജനിച്ച വിഎസിന് 93 വയസ്സായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക