Image

സിവില്‍ സര്‍വീസ്: രേണുരാജിനും ആശ അജിതിനും കേരള കേഡര്‍ ; ഇറ സിംഘാളിന് ഡല്‍ഹി കേഡര്‍

Published on 01 September, 2015
സിവില്‍ സര്‍വീസ്: രേണുരാജിനും ആശ അജിതിനും കേരള കേഡര്‍ ; ഇറ സിംഘാളിന് ഡല്‍ഹി കേഡര്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ  ഡോ. രേണു രാജിന്  കേരള കേഡര്‍ ലഭിച്ചു. കേന്ദ്ര പേഴ്‌സണല്‍ വകുപ്പാണ് കേഡര്‍ തിരിച്ചു നല്‍കിയത്. എട്ടു പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഐ.എ.എസ് ലഭിച്ചത്. 

ഐ.എ.എസ് ലഭിച്ച മറ്റ്  മലയാളികളായ ആശ അജിത്  (40ആം റാങ്ക്), ജെറോമിക് ജോര്‍ജ് (72) എന്നിവര്‍ക്കും കേരളം തന്നെ ലഭിച്ചു. എം.എസ്. പ്രശാന്ത് (47), ബി. വിഷ്ണു ചന്ദ്രന്‍ (210), കെ.എം. സരയു (220), എ.കെ. കമല്‍ കിഷോര്‍ (370) എന്നിവര്‍ക്ക് തമിഴ്‌നാട് കേഡര്‍ അനുവദിച്ചു. സജു വഹീദിന് (429) ത്രിപുരയാണ് അനുവദിച്ചിട്ടുള്ളത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ വി.ആര്‍.കെ. തേജ (66), തമിഴ്‌നാട് സ്വദേശിയായ എന്‍.എസ്.കെ. ഉമേഷ് (77) എന്നിവര്‍ക്കും കേരള കേഡറാണ് അനുവദിച്ചിട്ടുള്ളത്.


ഒന്നാം റാങ്ക് ജേതാവായ ഇറ സിംഘാളിന് ഡല്‍ഹി കേഡര്‍ തന്നെ ജോലി ലഭിച്ചു. ആദ്യ അഞ്ച് റാങ്കുകാരില്‍ ഒരാള്‍ക്കൊഴികെ  മറ്റെല്ലാവര്‍ക്കും സ്വന്തം ഹോംകേഡറുകള്‍ തന്നെ ലഭിച്ചു. ഡല്‍ഹി സ്വദേശികളായ സിംഘാളിനും നാലാം റാങ്ക് ജേതാവായ വന്ദന റാവുവിനും എ.ജി.എം.യു.ടി (അരുണാചല്‍ പ്രദേശ് ഗോവ മിസോറാം കേന്ദ്രഭരണ പ്രദേശങ്ങള്‍) എന്ന കേഡറാണ് നല്‍കിയത്.

രണ്ടാം റാങ്ക് ജോതാവായ രേണു രാജിന് കേരള കേഡറും അഞ്ചാം റാങ്കുകാരി സുഹര്‍ഷ ഭഗത്തിന് ബീഹാര്‍ കേഡറും ലഭിച്ചു. ഡല്‍ഹി സ്വദേശിനിയായ മൂന്നാം റാങ്ക് ജേതാവ് നിധി ഗുപ്തയ്ക്ക് ഹരിയാന കേഡറാണ് അനുവദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക