Image

അഴിമതി: ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററെ സ്വിസ് ഫെഡറല്‍ പൊലീസ് ചോദ്യം ചെയ്തു

Published on 25 September, 2015
അഴിമതി: ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററെ സ്വിസ് ഫെഡറല്‍ പൊലീസ് ചോദ്യം ചെയ്തു

സൂറിച്ച്: സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററെ സ്വിസ് ഫെഡറല്‍ പൊലീസ് ചോദ്യം ചെയ്തു. ദുര്‍ഭരണത്തിനും പണത്തിന്റെ ദുര്‍വിനിയോഗത്തിനും ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ കേസ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. ബ്ലാറ്ററുടെ ഓഫീസ് പരിശോധിച്ച് രേഖകള്‍ പിടിച്ചെടുത്തു.

ഫിഫയുടെ താല്‍പര്യത്തിന് വിരുദ്ധമായി വൈസ് പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയ്ക്ക് 20 ലക്ഷം സ്വിസ് ഫ്രാങ്ക് നല്‍കിയെന്നാണ് ബ്ലാറ്റര്‍ക്കെതിരായ കേസ്. 2011 ഫെബ്രുവരിയിലാണ് അനധികൃത ഇടപാട് നടന്നത്. സാക്ഷിയായ പ്ലാറ്റിനിയേയും പൊലീസ് ചോദ്യം ചെയ്തു. ബ്ലാറ്ററുടെ ഉപദേശകന്‍ കൂടിയായ പ്ലാറ്റിനി അടുത്ത ഫിഫ പ്രസിഡന്റാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1999 ജനുവരിയ്ക്കും 2002 ജൂണിനും ഇടയ്ക്കുള്ള ജോലിയുടെ പ്രതിഫലമെന്ന പേരിലാണ് തുക കൈമാറിയത്. ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ബ്ലാറ്ററെ ചോദ്യം ചെയ്തത്. യോഗത്തിന് ശേഷം നിശ്ചയിച്ചിരുന്ന പത്രസമ്മേളനം ആദ്യം മാറ്റുകയും പിന്നെ റദ്ദാക്കുകയുമായിരുന്നു.

ഇതോടെ 201822 ലോകകപ്പ് വേദി തീരുമാനിച്ചതുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് ആരോപണത്തില്‍ ചോദ്യം ചെയ്യപ്പടുന്ന ആദ്യ വ്യക്തിയായി ബ്ലാറ്റര്‍ മാറി. സംപ്രേഷണാവകാശം നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉള്‍പ്പെട്ടതാണ് വെള്ളിയാഴ്ച ആരംഭിച്ച അന്വേഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക