Image

അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന്

Published on 22 September, 2015
അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി ടി.വി.രാജേശ്വര്‍. അന്നത്തെ ആര്‍.എസ്.എസ് നേതാവ് ബാലസാഹബ് ദേവ്റസ് ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ടി.വി.രാജേശ്വര്‍ പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റായ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നില്ളെന്നും ഐ.ബിയുടെ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ചിരുന്ന ടി.വി.രാജേശ്വര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച് ആറുമാസത്തിന് ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കാനായി ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് ആദ്യം അനുഭാവ പൂര്‍വമാണ് പരിഗണിച്ചത്.  എന്നാല്‍ സജ്ഞയ് ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് എതിരായിരുന്നു. അദ്ദേഹത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരിക്കുകയും 19 മാസത്തോളം നീട്ടുകയുമായിരുന്നു.

ഇക്കാലത്ത് ആര്‍.എസ്. എസ് അടിയന്തിരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നു മാത്രമല്ല, ഇന്ദിരയും സഞ്ജയുമായി ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. തെരെഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഇന്ദിരക്ക് കൂടിക്കാഴ്ചയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍.എസ്. എസുമായി ബന്ധം പുലര്‍ത്താന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

സര്‍വീസില്‍ നിന്ന് വിരമിച്ചതിനുശേഷം ഉത്തര്‍പ്രദേശ്, സിക്കിം ഗവര്‍ണറായും ടി.വി.രാജേശ്വര്‍ സേവനമനുഷ്ഠിച്ചിരുന്നു. 'ദ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പേരില്‍ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. (Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക