തിരുവനന്തപുരം: ഭരണനിര്വഹണത്തിനിടയ്ക്ക് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ നേരിടുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എ.എസ്. ഓഫീസേഴ്സ്
അസോസിയേഷന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. അസോസിയേഷന് പ്രതിനിധികളായ
എസ് എം വിജയാനന്ദ്, മനോജ് ജോഷി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാസര്‍കോട്ടെ
ഭൂമിവിവാദത്തില്‍ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത
സാഹചര്യത്തിലായിരുന്നു അസോസിയേഷന് നേരത്തെ യോഗം ചേര്‍ന്ന് നിവേദനം
നല്കാന് തീരുമാനിച്ചത്. ഷീലാതോമസ് ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ്
പ്രതിസ്ഥാനത്ത് ചേര്‍ത്തിരുന്നു.
മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടിവരുമ്പോള് ഭരണപരമായ നിരവധി
പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരം
കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നിവേദനത്തില്‍
ആവശ്യപ്പെട്ടിരിക്കുന്നത്.