Image

പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗിക്കരുതെന്നു തമിഴ്‌നാടിനോട്‌ കേന്ദ്ര സര്‍ക്കാര്‍

Published on 23 September, 2015
പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗിക്കരുതെന്നു തമിഴ്‌നാടിനോട്‌ കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: പച്ചക്കറികളില്‍ അമിത കീടനാശിനി പ്രയോഗിക്കരുതെന്നു തമിഴ്‌നാടിനോട്‌ ആവശ്യപ്പെട്ടു. കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാര അതോറിറ്റിയാണ്‌ ഉത്തരവിട്ടത്‌. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട്‌ കണക്കിലെടുത്ത്‌ അതോറിറ്റി സ്വന്തം നിലയ്‌ക്കു നടത്തിയ പരിശോധനകളിലും തമിഴ്‌നാടിന്റെ പച്ചക്കറി വിഷലിപ്‌തമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. തമിഴ്‌നാട്ടിലെ തന്നെ ലബോറട്ടറി പരിശോധനയിലും പച്ചക്കറിയില്‍ അമിത കീടനാശിനി പ്രയോഗം കണ്ടെത്തിയെന്നതു കേരളത്തിന്റെ നിലപാട്‌ ഇതുവരെ അംഗീകരിക്കാന്‍ തയാറാകാത്ത തമിഴ്‌നാടിനു വന്‍ തിരിച്ചടിയായി. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളിലും വിളവെടുപ്പിനു ശേഷവും പച്ചക്കറികളില്‍ വന്‍ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു.

തെളിവു നിരത്തി ഭക്ഷ്യസുരക്ഷാ ജോയിന്റ്‌ കമ്മിഷണര്‍ കെ. അനില്‍കുമാര്‍ സമിതി തയാറാക്കിയ റിപ്പോര്‍ട്ട്‌ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ സര്‍ക്കാരിനു കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ സഹിതം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യ മന്ത്രി വി.എസ്‌. ശിവകുമാറും തമിഴ്‌നാടിനു കത്തു നല്‍കിയെങ്കിലും അവര്‍ അനങ്ങിയില്ല. തങ്ങളുടെ നാട്ടില്‍ നിന്നുള്ള പച്ചക്കറിയില്‍ വിഷാംശമില്ലെന്നും സ്വന്തം പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നുമായിരുന്നു തമിഴ്‌നാടിന്റെ പ്രചാരണവും വാദവും. ഇതേത്തുടര്‍ന്നാണു വിഷയത്തില്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, കേന്ദ്ര ഭക്ഷ്യസുരക്ഷ നിലവാര അതോറിറ്റിയെ സമീപിച്ചത്‌. ഇതേ ആവശ്യമുന്നയിച്ചു മുന്‍ മന്ത്രി ബിനോയ്‌ വിശ്വവും അതോറിറ്റിക്കു കത്തു നല്‍കി. കേരളത്തിന്റെ റിപ്പോര്‍ട്ട്‌ മാത്രം കണക്കിലെടുത്തു നടപടി സാധ്യമല്ലെന്നു നിലപാടെടുത്ത അതോറിറ്റി വിശദമായ അന്വേഷണത്തിനു ഡോ. കെ.കെ. ശര്‍മയെ ചുമതലപ്പെടുത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക