Image

പിളരാന്‍ ഇനി നേരമില്ലല്ലോ (എ.എസ്. ശ്രീകുമാര്‍)

Published on 04 March, 2016
പിളരാന്‍ ഇനി നേരമില്ലല്ലോ  (എ.എസ്. ശ്രീകുമാര്‍)
രാഷ്ട്രീയത്തില്‍ നമ്മുടെ നാടിന്റെ  പേര് മുന്നില്‍ ചേര്‍ത്തുവച്ച കേരളാ കോണ്‍ഗ്രസ് അതിന്റെ വളര്‍ച്ചയുടെയും പിളര്‍പ്പിന്റെയും പരിണാമഗുപ്തിയില്‍ എത്തിയിട്ടേയില്ല. ഇങ്ങനെ പിളര്‍ന്നും, വളര്‍ന്നുമെന്ന് കെ.എം. മാണി  അവകാശപ്പെടുന്നതുമായ ഒരു പാര്‍ട്ടി ഈ നാടിന്റെ അസാമാന്യമായ പുരോഗതിക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കാലം വിലയിരുത്തേണ്ടി വരും. കേവലമായ അധികാര മോഹത്തിന്റെയും സാമ്പത്തിക സമ്പാദനത്തിന്റെയും കോഴവീതം വയ്പ്പിന്റെയും ഇരിപ്പിടങ്ങളില്‍ നിന്നുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ആനുകാലിക പിളര്‍പ്പിനെ സസന്തോഷം അഭിമുഖീകരിക്കുന്നത് എന്ന് ആരെങ്കിലും ഗോസിപ്പുണ്ടാക്കിയാല്‍ അവരെ തൂക്കിക്കൊല്ലരുത്.. 

ഇക്കഴിഞ്ഞ ദിവസം, ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കു വേണ്ടി തന്റെ ആവനാഴിയിലെ അധര അസ്ത്രങ്ങള്‍ എടുത്തു പയറ്റിയ ആന്റണി രാജുവും കോഴക്കേസ് പൊങ്ങി വന്ന നാളുകളില്‍ മാണി രാജി വയ്ക്കുന്ന ദുര്‍ദിനങ്ങളില്‍ ''ഞാനീ നാട്ടുകാരനേ അല്ല...'' എന്ന രീതിയില്‍ പ്രതികരിച്ച ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാടിന്റെ മനസ്സ് പണ്ടേ കീഴടക്കിയ ഡോ. കെ.സി. ജോസഫും മാണിയുടെയും മകന്റെയും ഉള്‍പാര്‍ട്ടി ജനാധിപത്യ അധിനിവേശത്തിനെതിരെ ശബ്ദിച്ചുകൊണ്ട് കളം വിട്ട് സ്വതന്ത്രരായിരിക്കുന്നു. 

ഇപ്പോള്‍ കേരളത്തില്‍ എത്ര കേരളാകോണ്‍ഗ്രസ് ഉണ്ട് എന്ന് നമ്മുടെ പിള്ളേര് മുഖത്തു നോക്കി ചോദിച്ചാല്‍ അല്പം തപ്പി പോകും, എണ്ണമെടുക്കാന്‍. മാണിയുടെ പരമ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ വളരും പിളരും പിന്നെ തളരും. മാണി വികസിക്കും. എന്തായാലും ഈ പാര്‍ട്ടിയുടെ ചരിത്രവഴികളിലേക്ക് ഒന്നു സഞ്ചരിക്കാം. കേരളത്തിലെ ക്രിസ്ത്യന്‍ ജന സാമാന്യത്തിന്റെ ആശയും അഭിലാഷവുമായാണ് കോട്ടയം, ഇടുക്കി ജില്ലകളിലെ വോട്ടുറപ്പിച്ച് കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം 1964ല്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടത്. പിറവിക്കു ശേഷമുള്ള എട്ടു വര്‍ഷക്കാലം ഏവരും ഒത്തൊരുമയോടെ ജീവിച്ചു. 1972ലാണ് ആദ്യ പിളര്‍പ്പ് സംജാതമാവുന്നത്. അന്ന് ഇ. ജോണ്‍ ജേക്കബും, ജെ.എ ചാക്കോയും വെട്ടിമാറി. '76ല്‍ കെ.എം. ജോര്‍ജും, കെ.എം. മാണിയും വിഘടിച്ച് രണ്ടായി. 1977ല്‍ ആര്‍. ബാലകൃഷ്ണപിള്ള ഇവരില്‍ നിന്നും പിണങ്ങി മാറി കേരള കോണ്‍ഗ്രസ് 'ബി' രൂപീകരിച്ചു. 1979 ല്‍ കെ.എം. മാണി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് സ്വന്തം പേരിട്ടു. അന്ന് 14 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍. പിന്നെ ആറ് എം.എല്‍.എ മാരുമായി ചേര്‍ന്ന് പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസ് 'ജെ' രൂപീകരിച്ച് വില്ലംഘിച്ചു നിന്നു.

പിന്നൊരു രാഷ്ട്രീയ മാറ്റത്തിന്റെ കാലഘട്ടമായിരുന്നു. മാണി ഗ്രൂപ്പ് 1982ല്‍ ഐക്യ ജനാധിപത്യ മുന്നണിയോടൊട്ടിയപ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയും കൈ കൊടുത്തു. 85 ല്‍ വല്ല്യ ലയനമായിരുന്നു. മാണിയും ജോസഫും ലയിച്ചു. 87 ല്‍ മാണിയും ജോസഫുമായി പിളര്‍ന്നു. അതേ വര്‍ഷം തന്നെ ടി.എം. ജേക്കബ്ബ് മാണിയുടെ കൂടാരത്തില്‍ എത്തി. അതേ സമയം പിള്ള ജോസഫിന്റെ വഴി തേടി പോയി. 89ല്‍ പി.ജെ. ജോസഫ് ഇടതു മുന്നണിയിലേക്ക് ചേക്കേറി. അപ്പോഴും മാണി ഐക്യ ജനാധിപത്യത്തിന്റെ സുരക്ഷിത കൂടാരത്തിലായിരുന്നു. 93ല്‍ മനസ്ഥാപമുണ്ടായ പിള്ള കോണ്‍ഗ്രസ് ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് ദക്ഷിണ വച്ച് കയറി. 

നാലു വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ ഇലക്ഷന്‍ നടക്കുന്ന കാലം. കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പ്രസിഡന്റായി അഡ്വ ടി.വി. എബ്രഹാം ജ്വലിച്ചു നിന്ന സമയം. അദ്ദേഹം 1997 ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് തെറിച്ച് മാണിയുടെ കക്ഷത്തിലേക്ക് എത്തി. ഇതിനിടെ പൂഞ്ഞാറുകാരനായ പി.സി. ജോര്‍ജ് കൊടിക്കുത്തി വാഴുന്നുണ്ടായിരുന്നു. 2003 ല്‍ അദ്ദേഹം കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് പന്തയം വച്ച് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ രൂപീകരിച്ചു. അതേ വര്‍ഷം തന്നെ ബഹുമാന്യനായ പി.സി. തോമസ് മാണി വീട്ടിലെ പൊറുതി മതിയാക്കി ഐ.എഫ്.ഡി.പി രൂപീകരിക്കുകയും 2005 ല്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ വിലയം പ്രാപിക്കുകയും ചെയ്തു. 

വലിയ വായില്‍ വര്‍ത്താനം പറയുന്ന പി.സി. ജോര്‍ജ് 2009 ല്‍ മാണിയുടെ പാളയത്തില്‍ എത്തി അദ്ദേഹത്തിന്റെ സ്തുതി പാഠകനായി. 2010ലാണ് നാടു കണ്ട വലിയ ലയനം ഉണ്ടായത്. മാണിയും ജോസഫും ഒന്നിച്ചു. പി.സി. തോമസ് ഇടതിന്റെ തണലില്‍ തുടര്‍ന്നു പോയി. 2015ല്‍ പി.സി. ജോര്‍ജ് മാണിയുടെ പരിപാടി മതിയാക്കി. തൊട്ടു പിന്നാലെ പിള്ള ഐക്യ മുന്നണിയിലെ അവഗണന അവസാനിപ്പിച്ച് ഇടതു പക്ഷത്തിന്റെ ഓരം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ പിളര്‍പ്പിന്റെ ഏറ്റവും ഒടുവിലത്തെ നാന്ദി കുറിച്ചു കൊണ്ട് മാണിയുടെ ചില കുഞ്ഞുങ്ങള്‍ ജോസഫിനെ നോക്കു കുത്തിയാക്കി കൊണ്ട്  ഇടതുപക്ഷം ചേര്‍ന്ന് യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. ഇടയ്‌ക്കൊരു സ്‌കറിയാ തോമസ് വിഭാഗമുണ്ടേ...

ഒരു ചുക്കും സംഭവിക്കില്ല എന്നാണ് മാണിയുടെ സെക്യുരിറ്റികാര്‍ പറയുന്നത്. ഒമ്പത് എ.എല്‍.എമാര്‍ ആണ് മാണിക്ക് ഉണ്ടായിരുന്നത്. രാജ്യസഭയിലും ലോക്‌സഭയിലുമായി രണ്ടു മഹാന്മാരുമുണ്ട് അതിലൊന്ന് മാണി പുത്രനാണ്. തനിക്ക് ശേഷം മകന്‍ എന്ന സിദ്ധാന്തം ഉദ്ധരിക്കപ്പെട്ടതോടെ പാര്‍ട്ടിയിലെ അസംതൃപ്തരായ മൂവര്‍ സംഘം പടിയിറങ്ങുകയായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല മന്ത്രിയും പഠിച്ച് കാര്യങ്ങള്‍ ചെയ്യുന്ന വികസനോന്മുഖ ചിന്തയുടെ അമരക്കാരനുമായിരുന്ന പി.ജെ. ജോസഫ് മാണിയുടെ തടവുകാരനായി മാറിയിരിക്കുന്നു എന്ന ദുരന്തം നാമിപ്പോള്‍ കാണുകയാണ്, കേരള രാഷ്ട്രീയത്തില്‍. തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയാത്ത പാവം പി.ജെ. ജോസഫ് എപ്രകാരം ഇനിയുള്ള തന്റെ പാര്‍ട്ടി ജീവിതത്തെയും അണികളെയും ബോധ്യപ്പെടുത്തി നിലകൊള്ളും എന്നുള്ളത് ജോസഫിനെ ഇഷ്ടപ്പെടുന്നവര്‍ ആശങ്കയോടെ ചോദിക്കുന്ന ചോദ്യമാണ്. 

കേരള കോണ്‍ഗ്രസ് വിട്ട വിമതരുടെ ഇടത് മുന്നണി പ്രവേശം വൈകിയേക്കും. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം തന്നെയാണ് പ്രശ്‌നം. നിലവില്‍ ഘടകകക്ഷികളെ പിണക്കാന്‍ കഴിയാത്തതും ഇടതിന് തലവേദനയാകും. വിമതരെ സ്വാഗതം ചെയ്യുന്ന പിണറായിയുടെ നിലപാടും പഠിച്ചിട്ട് മാത്രം മുന്നണിയില്‍ എടുത്താല്‍ മതിയെന്ന വി.എസ് അച്യുതാനന്ദന്റെ ഉശിരന്‍ നിലപാടും വിയോജിപ്പുകളുടെ ശബ്ദമാണ്. ആന്റണിരാജുവും ഫ്രാന്‍സിസ് ജോര്‍ജ്ജും ഉള്‍പ്പെട്ട വിമതരുടെ ചില ആവശ്യങ്ങള്‍ മുന്നണി അംഗീകരിക്കുമോ എന്നത് കാത്തിരുന്ന് കാണണം. 

പി.ജെ ജോസഫ് വിഭാഗം മുന്നണിയില്‍ ഉണ്ടായിരുന്ന കാലത്ത് നല്‍കിയ സീറ്റുകള്‍ ഇപ്പോഴും നല്‍കണമെന്നതാണ് വിമതരുടെ ആവശ്യം. ഘടക കക്ഷികളെ പിണക്കാതെ വിമതരെ തൃപ്തിപ്പെടുത്തുക ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ഇത്രയും വെല്ലുവിളികള്‍ മറികടന്ന് വിമതര്‍ക്ക് മുന്നണി പ്രവേശനം അനുവദിക്കുമോ എന്നത് മറ്റൊരു ചോദ്യം. ആറ് സീറ്റുകള്‍ എന്ന ആവശ്യത്തില്‍ വിമതര്‍ ഉറച്ച് നിന്നേക്കും. നിലവില്‍ ആറ് ഘടകകക്ഷികളാണ് എല്‍.ഡി.എഫില്‍ ഉള്ളത്. പുറമെ നിന്ന് ഒട്ടേറെ കക്ഷികള്‍ സഹകരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ മാണിഗ്രൂപ്പ് വിട്ടെത്തിയ വിമതര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ മുന്നണിയ്ക്ക് ആകില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്.

മാണിക്കൊപ്പം നിന്നാല്‍ കിട്ടുന്നതിനെക്കാള്‍ ലാഭം ഇടതിനൊപ്പം കൂടുക തന്നെ. പക്ഷേ വിമതരെ അങ്ങനെ വിടാന്‍ മാണിക്കും ജോസഫിനും ആകുമോ. അതിനാല്‍ ഓഫറുകള്‍ ഇനിയും ഉണ്ടായേക്കാം. അപ്പോള്‍ അപ്പുറം നിന്നാലും ഇപ്പുറം നിന്നാലും തത്ക്കാലം സ്വന്തം കാര്യം നേടാന്‍ വിമതര്‍ക്കാകും. വാഴ വെട്ടുകയാണെങ്കില്‍ അത് പുര കത്തുമ്പോള്‍ തന്നെ ആകണം. എന്തായാലും വരുംനാളുകളില്‍ അവസരവാദ രാഷ്ട്രീയത്തിന്റെ കൂടുതല്‍ കളികള്‍ കാണാം.

പിളരാന്‍ ഇനി നേരമില്ലല്ലോ  (എ.എസ്. ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക