Image

തിരിച്ചറിവുകള്‍ (കവിത: ശ്രീദേവി എം.റ്റി)

Published on 05 March, 2016
തിരിച്ചറിവുകള്‍ (കവിത: ശ്രീദേവി എം.റ്റി)
മറവിയുടെ അഗ്‌നിക്കയങ്ങളില്‍
ഓരോ തന്മാത്രകളായ്
പതിക്കുമ്പോള്‍
കണ്ണിലൂറി ഘനീഭവിച്ച
ജലകണങ്ങള്‍
സ്വയം
മറന്നൊഴുകുമ്പോള്‍
ആത്മാവിന്‍ സ്പന്ദനങ്ങള്‍
തിരിച്ചറിയാതെ
നിഷ്ക്കളങ്ക ബാല്യത്തിലേക്കൊരു
തിരിച്ചുപോക്കസാധ്യമോ ?

നിറമുള്ള ബാല്യത്തില്‍
ചിറകുള്ള സ്വപ്നങ്ങളില്‍
പറന്നലയവേ
വെണ്മേഘത്തേരിലേറിയൊരാ
വെണ്‍പ്രാക്കളായ് പറക്കവേ
ബാല്യ, കൗമാരങ്ങള്‍
തേനലയായ് പൊതിയവേ
നിഴലനക്കമായവ... മായുന്നുവോ?

യൗവനം
കടന്നുപോകുമാ
പാതയോരത്തൊന്നും കണ്ടില
നിഷ്കളങ്കതയുടെ നേര്‍!ക്കാഴ്ചകള്‍
എവിടേയും നിറഞ്ഞാടിയത്
ചില പൊയ്മുഖങ്ങള്‍ മാത്രമോ ?

വാര്‍ദ്ധക്യമെന്ന
തിരിതെളിയുമ്പോള്‍
പല്ലില്ലാത്ത മോണകാട്ടി
പുഞ്ചിരി തെളിച്ചമ്മയോ
മുത്തശ്ശിയോ,
നാമജപമന്ത്രവുമായ്
തെളിമയുള്ള മുഖത്തോടെത്തുമ്പോള്‍
നിഷ്ക്കളങ്ക ബാല്യങ്ങള്‍ തിരിച്ചെത്തുന്നു
തിരിച്ചുപോക്കസാധ്യമായ്
തിരിച്ചറിവുകള്‍ (കവിത: ശ്രീദേവി എം.റ്റി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക