Image

ഷാജഹാന്‍ റോഡിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി

Published on 21 September, 2015
ഷാജഹാന്‍ റോഡിന്റെ പേര് മാറ്റണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഔറംഗസീബ് റോഡിന്റെ പേര് മാറ്റിയതിനു പിന്നാലെ ഷാജഹാന്‍ റോഡിനും പുതിയ പേര് വേണമെന്ന ആവശ്യവുമായി ബി.ജെ.പി. ഷാജഹാന്‍ റോഡിന്റെ പേര് ദശരഥ് മാഞ്ചി റോഡ് എന്ന് പുനര്‍ നാമകരണം ചെയ്യമെന്ന് ബി.ജെ.പി ഡല്‍ഹി വക്താവ് അശ്വിനി ഉപാധ്യായ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ വിഷയാസക്തനായിരുന്നുവെന്ന് ഉപാധ്യായ പറയുന്നു. എന്നാല്‍ ദശരഥ് മാഞ്ചി പ്രണയത്തിന്റെയും സമര്‍പ്പണത്തിന്റെയും നിശ്ചദാര്‍ണ്ഡ്യത്തിന്റെയും ഭക്തിയുടെയും മാതൃകയായിരുന്നു. യുവാക്കളുടെ പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ പാത വേണം നാം സ്വീകരിക്കാന്‍. ഷാജഹാന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന യു.പി.എസ്.സി ഓഫീസിലേക്ക് ലക്ഷക്കണത്തിന് ഉദ്യോഗാര്‍ത്ഥികളാണ് എത്തുന്നത്. അതുകൊണ്ടുതന്നെ യുവാക്കളുടെ ആവേശമായ ആ റോഡിന് മാഞ്ചിയുടെ പേര് നല്‍കണമെന്നും ഉപാധ്യായ ആവശ്യപ്പെടുന്നു.


ഉത്തര ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് മുതല്‍ ദക്ഷിണ മേഖലയിലെ താജ് മാന്‍സിംഗ് ഹോട്ടല്‍ വരെ നീളുന്നതാണ് ഷാജഹാന്‍ റോഡ്. ബിഹാര്‍ സ്വദേശിയായ ഒരു തൊഴിലാളിയായിരുന്നു മാഞ്ചി. ഇയാള്‍ കല്ലുളിയും ചുറ്റികയും മാത്രമുപയോഗിച്ച് ഗെലോര്‍ കുന്നിനെ വെട്ടിമുറിച്ച് 360 അടി നീളമുള്ള വഴി നിര്‍മ്മിച്ചുവെന്ന ചരിത്രവുമുണ്ട്. ദന്‍ബാദിലെ ഖനിയില്‍ തൊഴിലാളിയായ മാഞ്ചിക്ക് ഉച്ചഭക്ഷണവുമായി പോയ ഭാര്യ ഫല്‍ഗുണി ദേവി കുന്നിനു മുകളില്‍ നിന്ന് തെന്നിവീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ അതീവ ദുഃഖിതനായ നാട്ടുകാര്‍ക്കു വേണ്ടി ഗെലോര്‍ മലയെ വെട്ടിമുറിച്ച് 25 അടി താഴ്ചയും 30 അടി വീതിയുമുള്ള റോഡ് നിര്‍മ്മിച്ചു. രാത്രികാലങ്ങളിലായിരുന്നു പണി. 1960ല്‍ തുടങ്ങിയ ജോലി 1982ലാണ് അവസാനിച്ചത്. 22 വര്‍ഷം നീണ്ട പ്രയത്‌നമാണ് മാഞ്ചി നടത്തിയത്.


ഇതിലൂടെ അത്രിയില്‍ നിന്ന് ഗയയിലെ വസീഗഞ്ചിലെത്താനുള്ള ദീരം 55 കിലോമീറ്ററില്‍ നിന്ന് 15 കിലോമീറ്ററായി കുറയ്ക്കാന്‍ കഴിഞ്ഞു. 'മൗണ്ടെയ്ന്‍ മാന്‍' എന്ന അപരനാമത്തിലാണ് മാഞ്ചി ഇന്ന് അറിയപ്പെടുന്നത്. 1934ല്‍ ജനിച്ച മാഞ്ചി 2007 ഓഗസ്റ്റ് 17നാണ് മരണമടഞ്ഞത്. നിരവധി ബഹുമതികള്‍ മാഞ്ചിയെ തേടിയെത്തി. സാമൂഹ്യസേവനത്തിന് 2006ല്‍ പദ്മശ്രീയ്ക്കു വരെ ശിപാര്‍ശ ചെയ്തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക