Image

എസ്‌.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന്‌ പറയാനാവില്ല: വെള്ളാപ്പള്ളി

Published on 19 September, 2015
എസ്‌.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന്‌ പറയാനാവില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: ഇരുമുന്നണികളും അവഗണന തുടരുന്ന സാഹചര്യത്തില്‍ എസ്‌.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്ന്‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അണികളുടെ തീരുമാനം എന്തായാലും അത്‌ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌.എന്‍.ഡി.പിയുടെ ഭാവി കാര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള യോഗത്തിനു മുന്‌പ്‌ മാദ്ധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഉദ്യോഗസ്ഥന്‍ മാത്രമാണ്‌ ഞാന്‍. എനിക്ക്‌ മാത്രമായി തീരുമാനം കൈക്കൊള്ളാവുന്ന വിഷയമല്ലിത്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. അതോടൊപ്പം സംഘടനാ കാര്യങ്ങളും ചര്‍ച്ചയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭൂരിപക്ഷ സമുദായത്തിന്‍െറ കൂട്ടായ്മക്ക് വേണ്ടി ജാഥ, സമ്മേളനം അടക്കമുള്ള എന്തും നടത്താന്‍ തയാറാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യമാണ് എസ്.എന്‍.ഡി.പിയുടെ അജണ്ട. കേരളത്തിലെ അസംതൃപ്തരായ ഒരു വിഭാഗത്തിന്‍െറ മുന്നേറ്റമാണ് വേണ്ടത്. ഇതിനുള്ള എല്ലാവിധ പോരാട്ടങ്ങളും നടത്തി കൊണ്ടിരിക്കും. ഇപ്പോഴും ചിലര്‍ തങ്ങളെ അടിയാന്മാരായി കാണുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എസ്.എന്‍.ഡി.പിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി എസ്.എന്‍.ഡി.പി യോഗം തള്ളികളഞ്ഞവരെ ഉപയോഗിക്കുന്നു. എസ്.എന്‍.ഡി.പിയെ തകര്‍ക്കാര്‍ പല രൂപത്തിലും ഭാവത്തിലും ഇടതു വലത് പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനെ അതിജീവിച്ചു പോകാനുള്ള കരുത്ത് സംഘടനക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതനേതാക്കള്‍ക്ക് പാദസേവ ചെയ്യുകയാണ് സി.പി.എം അടക്കമുള്ള പാര്‍ട്ടികള്‍. ഇത്തരം അടവു തന്ത്രങ്ങള്‍ കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സമ്പത്ത് ഉണ്ടാക്കുക, അധികാരത്തില്‍ ഇരിക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക