Image

മണിപ്പൂരില്‍ അക്രമം തുടരുന്നു: പത്തുപേര്‍ മരിച്ചു

Published on 01 September, 2015
മണിപ്പൂരില്‍ അക്രമം തുടരുന്നു: പത്തുപേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്‌ച ആഹ്വാനംചെയ്‌ത ബന്ദിനിടെയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. ചുരാചന്ദ്‌പുര്‍ പൊലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച ജനക്കൂട്ടത്തിന്‌ നേരെ പൊലീസ്‌ നടത്തിയ വെടിവെപ്പിലാണ്‌ മൂന്നു പേര്‍ മരിച്ചത്‌. നാല്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിനിടെ 31 പേര്‍ക്കാണ്‌ അക്രമങ്ങളില്‍ പരിക്കേറ്റത്‌. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്‌. മന്ത്രിയുടെയും അഞ്ച്‌ എം.എല്‍.എമാരുടെയും വീടിന്‌ പ്രതിഷേധക്കാര്‍ തിങ്കളാഴ്‌ച തീയിട്ടിരുന്നു. അക്രമങ്ങളെ തുടര്‍ന്ന്‌ ചുരാചന്ദ്‌പുര്‍ ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ളവര്‍ക്ക്‌ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന മൂന്ന്‌ ബില്ലുകള്‍ മണിപ്പൂര്‍ നിയമസഭ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ മൂന്ന്‌ ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്‌ച ആഹ്വാനംചെയ്‌ത 12 മണിക്കൂര്‍ ബന്ദ്‌ വൈകീട്ട്‌ ആറോടെയാണ്‌ അക്രമത്തിലേക്ക്‌ തിരിഞ്ഞത്‌. എം.എല്‍.എയുടെ വീടിനുനേരെയുണ്ടായ തീവെപ്പില്‍ ഒരാള്‍ വെന്തുമരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഫുങ്‌സാഫാങ്‌ ടോണ്‍സിങ്ങിന്‍െറയും ഹെങ്‌ലേപ്‌ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മാന്‍ഗ വായിഫേയിയുടെ ഉള്‍പ്പെടെ എം.എല്‍.എമാരുടെയും വീടുകളാണ്‌ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക