Image

കന്യാസ്ത്രീ വധ കേസില്‍ പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചു

Published on 20 September, 2015
കന്യാസ്ത്രീ വധ കേസില്‍ പ്രതിയെക്കുറിച്ച്  സൂചനകള്‍ ലഭിച്ചു
കോട്ടയം: പാലായില്‍ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു.
 
പാലാ ചെറുപുഷ്പം ആശുപത്രിയോടു ചേര്‍ന്നുള്ള ലിസ്യു കാര്‍മ്മല്‍ ആശുപത്രിയില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മറ്റൊരു സിസ്റ്റര്‍ ഇതേരീതിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. പ്രായാധിക്യത്താല്‍ അവശയായ ഈ കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുണ്ടായിരുന്നു. തലചുറ്റി പലപ്രാവശ്യം വീണ് പരിക്കേറ്റിരുന്ന കന്യാസ്ത്രീയ്ക്ക് തലയ്ക്ക് പറ്റിയ പരിക്ക് വീഴ്ചയിലുണ്ടായതാണെന്നാണ് മറ്റ് കന്യാസ്ത്രീകള്‍കരുതിയിരുന്നത്. തന്നെയുമല്ല, എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആ കന്യാസ്ത്രീക്ക് കഴിഞ്ഞിരുന്നില്ല.

സിസ്റ്റര്‍ അമലയുടെ മുറിയുടെ എതിര്‍വശത്ത് താമസിച്ചിരുന്നത് ചെറുപുഷ്പം ആശുപത്രിയിലെ ഡോ.സിസ്റ്റര്‍ റൂബി മരിയയാണ്. രാത്രി 12.45ന് ആശുപത്രിയില്‍നിന്നും വിളിച്ചതിനെ തുടര്‍ന്ന് ഡോ.സിസ്റ്റര്‍ ആശുപത്രിയിലേക്ക് പോയിരുന്നു. വെളുപ്പിന് 1.45ന് തിരിച്ചെത്തുകയും ചെയ്തിരുന്നു. മുറി ചാരിയിട്ടിട്ടാണ് പോയതെന്നും ഉറങ്ങിക്കിടക്കുന്ന മറ്റ് കന്യാസ്ത്രീകള്‍ക്ക് ശല്യം ഉണ്ടാവേണ്ടായെന്ന് കരുതി ലൈറ്റ് തെളിക്കാതെതന്നെ കട്ടിലില്‍ കയറിക്കിടക്കുകയായിരുന്നുവെന്നും സിസ്റ്റര്‍ ഡോ.റൂബി മരിയ പൊലീസിനോട് വ്യക്തമാക്കി. വെളുപ്പിനെ അഞ്ചരയ്ക്ക് ഉണര്‍ന്നപ്പോഴാണ് മുറിയാകെ അലങ്കോലപ്പെട്ടുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും 500 രൂപ നഷ്ടപ്പെട്ടന്ന് ബോധ്യമായതെന്നും സിസ്റ്റര്‍ പൊലീസിനോട് വ്യക്തമാക്കി.

വ്യാഴാഴ്ച വെളുപ്പിന് രണ്ടരയോടെയാണ് സിസ്റ്റര്‍ അമല (69) കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുള്ളത്. കോണ്‍വെന്റിലെ മൂന്നാം നിലയിലെ മുറിയില്‍ കട്ടിലിലാണ് തലയ്ക്കടിയേറ്റ രക്തം വാര്‍ന്ന് സിസ്റ്റര്‍ അമല മരണമടഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക