Image

കണ്ടു രസിക്കാന്‍ "തെറി'

ആശാ പണിക്കര്‍ Published on 16 April, 2016
കണ്ടു രസിക്കാന്‍ "തെറി'
വിജയ് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പതിവു ഘടങ്ങളുണ്ട്. നായകന്‍ കരുത്തനും ധീരനും എല്ലാം തികഞ്ഞ പോരാളിയും നല്ല കാമുകനുമായിരിക്കണം. വില്ലന്‍മാര്‍ എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം ഒറ്റയ്ക്ക് അടിച്ചൊതുക്കാന്‍ കഴിയുന്നവനായിരിക്കണം. വിജയ് വില്ലന്റെയോ അവരുടെ കൂട്ടാളികളുടെ തല്ലുമേടിക്കുന്നത് ഒരു കാരണവശാലും പ്രേക്ഷകര്‍ സഹിക്കില്ല. കൈ നിവര്‍ത്തിയൊന്നു കൊടുത്താല്‍ ചുരുങ്ങിയത് പത്തു പേരെങ്കിലും തെറിച്ചു പോകണം. പിന്നെ പാട്ട്, ഡാന്‍സ്, പ്രണയം, സെന്റിമെന്‌റ്‌സ് ഇതെല്ലാം കൂടി ചേരുന്നതാണ് വിജയ് ചിത്രങ്ങളുടെ പതിവ് ഫോര്‍മുല.

തിയേറ്ററുകളില്‍ " പുലി' ക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം വിജയ് ഏറെ പ്രതീക്ഷിളോടെ അഭിനയിച്ച ചിത്രമാണ് "തെറി'. പ്രേക്ഷകര്‍ക്ക് വേണ്ടി ഇത്തവണ നല്ലൊരു ദൃശ്യവിരുന്ന് എന്ന രീതിയില്‍ തന്നെയാണ് വിജയ് ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചത് എന്ന് സിനിമ കാണുമ്പോള്‍ മനസിലാകും. വിജയ് ചിത്രങ്ങളുടെ പതിവു ശൈലിയില്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്. എങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധം തികച്ചും രസകരമായി തന്നെ ചിത്രമൊരുക്കാന്‍ സംവിധായകന്‍ അറ്റ്‌ലിക്കു കഴിഞ്ഞിട്ടുണ്ട്.

കഥയുടെ പശ്ചാത്തലത്തില്‍ കേരളവുമുള്ളതുകൊണ്ട് ചിത്രീകരണ സമയത്തു തന്നെ ഈ ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ കൗതുകമുണ്ടായിരുന്നു. കേരളത്തിലെ ഒരു കൊച്ചു പട്ടണത്തില്‍ ബേക്കറി നടത്തുകയാണ് ജോസഫ് കുരുവിള. ആറു വയസുകാരി മകള്‍ നിവിയാണ് ജോസഫിന്റെ എല്ലാം. ജോസഫിനെ സംബന്ധിച്ച് ഈ ലോകത്ത് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടത് നിവിയാണ്. രണ്ടു പേരും ചേര്‍ന്നുള്ള ആഹ്‌ളാദഭരിതമായ ജീവിതം വളരെ സ്വച്ഛമായി കടന്നു പോകുമ്പോഴാണ് ഒരു പ്രശ്‌നമുണ്ടാകുന്നത്. ഈ സംഭവം ജോസഫ് കുരുവിള എന്ന വിജയ്കുമാറിന്റെ ഭൂതകാലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു.

രാജാറാണി എന്ന ചിത്രം സംവിധാനം ചെയ്ത അറ്റ്‌ലി തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥാ രചനയും നിര്‍വഹിച്ചിട്ടുള്ളത്. തമിഴ് സിനിമകളില്‍ നമ്മള്‍ യഥേഷ്ടം കണ്ടു പരിചയിച്ച പോലീസ് കഥയാണ് "തെറി'ക്കും പറയാനുള്ളത്. സത്യസന്ധനായ നായകന്‍, ക്രൂരനായ വില്ലന്‍, പ്രതികാരം അതോടൊപ്പം സമൂഹത്തില്‍ നമുക്കുള്ള ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കല്‍ ഇതാണ് പ്രമേയം. കഥയുടെ തുടക്കവും ഒടുക്കവും പ്രേക്ഷകന് വേഗത്തില്‍ ഊഹിച്ചെടുക്കാന്‍ കഴിയും വിധത്തിലണ്. അതുകൊണ്ട് തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സംവിധായകന് കഴിയുന്നില്ല. എങ്കിലും പ്രേഷകനെ രസിപ്പിക്കാന്‍ ഒരു വിജയ് ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ആവശാത്തിനു ചേര്‍ത്തു തന്നെയാണ് ഈ സിനിമ പാകപ്പെടുത്തിയിട്ടുള്ളത്. കഥയ്ക്ക് ഇടയ്ക്ക് അല്‍പ്പം ഇഴച്ചിലുണ്ടാകുന്നതു പോലെ തോന്നുമെങ്കിലും അപ്പോള്‍ തന്നെ കിടിലന്‍ ഒരു ആക്ഷന്‍ സീന്‍ കൊണ്ടു വന്ന് ചിത്രത്തിന്റെ മൂഡു മാറ്റുന്നുണ്ട്. ത്രസിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ഇല്ലാതെയ പോയതാണ് "തെറി'യുടെ ആകെയുള്ള കുറവ്. അതു കൂടിയുണ്ടായിരുന്നെങ്കില്‍ കിടലമായിരുന്നേനെ എന്നു പറയാതെ വയ്യ. ആദ്യ പകുതി അവസാനിക്കുന്നത് കൃത്യമായ പഞ്ചിംഗോടെയാണ്. ഗാനരംഗങ്ങളുടെ ചിത്രീകരണവും അതി മനോഹരമായി.

സ്ക്രിപ്റ്റിലെ കുറവുകള്‍ പൂര്‍ണമായും നികത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് വിജയ് സ്ക്രീനില്‍ കാഴ്ചവച്ചിട്ടുള്ളത്. ഡാന്‍സ്, ആക്ഷന്‍, പഞ്ച് ഡയലോഗ് എന്നിവ കൃത്യമായി നല്‍കി പ്രേക്ഷകന്റെ കൈയ്യടി വാങ്ങാന്‍ വിജയിനു കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളായ സത്യസന്ധനും ധീരനുമായ പൊലീസ് ഓഫീസര്‍, സ്‌നേഹനിധിയായ അച്ഛന്‍ എന്നിങ്ങനെ വിജയ് ശരിക്കും കസറിയിട്ടുണ്ട്. സംവിധായകന്‍ മഹേന്ദ്രനാണ് ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിജയിനെ പോലെ ഒരു സൂപ്പര്‍ താരത്തിനൊപ്പം നില്‍ക്കാനുള്ള അഭിനയശേഷി തനിക്കുണ്ടെന്ന് ഈ നടന്‍ തെളിയിച്ചു. നായകനൊത്ത ഉത്തമവില്ലനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ അറ്റ്‌ലിക്ക് അഭിമാനിക്കാം. ആമി ജാക്‌സണ്‍, രാജേന്ദ്രന്‍, രാധിക എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


തമിഴ് സിനിമകളില്‍ പലപ്പോഴും നായിക നായകന്റെ നിഴലായി പോവാറുണ്ട്. പ്രത്യേകിച്ചും സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍. അതു പരിഗണിക്കുമ്പോള്‍ ഈ ചിത്രത്തില്‍ സാമന്തയ്ക്ക് നടി എന്ന നിലയ്ക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു എന്നു പറയാം, വെറുതേ വന്നു പോകുന്ന ഒന്നല്ല സാമന്ത അവനതരിപ്പിക്കുന്ന കഥാപാത്രം എന്ന പ്രത്യേകതയുമുണ്ട്.

ഈ ചിത്രത്തില്‍ വിജയിനൊപ്പം തന്നെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ബേബി നൈനിക. വിജയും ബേബി നൈനികയും തമ്മിലുള്ള രംഗങ്ങള്‍ വളരെ ആകര്‍ഷകവും ഹൃദയ സ്പര്‍ശിയുമാണ്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രത പലപ്പോഴും പ്രേക്ഷകന്റെ കണ്ണ് നനയ്ക്കാന്‍ പോന്നതാണ്. ആക്ഷനും ഡാന്‍സും പഞ്ച് ഡയലോഗും മാത്രമല്ല. സാധാരണ മനുഷ്യന്റെ വികാരങ്ങള്‍ കൂടി പ്രതിഫലിക്കുന്ന സിനിമയാണ് "തെറി'. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതു പോലുള്ള രംഗങ്ങള്‍ ഏറെയുണ്ട് ചിത്രത്തില്‍.

ജി.വി പ്രകാശിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതല്‍ മിഴിവുള്ളതാക്കിയിട്ടുണ്ട്. വിജ്‌യ് നായകനാകുന്ന ഒരു മാസ്സ് എന്റര്‍ടെയ്ന്‍മെന്റ് ആക്ഷന്‍ ചിത്രത്തിനൊത്ത ക്യാമറ വര്‍ക്കാണ് ജോര്‍ജ് സി. വില്യംസ് കാഴ്ച വച്ചിട്ടുള്ളത്. ആക്ഷന്‍ രംഗങ്ങളിലാണ് കൂടുതല്‍ വന്യമായ ഭംഗി എന്നു കാണാം. രണ്ടേ മുക്കാല്‍ ദൈര്‍ഘ്യമുള്ള ചിത്രം റൂബന്റെ എഡിറ്റിംഗ് മികവില്‍ പ്രേക്ഷകന് ഒട്ടും ബോറടിക്കാതെ കാണാനാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

മസാല രംഗങ്ങള്‍ ഒഴിവാക്കി സെന്റിമെന്റ്‌സിനു കൂടി പ്രാധന്യം നല്‍കി എടുത്തിരിക്കുന്ന സിനിമ എന്ന നിലയിലും രസകരമായ ഒരു മൂവി എന്ന നിലയ്ക്കും "തെറി' ധൈര്യമായി കാണാന്‍ പാകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക