Image

പി.സി. ജോര്‍ജിനു വിശദീകരണം നല്‍കാനുള്ള സമയം 28 വരെ നീട്ടി

Published on 25 September, 2015
പി.സി. ജോര്‍ജിനു വിശദീകരണം നല്‍കാനുള്ള സമയം 28 വരെ നീട്ടി

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന കേരള കോണ്‍ഗ്രസ്- എമ്മിന്റെ ഹര്‍ജിയില്‍ പി.സി. ജോര്‍ജിനു വിശദീകരണം നല്‍കാനുള്ള സമയം 28നു വൈകുന്നേരം വരെ നീട്ടി നല്‍കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തീരുമാനിച്ചു. 

ഇതു സംബന്ധിച്ച പി.സി. ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. പുതിയ സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ സമയം നീട്ടിനല്‍കണമെന്ന ജോര്‍ജിന്റെ ആവശ്യത്തിലാണു നടപടിയെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വരെയായിരുന്നു ജോര്‍ജിനു വിശദീകരണം നല്‍കാനുള്ള സമയം. ഇതോടൊപ്പം ശനിയാഴ്ച നടത്താനിരുന്ന തെളിവെടുപ്പ് 29ലേക്കും മാറ്റിയിട്ടുണ്ട്.

കൂറുമാറ്റ നിരോധന നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണു ഹര്‍ജി സമര്‍പ്പിച്ചത്. ജോര്‍ജിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി തള്ളിയിരുന്നു. സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സ്പീക്കറുടെ അധികാരത്തില്‍ കോടതി കൈകടത്തില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. സ്പീക്കര്‍ നിഷ്പക്ഷമായ തീരുമാനം എടുക്കുമെന്നാണു പ്രതീക്ഷയെന്നു പി.സി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക