Image

ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷകസംഘം അന്വേഷണം നടത്തും

Published on 29 January, 2012
ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷകസംഘം അന്വേഷണം നടത്തും
ടെഹ്‌റാന്‍: ഇറാനില്‍ നിന്ന്‌ ആണവ ഭീഷണിയുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) യുടെ പ്രത്യേക നിരീക്ഷക സംഘം ഇറാനിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം ഇറാന്റെ ആണവ പദ്ധതിയുടെ ലക്ഷ്യത്തെക്കുറിച്ച്‌ പഠിക്കും. ഇറാന്റെ ആണവ പദ്ധതി പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക കനത്ത സാഹചര്യത്തിലാണ്‌ നിരീക്ഷക സംഘം എത്തുന്നത്‌.

ഐ.എ.ഇ.എ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹെര്‍മന്‍ നാക്കേര്‍ട്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇറാനിലെത്തിയത്‌. ഇറാന്‍ തങമായി സഹകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ യാത്ര പുറപ്പെടും മുമ്പ്‌ ഹെര്‍മന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക്‌ ഇറാന്‍ മറുപടി നല്‍കണമെന്ന്‌ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു. രാജ്യത്തിന്‌ ആണവ പദ്ധതിയില്‍ സമാധാനപരമായ ലക്ഷ്യമാണുള്ളതെന്ന്‌ ലോകത്തിന്‌ ബോധ്യമാകുമെന്നും ഐ.എ.ഇ.എയിലെ ഇറാന്‍ അമ്പാസിഡര്‍ അസ്‌ഗര്‍ സോള്‍ട്ടാനിയെ പറഞ്ഞു.

ആണവ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കണമെന്നാവശ്യപ്പെട്ട്‌ അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക