Image

രണ്ടാം മാറാട് കലാപം സി.ബി.ഐ അന്വേഷിക്കണം: വി.എസ്‌

Published on 21 January, 2012
രണ്ടാം മാറാട് കലാപം സി.ബി.ഐ അന്വേഷിക്കണം: വി.എസ്‌
തിരുവനന്തപുരം: രണ്ടാം മാറാട് കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനനന്ദന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെളിവുകള്‍ തങ്ങളിലേയ്ക്ക് നീങ്ങുന്നതുകൊണ്ടാണോ യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് വി.എസ് ചോദിച്ചു. കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ഇടതുസര്‍ക്കാരിന്റെ തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ഈമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാരും മന്ത്രിമാരും ഒത്തുകളിക്കുകയാണ്. മുഖ്യമന്ത്രി ഒരു അഭിപ്രായവും ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മന്ത്രിമാര്‍ മറ്റൊരു അഭിപ്രായവുമാണ് പറയുന്നത്. ആര്യാടന്‍ മുഹമ്മദ് ജമാത്തെ ഇസ്‌ലാമിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിലപാടാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

268 പേരുടെ ഈമെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളുണ്ടെങ്കില്‍ കേസെടുക്കണമെന്നും അല്ലെങ്കില്‍ ഇവരോട് സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക