Image

ചെങ്കൊടിക്കീഴില്‍ മാവേലി

Published on 06 September, 2015
 ചെങ്കൊടിക്കീഴില്‍ മാവേലി
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍  സി.പി.എം ഓണാഘോഷ സമാപന ഘോഷയാത്ര ഒരുക്കിയപ്പോള്‍, പതിവ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ബാലഗോകുലം കെങ്കേമമാക്കി. ഓണാഘോഷത്തിന്‍െറ പേരില്‍ സി.പി.എമ്മിന്‍െറ വിവിധ സംഘടനകള്‍ ഒന്നിച്ചവതരിപ്പിച്ച ഘോഷയാത്രയില്‍ പാര്‍ട്ടി ആചാര്യന്മാരുടെ കട്ടൗട്ടുകള്‍ മുതല്‍  മതാചാര വേഷങ്ങളും ഒപ്പം ചിലയിടത്ത് മാവേലിയും ഉണ്ണിക്കണ്ണന്മാരും നിറഞ്ഞാടി.
അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കനത്ത സുരക്ഷയോടും ജനം ശ്വാസം അടക്കിപ്പിടിച്ചുമാണ് ഘോഷയാത്രകള്‍ ദര്‍ശിച്ചത്. പക്ഷേ, ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല. പീതവര്‍ണ ശീലകളണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ നിറഞ്ഞ മഹാശോഭായാത്രയില്‍  കണ്ണൂര്‍ നഗരത്തെ പര്‍ണശാലപോലെയാക്കിയാണ് ബാലഗോകുലത്തിന്‍െറ ഉജ്ജ്വല ഘോഷയാത്ര. കണ്ണൂര്‍ നഗരത്തില്‍ ബാലഗോകുലത്തിനു മാത്രമായിരുന്നു ഘോഷയാത്രക്ക് അനുമതി നല്‍കിയത്. എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ നഗരപരിധിയില്‍ നിന്നുള്ള വിവിധ ബാലഗോകുലങ്ങളുടെ നിശ്ചലദൃശ്യങ്ങളും ചമയങ്ങളും ചേര്‍ന്നിരുന്നു.
   ബാലസംഘത്തിന്‍െറയും പോഷക സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ സി.പി.എം നടത്തിയ ഘോഷയാത്രയും സമാധാനത്തോടെയാണ് നടന്നത്. അഴീക്കോട്ടായിരുന്നു ബാലസംഘത്തിന്‍െറ പ്രധാന ഘോഷയാത്ര. പെരളശ്ശേരിയിലും കല്യാശ്ശേരിയിലുമുള്‍പ്പെടെ വലിയ ഘോഷയാത്രകള്‍ നടന്നു.  ഇ.എം.എസിന്‍െറയും എ.കെ.ജിയുടെയും നായനാരുടെയും വിവേകാനന്ദന്‍െറയും വലിയ കട്ടൗട്ടുകളും ചിത്രങ്ങളുമുണ്ടായിരുന്നു.

ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ നടത്തിയ ബാലസംഗമം വഴി സി.പി.എം ലക്ഷ്യമിട്ടത് ശക്തികേന്ദ്രങ്ങളിലെ സംഘ്പരിവാര്‍ കടന്നുകയറ്റം തടയല്‍. മത-സാമുദായിക സംഘടനകളെ ഹിന്ദുത്വചട്ടക്കൂടിലേക്ക് കൊണ്ടുപോയി സംസ്ഥാന രാഷ്ട്രീയ-പൊതുമണ്ഡലത്തില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ബി.ജെ.പി നീക്കം ശക്തിപ്പെട്ട സാഹചര്യത്തിലാണിത്.
അതേസമയം, ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വമാര്‍ഗം സ്വീകരിക്കുന്നത് സി.പി.എമ്മിന് തിരിച്ചടിയാവുമെന്ന അഭിപ്രായം പാര്‍ട്ടിയിലും പുറത്തും ഒരു വിഭാഗത്തിനുണ്ട്.
ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സി.പി.എം അംഗങ്ങളുടെയും അനുഭാവികുടുംബങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്നത് നേരത്തേതന്നെ നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നു.
ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലസംഗമം  സംഘടിപ്പിച്ചതുവഴി എതിരാളികള്‍ക്ക് അപ്രതീക്ഷിത പ്രഹരം നല്‍കാനായെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിന് മുന്നില്‍ ഉറിയടി നടത്താനും സി.പി.എമ്മിനെ പ്രകോപിപ്പിക്കാനും ആര്‍.എസ്.എസ് ബാലഗോകുലത്തെ ഉപയോഗിച്ചുനടത്തിയ ശ്രമം ഇതിന് ഉദാഹരണമായി ഇവര്‍ കാണുന്നു.
എസ്.എന്‍.ഡി.പിയെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാനുള്ള യോഗംനേതൃത്വത്തിന്‍െറ ശ്രമങ്ങള്‍ക്കെതിരെ ബൗദ്ധികതലത്തിലും പൊതുസമൂഹത്തിലും തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഗുണം ചെയ്തതായി സി.പി.എം ചൂണ്ടിക്കാട്ടുന്നു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക