Image

മരുന്നും വാക്‌­സിനും ഇല്ല, പുതിയ അന്തകന്‍ സികാ വൈറസ് (അനില്‍ പെണ്ണുക്കര)

Published on 04 February, 2016
മരുന്നും വാക്‌­സിനും ഇല്ല, പുതിയ അന്തകന്‍ സികാ വൈറസ് (അനില്‍ പെണ്ണുക്കര)
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ലൈബീരിയയിലും, സൈറാലിയോണിലും ഗുനിയയിലും പടര്‍ന്നു പിടിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു കയറ്റുമതി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന എബോളയ്ക്ക് പുറമേ പുതിയ ഒരു അന്തകന്‍ കൂടി .സികാ വൈറസ്. ലോക ആരോഗ്യസുരക്ഷയ്ക്കു മുമ്പില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ആദ്യം എബോളയെ കുറിച്ച്; രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇതിനെതിരേ കനത്ത പ്രതിരോധം തീര്‍ക്കുന്നതില്‍ ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും വെല്ലുവിളി നേരിടുമ്പോഴാണ് സികായുടെ വരവ് .രോഗികളില്‍നിന്ന് പൂര്‍ണ്ണ സഹകരണം ലഭിക്കാത്തതും സന്നദ്ധപ്രവര്‍ത്തന മേഖലയിലേയ്ക്കു തുറന്ന മനസോടെ മുന്നേറാന്‍ വിവിധ രാജ്യങ്ങള്‍ തയാറാവത്തതുമാണ് എബോളയെ നിയന്ത്രിക്കുന്നതില്‍ പരാജയം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ ഭാഷ്യം.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെത്തന്നെ പല രാജ്യങ്ങളും എബോളയെ സ്വന്തം രീതിയില്‍ പ്രതിരോധിച്ചപ്പോള്‍ ലൈബീരിയ, ഗുനിയ, സൈറാലിയോണ്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല.

ലോകാരോഗ്യസംഘടന പുറത്തുവിട്ട പുതിയ കണക്കു പ്രകാരം ലോകത്ത് ആകെ ഏകദേശം5000 പേര്‍ എബോള രോഗം ബാധിച്ച് മരിച്ചുവെന്നാണ്. രോഗ ബാധിതര്‍ 10000 ത്തിലധികം വരും. നിരവധി ആരോഗ്യപ്രവര്‍ത്തകരും രോഗം ബാധിച്ചു മരിച്ചു. മരിച്ചവരിലും രോഗം ബാധിച്ചവരിലും ഭൂരിപക്ഷം പേരും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അടുത്തിടെ ലൈബീരിയയിയലും ഗിനിയയിലും സൈറാലിയോണിലും സന്ദര്‍ശനം നടത്തിയ അമേരിക്കയുടെ യു.എന്‍ അംബാസിഡര്‍ സമാന്താ പവര്‍ സന്നദ്ധ സംഘടനകളേയും വിവിധ ലോക രാജ്യങ്ങളേയും രൂക്ഷമായാണ് വിമര്‍ശിച്ചത്. ഈ മൂന്ന് രാജ്യങ്ങളിലേയും സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്നും അതിര്‍ത്തികളടച്ച് സ്വന്തം സുരക്ഷ ഉറപ്പു വരുത്തുന്ന രാജ്യങ്ങള്‍ എബോള ബാധിത മേഖലകളെ സഹായിക്കാന്‍ മടിക്കുകയാണെന്നുമുള്ള അവരുടെ വെളിപ്പെടുത്തല്‍ ലോകം ആശങ്കയോടെയാണ് കേട്ടത്.

രോഗബാധിതരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഈ മൂന്നിടത്തും ഇല്ല എന്നതും, പല രോഗികളും ആരോഗ്യ കേന്ദ്രങ്ങളെ വെറുപ്പോടെയും ഭീതിയോടെയും കാണുന്നതുമാണ് പ്രധാന തിരിച്ചടി. തങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ആരോ പടച്ചുവിട്ട രോഗമാണിതെന്നും ഇതുപിടിപെട്ടാല്‍ മരണം മാത്രമാണു രക്ഷയെന്നുമുള്ള വിശ്വാസം പുലര്‍ത്തുന്ന ആഫ്രിക്കന്‍ ഗോത്രവിഭാഗക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിടുന്നതും എബോള പ്രതിരോധത്തെ ബാധിച്ചിട്ടുണ്ട്. ഗിനിയയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരേയും രണ്ടു മാധ്യമപ്രവര്‍ത്തകരേയുമാണ് നാട്ടുകാര്‍ അടിച്ച് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ പൊലിസ് കണ്ടെത്തിയത്. നിരവധി ആക്രണണങ്ങളും കലാപങ്ങളും വേറെയും നടന്നു.

രോഗം ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും മരണത്തിന് കീഴ്‌­പ്പെടുന്നു എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ദുരന്തം. എബോളയ്ക്കു നിയമാനുസൃതമുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതും രോഗം പടരാന്‍ പ്രധാനകാരണമായതായി ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എബോള നിയന്ത്രിക്കുന്നതിന് ലോകരാജ്യങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആഗോള സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും ഐക്യരാഷ്ട്രസഭ അടിക്കടി പ്രഖ്യാപിച്ചിട്ടും പല രാജ്യങ്ങലും ഉറക്കത്തിലാണ്. എബോളയെ നേരിടാന്‍ ഫലപ്രദമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനകള്‍ കര്‍ശനമാക്കേണ്ടതും അനിവാര്യമാണ്. എബോള നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തിയ അമേരിക്കയെപ്പോലുള്ള പാശ്ചാത്യ വികസിത രാജ്യങ്ങള്‍ പോലും ഇത് പൂര്‍ണ്ണമായി ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണകൂടം ഇതിനോട് കാണിക്കുന്ന ഉദാസീനത വന്‍ വിപത്തുകള്‍ക്ക് ഇടയാവും.

തൊഴില്‍ തേടിയെത്തിയ ലൈബീരിയന്‍ പൗരനില്‍ നിന്നാണ് അമേരിക്കയില്‍ എബോളരോഗം പടരാന്‍ തുടങ്ങിയത്. ടെക്‌­സാസിലെ പ്രമുഖ ഹോസ്പിറ്റലില്‍ പ്രത്യേക മുറിയില്‍ ചികിത്സയ്്ക്ക് വിധേയനാക്കപ്പെട്ട ഇദ്ദേഹം ദിവസങ്ങള്‍ക്കകം മരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച നേഴ്‌­സ് മാര്‍ക്കും രോഗം പിടിപ്പെട്ടതോടെ രാജ്യമാകെ എബോള ഭീതിയിലാകുകയും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

എബോളയ്ക്കു ശേഷം ലോകത്തിന് പുതിയ ഭീഷണി സൃഷ്ടിച്ച് സികാ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കും തുടര്‍ന്ന് കരീബിയന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ച സികാ വൈറസ് ഒടുവില്‍ ആഫ്രിക്കയിലും യൂറോപ്പിലുമെത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡെന്‍മാര്‍ക്കിലാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്.

ഏഷ്യയിലേക്കും രോഗം പടരുമെന്ന ഭീതിയിലാണ് ലോകാരോഗ്യ സംഘടന. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും മഞ്ഞപ്പനിയും പരത്തുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകരെന്നതാണ് ആരോഗ്യ വിദഗ്ധരെ പ്രതിസന്ധിയിലാക്കുന്നത്. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസ് ഗര്‍ഭസ്ഥശിശുക്കളിലും ഗുരുതര രോഗമുള്ളവരിലും മരണത്തിന് ഹേതുവാകുന്നു.

മൂന്നു മുതല്‍ നാലു ദശലക്ഷം പേര്‍ക്ക് അമേരിക്കയില്‍ സികാ വൈറസ് ബാധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഗര്‍ഭിണികള്‍ക്കാണ് സികാ പനി ബാധിക്കുന്നത്. മസ്തിഷ്­കത്തിന് വളര്‍ച്ച കുറഞ്ഞ രീതിയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്.

വൈറസ് കുട്ടികളുടെ മസ്തിഷ്­ക വളര്‍ച്ചയെ തടയുന്നു. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യ സംഘടന ഇന്ന് യോഗം ചേരുന്നുണ്ട്. എബോള രോഗം മൂലം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 11,000 പേര്‍ മരിച്ചിരുന്നു. ഈ രോഗത്തില്‍ നിന്ന് ലോകം മുക്തരായതിനു പിന്നാലെയാണ് സികാ വൈറസ് പടരുന്നത്.

എന്താണ് സികാ വൈറസ്?

1947 ലാണ് സികാ വൈറസിനെ ഉഗാണ്ടയില്‍ കണ്ടെത്തിയത്. വാക്‌­സിനോ മരുന്നോ കണ്ടെത്താത്ത രോഗത്തെ ചെറുക്കാനുള്ള നടപടി കൊതുകു നശീകരണം മാത്രമാണ്. 2000ത്തിലാണ് അവസാനം ആഫ്രിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2004 ല്‍ പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലും രോഗം കണ്ടെത്തി. ചരിത്രത്തില്‍ ആദ്യമായാണ് സികാ വൈറസ് ഇത്ര വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നത്. മനുഷ്യരില്‍ പനിയാണ് രോഗം മൂലം ഉണ്ടാകുന്നത്. ഗര്‍ഭിണികളിലേക്ക് എളുപ്പത്തില്‍ പകരുന്ന രോഗം കുട്ടികളില്‍ ജനിതക വൈകല്യം ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.

2015 മെയ് മാസത്തില്‍ ലാറ്റിനമേരിക്കയിലെ ബ്രസീലിലാണ് രോഗം വീണ്ടും ബാധിച്ചത്. 2014 ല്‍ ബ്രസീലില്‍ ലോകകപ്പ് കാണാനെത്തിയ ആഫ്രിക്കന്‍ വംശജരിലൂടെ രോഗം രാജ്യത്തെത്തിയെന്നാണ് അധികൃതര്‍ കരുതുന്നത്.രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പലരുംചികിത്സതേടാതിരിക്കുകയും രോഗം എളുപ്പത്തില്‍ വ്യാപിക്കുകയും ചെയ്തു. ബ്രസീലില്‍ അഞ്ചു ലക്ഷം മുതല്‍ 1.5 ദശലക്ഷം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണക്കാക്കുന്നത്. 20 രാജ്യങ്ങളിലാണ് രോഗം പടര്‍ന്നത്. ലാറ്റിനമേരിക്കയിലെ രണ്ടു രാജ്യങ്ങളിലൊഴികെ എല്ലായിടത്തും രോഗം കണ്ടെത്തി. ലാറ്റിനമേരിക്കക്ക് പുറമെ അമേരിക്കയിലും രോഗം പടര്‍ന്നു. ന്യൂയോര്‍ക്കിലും വാഷിങ്ടണിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, കരീബിയന്‍ ദ്വീപ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു.

ഗര്‍ഭിണികളില്‍ രോഗം പടരുന്നത് ശിശുമരണ നിരക്ക് കൂട്ടിയതോടെ 22 രാജ്യങ്ങളില്‍ 2018 വരെ ലോകാരോഗ്യ സംഘടന ഗര്‍ഭധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി. മസ്്തിഷ്­ക വളര്‍ച്ച കുറഞ്ഞ കുട്ടികള്‍ പെട്ടെന്നു മരണത്തിന് കീഴടങ്ങുന്നതാണ് കാരണം. 24 രാജ്യങ്ങളിലേക്ക് യാത്രാവിലക്കും നിലവിലുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് കൊതുകു വഴിയാണ് മറ്റുള്ളവരിലേക്ക് മൈക്രോ സെഫലിയെന്ന രോഗം പടരുന്നത്. ഇഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളിലെ പെണ്‍വര്‍ഗമാണ് രോഗവാഹകര്‍. പനിയും ചൊറിച്ചിലും ചെങ്കണ്ണ്, സന്ധിവേദന എന്നിവയാണ് രോഗലക്ഷണം. ഗര്‍ഭിണികളില്‍ വൈറസ് എത്തുന്നതോടെ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കും. ഗര്‍ഭകാലത്ത് ആദ്യത്തെ മൂന്നു മാസങ്ങളില്‍ ആണ് രോഗം ബാധിക്കുന്നത്. കുട്ടികളുടെ രക്തത്തിലും തലച്ചോറിലെ കോശങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

മരുന്നോ പ്രതിരോധ വാക്‌­സിനോ ഇല്ലാത്ത രോഗമാണ് സികാ വൈറസ് ബാധ. വൈറസിനെ നേരിടാനുള്ള പ്രതിരോധ കുത്തിവയ്പ്പ് കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ഊര്‍ജിതമെങ്കിലും പത്തുവര്‍ഷമെങ്കിലും വാക്‌­സിനായി കാത്തിരിക്കേണ്ടിവരും. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അടിയന്തര ഉത്തരവു പ്രകാരം ടെക്‌­സാസ് സര്‍വകലാശാലയിലെ ഒരുസംഘം പ്രൊഫസര്‍മാരാണ് ഗവേഷണം നടത്തുന്നത്. മരുന്നു പരീക്ഷണത്തിന് രണ്ടു വര്‍ഷമെങ്കിലും എടുക്കും. മനുഷ്യരിലുള്ള പരീക്ഷണത്തിന് പത്തു വര്‍ഷം കാത്തിരിക്കേണ്ടിവരും. ലോകത്ത് എല്ലായിടത്തും ഈഡിസ് കൊതുകുകള്‍ ഉള്ളതിനാല്‍ രോഗഭീതിയില്‍ നിന്ന് ലോകം മുക്തരല്ല.

കൊതുകു നശീകരണമാണ് സികാ വൈറസ് ബാധയെ ചെറുക്കാനുള്ള മാര്‍ഗം. എല്‍നീനോ മൂലം ചൂടുള്ള കാലാവസ്ഥ കൊതുകുകളെ പെറ്റുപെരുകാന്‍ സഹായിക്കുമെന്നതിനാല്‍ തണുപ്പ് രാജ്യങ്ങളില്‍ രോഗം എളുപ്പത്തില്‍ പടരുന്നത് തടയും.
മരുന്നും വാക്‌­സിനും ഇല്ല, പുതിയ അന്തകന്‍ സികാ വൈറസ് (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക